Kerala News
കേരളത്തില്‍ വീണ്ടും പേമാരിയും കൊടുങ്കാറ്റും ഉണ്ടാകാന്‍ കാരണം അയ്യപ്പന്റെ ദുഖവും ക്രോധവും: ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 05, 03:23 pm
Friday, 5th October 2018, 8:53 pm

കൊച്ചി: കേരളത്തില്‍ വീണ്ടും പേമാരിയും കൊടുങ്കാറ്റും ഉണ്ടാകാന്‍ കാരണം അയ്യപ്പ സ്വാമിയുടെ ദുഖത്തില്‍ നിന്നും ക്രോധത്തില്‍ നിന്നുമാണെന്ന് ശിവസേന. ശിവസേന കേരള രാജ്യ പ്രമുഖ് എം.എസ് ഭുവനചന്ദ്രന്‍ പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

കേരളത്തില്‍ പ്രളയ സാധ്യത ഉയര്‍ത്തികൊണ്ട് പേമാരിയും കൊടുങ്കാറ്റും ഉണ്ടാകാനുള്ള സാഹചര്യം സൃഷ്ടിച്ചത് അയ്യപ്പ സ്വാമിക്കുണ്ടായിട്ടുള്ള ദുഖത്തില്‍ നിന്നും ക്രോധത്തില്‍ നിന്നുമാണെന്ന് ഭുവനചന്ദ്രന്‍ പറഞ്ഞു.


ഭഗവാനെ വന്ദിക്കേണ്ടവരും ആദരിക്കേണ്ടവരും അദ്ദേഹത്തെ അപമാനിച്ചിരിക്കുകയാണ്. നിത്യ ബ്രഹ്മചാരിയായി യോഗ നിദ്രയിലിരുന്ന ഭഗവാന്റെ നിദ്രക്ക് ഭംഗം വരുത്തിയതാണ് മഹാപ്രളയത്തിലേയ്ക്ക് കേരളത്തെ നയിച്ചതെന്ന് കുറിപ്പില്‍ പറയുന്നു.

ഇതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാത്ത സര്‍ക്കാരും ദേവസ്വം ബോര്‍ഡും കോടതിയും അയ്യപ്പനെ വീണ്ടും അപമാനിച്ചിരിക്കുകയാണ്. ആചാരാനുഷ്ഠാനങ്ങള്‍ അനവസരത്തില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നത് കൂടുതല്‍ കോപം വിളിച്ചു വരുത്തുമെന്നും ഭുവനചന്ദ്രന്‍ പറയുന്നു. സര്‍ക്കാരും ദേവസ്വം ബോര്‍ഡും അയ്യപ്പനെ അവഹേളിക്കുന്നവരും ദൈവ നിന്ദക്ക് മാപ്പപേക്ഷിക്കണമെന്നും ഭുവനചന്ദ്രന്‍ ആവശ്യപ്പെട്ടു.