ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ അടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പുറമേ ഭീകരമെന്നും അഭിമാനം എന്നും തോന്നിക്കുന്ന മെയ്ല്‍ ഈഗോക്കുള്ളിലെ പൊള്ളയായ വശത്തെ തുറന്ന് കാണിക്കുകയായിരുന്നു അടിയിലൂടെ സംവിധായകന്‍ പ്രശോഭ് വിജയന്‍.
ഗൗരവതരമായ വിഷയത്തെ തമാശയ്‌ക്കൊപ്പം കൂട്ടിക്കെട്ടി രസച്ചരട് മുറിക്കാതെ സിനിമയെ നയിക്കുന്നതില്‍ പ്രശോഭ് വിജയന്‍ വിജയിച്ചിട്ടുണ്ട്. കഥാപാത്രങ്ങളുടെ പ്രകടനമാണ് ഇതില്‍ ഒരു പ്രധാന പങ്ക് വഹിച്ചിരിക്കുന്നത്. അതില്‍ തന്നെ എടുത്ത് പറയേണ്ടത് കേന്ദ്രകഥാപാത്രമായ ഷൈന്‍ ടോം ചാക്കോയെ തന്നെയാണ്. പെണ്ണിനെ സംരക്ഷിക്കണമെന്നും വീട്ടുകാരുടെ മുമ്പില്‍ മാനസികമായും ശാരീരികമായും ശക്തനായി തന്നെ നില്‍ക്കണമെന്നുമുള്ള ആണ്‍ബോധത്തെ പേറുന്ന സജീവ് നായരെ ഗംഭീരമായി തന്നെ ഷൈന്‍ അവതരിപ്പിച്ചിട്ടുണ്ട്.
കാലങ്ങള്‍ക്ക് ശേഷം ഷൈന്‍ ടോം ചാക്കോയെ കഥാപാത്രമായി കണാന്‍ പറ്റി എന്നത് തന്നെയാവും അടിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. സമീപകാലത്തിറങ്ങിയ, താരം അഭിനയിച്ച ചിത്രങ്ങളില്‍ ഉയര്‍ന്ന ഏറ്റവും വലിയ വിമര്‍ശനം അഭിമുഖങ്ങളിലൊക്കെ കണ്ട ഷൈന്‍ ടോമിനെ തന്നെ സിനിമയിലും കാണുന്നു എന്നതായിരുന്നു. ക്രിസ്റ്റഫറൊക്കെ ഷൈനെ ഇങ്ങനെ അവതരിപ്പിച്ചതില്‍ എടുത്ത് പറയേണ്ട ചിത്രങ്ങളാണ്. അത് തന്നെയായിരുന്നു ചിത്രം ആവശ്യപ്പെട്ടതെന്നും തോന്നും. നേര്‍ത്ത രൂപത്തില്‍ കൊറോണ പേപ്പേഴ്‌സിലെ കാക്ക പാപ്പിയിലും ഷൈന്‍ ഉണ്ടായിരുന്നു.