'ആദ്യം സ്വയം നന്നാകൂ, എന്നിട്ടാകാം ദൈവഭക്തി'; മോദിയുടെ ഗുരുദ്വാര സന്ദര്‍ശനത്തില്‍ ശിവസേന
national news
'ആദ്യം സ്വയം നന്നാകൂ, എന്നിട്ടാകാം ദൈവഭക്തി'; മോദിയുടെ ഗുരുദ്വാര സന്ദര്‍ശനത്തില്‍ ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd December 2020, 3:04 pm

മുംബൈ: കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുദ്വാര സന്ദര്‍ശിച്ച നടപടിയെ വിമര്‍ശിച്ച് ശിവസേന മുഖപത്രം സാമ്‌ന.

അവനവന്റെ ചിന്തയില്‍ മാറ്റം വരുത്താതെയുള്ള ദൈവഭക്തിയില്‍ കാര്യമൊന്നുമില്ലെന്നാണ് സിഖ് മതത്തില്‍ പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സാമ്‌ന മോദിയുടെ ഗുരുദ്വാര സന്ദര്‍ശനത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

”നരേന്ദ്ര മോദി ഗുരുദ്വാര സന്ദര്‍ശിക്കുമ്പോള്‍ ‘ഗുര്‍ബാനി’ പാരായണം ചെയ്യുന്നുണ്ടായിരുന്നു എന്നാണ് പറയുന്നത്. അവനവന്റെ ചിന്തയില്‍ മാറ്റം വരുത്താതെയുള്ള ദൈവഭക്തിയില്‍ കാര്യമൊന്നുമില്ല.

മതഗ്രന്ഥത്തില്‍ എന്താണ് പറയുന്നതെന്ന് മനസിലാക്കാതെ അത് എത്ര തവണ വായിച്ചിട്ടും കാര്യമില്ലെന്നും ഗുര്‍ബാനിയില്‍ പറയുന്നുണ്ട്. ഗുരു തേഗ് ബഹദൂറില്‍ നിന്ന് നരേന്ദ്ര മോദി പ്രചോദനമുള്‍ക്കൊണ്ടുവെന്ന് പറയുന്നത് കേട്ടു.

ദല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരും ഇതേ ഗുരുവില്‍ നിന്ന് തന്നെ പ്രചോദനമുള്‍ക്കൊണ്ടവരാണ്.ഇതില്‍ ആരു വിജയിക്കുമെന്നത് കാണണം,” സാമ്‌നയില്‍ എഴുതി.

ഡിസംബര്‍ 20 നാണ് നരേന്ദ്ര മോദി ഗുരദ്വാര സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും മോദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

കര്‍ഷക പ്രതിഷേധത്തിന് പരിഹാരം കാണാന്‍ ഒരു തരത്തിലും മുന്‍കൈയെടുക്കാത്ത മോദിയുടെ ഗുരുദ്വാര സന്ദര്‍ശനത്തിനും പിന്നാലെയുള്ള ട്വീറ്റിനുമെതിരെ വലിയ രീതിയിലുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു.
തണുപ്പത്തുകിടന്ന് പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ നേരമില്ലാത്ത മോദിയുടെ ഗുരുദ്വാര സന്ദര്‍ശനം വെറും നാടകമാണെന്നായിരുന്നു കര്‍ഷകരുടെ പ്രതികരണം. നാടകം കളിക്കുകയല്ല നിയമം പിന്‍വലിക്കുകയാണ് വേണ്ടതെന്നും കര്‍ഷകര്‍ പറഞ്ഞിരുന്നു.

കര്‍ഷക സമരം ശക്തമാകുന്നതിനിടെയാണ് അപ്രതീക്ഷിതമായി മോദി സിഖ് മത വിശ്വാസികളുടെ ആരാധനാലയമായ ദല്‍ഹിയിലെ ഗുരുദ്വാര സന്ദര്‍ശിച്ചത്. നേരത്തെ നിശ്ചയിക്കപെടാത്തതിനാല്‍ സന്ദര്‍ശന സമയത്ത് ഗുരുദ്വാരയില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കര്‍ഷക പ്രതിഷേധം കേന്ദ്രത്തിന്റെ കയ്യിലൊതുങ്ങില്ലെന്ന് മനസ്സിലായതോടെ പ്രതിഷേധിക്കുന്ന സിഖ് കര്‍ഷകരെ പ്രീതിപ്പെടുത്താനാണ് മോദിയുടെ ഈ നീക്കമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കാര്‍ഷിക നിയമം കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നും പിന്‍വലിക്കേണ്ട ആവശ്യം ഇല്ലെന്നുമാണ് മോദി നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ വിനയത്തോടെ തല കുനിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മോദി പറഞ്ഞിരുന്നെങ്കിലും അതിനുള്ള നീക്കങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shiv Sena takes a dig at PM over gurdwara visit