ഭീഷ്മ പര്‍വ്വം എന്ന പടത്തിലൂടെ വീണ്ടും കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയിരിക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. പീറ്റര്‍ എന്ന കഥാപാത്രമായി ചിത്രത്തിലുടനീളം മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.
ചിത്രത്തില്‍ അത്യാവശ്യം പെര്‍ഫോം ചെയ്യാനുള്ള കഥാപാത്രം തന്നെയായിരുന്നു ഷൈനിന്റേത്. വില്ലന്‍ കഥാപാത്രത്തെ അതിന്റെ എല്ലാ ഭാവത്തോടെയും സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ എപ്പോഴത്തേയും പോലെ ഭീഷ്മയിലും ഷൈനിന് സാധിച്ചിട്ടുണ്ട്.
ഭീഷ്മ പര്‍വ്വം സെറ്റിലെ മമ്മൂക്കയെ കുറിച്ച് സംസാരിക്കുന്ന ഷൈനിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വെയില്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് ഭീഷ്മ സെറ്റിലെ മമ്മൂക്കയ്‌ക്കൊപ്പമുള്ള അനുഭവം ഷൈന്‍ ടോം ചാക്കോ പങ്കുവെക്കുന്നത്.
അമല്‍ നീരദിന്റ മൂവിയില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്ന മാസ്സും സ്റ്റൈലും ഭീഷ്മയിലുണ്ടെന്നും നല്ല രസമായി കണ്ടിരിക്കാവുന്ന പടം തന്നെയാണ് ഭീഷ്മയെന്നും ഷൈന്‍ ടോം ചാക്കോ പറയുന്നു.
പിന്നെ മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞാല്‍ അസിസ്റ്റന്റ് ഡയരക്ടറായി വര്‍ക്ക് ചെയ്യുന്ന സമയത്ത് കുറച്ച് പേടിയൊക്കെ ഉണ്ടായിരുന്നു. വെറുതെ ആളുകള്‍ ഉണ്ടാക്കിയെടുക്കുന്ന പേടിയാണ് അത്. എല്ലാവരേയും നമ്മള്‍ അങ്ങനെ എപ്പോഴും ചിരിച്ച് കാണില്ലല്ലോ അതുകൊണ്ടൊക്കെ ആയിരിക്കും. ഒരു 20-22 വയസിലെ കാര്യമാണ് ഇത്.
നമ്മളാണെങ്കില്‍ അത്തരത്തില്‍ സീരിയസായിട്ടുള്ള ആള്‍ക്കാരുമായി സംസാരിക്കില്ല. പക്ഷേ അടുത്തെത്തുമ്പോള്‍ പുള്ളിയുടെ അത്ര ഫണ്‍ ആയിട്ടുള്ള ആളുകളില്ല. ഫണ്‍ എന്ന് പറഞ്ഞാല്‍ ചളി കോമഡി അടിക്കുന്ന കാര്യമല്ല കേട്ടോ പറഞ്ഞത്. അദ്ദേഹം എപ്പോഴും ഓണ്‍ ആയിട്ട് ഇരിക്കും. അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുമ്പോള്‍ നമ്മള്‍ ഹാപ്പിയാകും. പിന്നെ ഒരുപാട് കഥകളൊക്കെ പറഞ്ഞ് സംസാരിച്ച് ഇരിക്കാന്‍ പറ്റും, ഷൈന്‍ പറയുന്നു.
ഷെയ്ന്‍ നിഗത്തിനൊപ്പമുള്ള തന്റെ അഭിനയ അനുഭവങ്ങളും ഷൈന്‍ ടോം ചാക്കോ അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്.’ അവന്റെ പ്രായത്തിനേക്കാള്‍ സീരിയസ് ആയിട്ടുള്ള വേഷങ്ങളാണ് അവന്‍ ചെയ്യുന്നത്. എന്നാല്‍ സെറ്റില്‍ എല്ലാവരുമായി അവന്‍ കമ്പനിയാകും. അധികം സംസാരിക്കാതെ കമ്പനിയാകുക എന്നത് ബുദ്ധിമുട്ടാണ്.
ഇഷ്‌ക്കില്‍ ഞാനും അവനും ജാഫറിക്കയുമെല്ലാമാണ് ഉള്ളത്. ജാഫറിക്ക ഉണ്ടെങ്കില്‍ മാത്രമേ അവിടെ എന്തെങ്കിലും ശബ്ദം കേള്‍ക്കുകയുള്ളൂ. അവന്‍ ചെയ്യുന്നത് അങ്ങനത്തെ ടൈപ്പ് പടങ്ങളാണ്. കോമഡി അടിച്ചിരുന്നാല്‍ പെട്ടെന്ന് തന്നെ സീരിയസ് ആവാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ സംഘര്‍ഷത്തിന്റെ ഒരു മൂഡ് അവിടെ ഉണ്ടാകും. പിന്നെ സീരിയസ് ആവുന്നത് നല്ലതാണ്. പൊട്ടന്‍ കളിച്ച് നടക്കേണ്ടതില്ലല്ലോ, ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
കുറുപ്പിലെ ഭാസിപ്പിള്ളയോട് എന്തിനാണ് ദേഷ്യം വരുന്നതെന്നും അദ്ദേഹം എന്താണ് ചെയ്തതെന്നുമായിരുന്നു പിന്നീടുള്ള ഷൈനിന്റെ ചോദ്യം. ‘ആ കഥാപാത്രത്തെ ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നതിന് വേറെ കാര്യമുണ്ട്. ഉദാഹരണം പറഞ്ഞാല്‍ ഒരു നാല് പേര്‍ ഒരുമിച്ച് വരികയാണ്. അതില്‍ ഒരാള്‍ അടിച്ച് ഫിറ്റായിട്ടാണ് വന്നത്. അപ്പോള്‍ ഇതില്‍ നിങ്ങള്‍ ആരെയാണ് കൂടുതല്‍ ശ്രദ്ധിക്കുക? അടിച്ചുഫിറ്റായ ആളെ അല്ലേ. അതാണ് സംഭവം’.
കുറുപ്പിലേക്ക് ദുല്‍ഖറാണ് ഷൈനിനെ സജസ്റ്റ് ചെയ്തത് എന്ന് കേട്ടല്ലോ എന്ന ചോദ്യത്തിന്, പുള്ളിയല്ലേ പ്രൊഡ്യൂസര്‍ അപ്പോള്‍ പുള്ളി അറിയാതെ എങ്ങനെയാണ് കാസ്റ്റിങ് നടക്കുക എന്നായിരുന്നു ഷൈനിന്റെ മറുപടി. കുറുപ്പിന് വേണ്ടി അത്യാവശ്യം നന്നായിട്ട് തന്നെ ദുല്‍ഖര്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
ഡയരക്ഷന്‍ എന്നത് തന്റെ മനസിലില്ലെന്നും അഭിനയത്തോട് ഉള്ള ഇഷ്ടം കൊണ്ടാണ് അസിസ്റ്റന്റ് ഡയരക്ടറാവാന്‍ തീരുമാനിച്ചതെന്നും ഷൈന്‍ പറയുന്നു. അന്നൊന്നും അഭിനയിക്കാന്‍ അവസരം ഉണ്ടായിരുന്നില്ല. പിന്നെ മൂവിയില്‍ തന്നെ നില്‍ക്കണമെന്ന് തീരുമാനിച്ചിരുന്നെന്നും താരം പറഞ്ഞു.
അന്നൊക്കെ ഏതെങ്കിലും തരത്തിലുള്ള കളിയാക്കലുകള്‍ നേരിടേണ്ടി വന്നിരുന്നോ എന്ന ചോദ്യത്തിന് കളിയാക്കുന്നത് അവരുടെ ചിന്തയില്‍ നിന്ന് വരുന്നതല്ലേ അതിന് താനുമായി ഒരു ബന്ധവുമില്ലല്ലോ എന്നായിരുന്നു ഷൈനിന്റെ മറുപടി. നിങ്ങളെ ആരെങ്കിലും കളിയാക്കിയാല്‍ അത് അവന്റെ മാത്രം ചിന്തയാണെന്നും അതിന് നിങ്ങളുമായി ബന്ധമുണ്ടായിരിക്കില്ലെന്നും ഷൈന്‍ പറഞ്ഞു.
Content Highlight: Shine Tom Chacko About mammoottys Comedy Bheeshmaparvam Movie