ന്യൂദല്‍ഹി: യഥാര്‍ത്ഥ ശിവസേന തങ്ങളാണെന്ന് അവകാശപ്പെടാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ വിഭാഗത്തിന് കഴിയില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍.
ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗത്തിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായപ്പോഴാണ് കപില്‍ സിബലിന്റെ
ഈ പരാമര്‍ശം. രാഷ്ട്രീയ പ്രതിസന്ധി സംബന്ധിച്ച് ഏക്നാഥ് ഷിന്‍ഡെ വിഭാഗവും മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിഭാഗവും ഹരജികള്‍ സമര്‍പ്പിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസ് കൃഷ്ണ മുരാരി, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
‘നിങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് അവകാശപ്പെടാന്‍ നിങ്ങള്‍ക്ക് കഴിയില്ല. രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് ഗുവാഹത്തിയില്‍ ഇരുന്ന് നിങ്ങള്‍ പറയുന്നു. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. അല്ലാതെ നിങ്ങള്‍ക്ക് ഗുവാഹത്തിയില്‍ ഇരുന്ന് ഇതൊന്നും പ്രഖ്യാപിക്കാന്‍ കഴിയില്ല.’ കപില്‍ സിബല്‍ പറഞ്ഞു.
‘ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് വാദിക്കാന്‍ ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിന് മുന്നോട്ട് വെക്കാവുന്ന ഏക പ്രതിരോധം അവര്‍ ബി.ജെ.പിയുമായി ലയിച്ചു എന്നതാണ്, എന്നാല്‍ അവരത് പറയുന്നുമില്ല. ‘ ഉദ്ധവ് പക്ഷത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംങ്വി കോടതിയില്‍ പറഞ്ഞു.
മഹാരാഷ്ട്ര ഭരിച്ചിരുന്ന മഹാവികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കി ജൂണിലാണ് ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായത്. അഘാഡി സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായതോടെ ബി.ജെ.പിയുമായി സഖ്യത്തിലെത്തിയ ഷിന്‍ഡെയും സംഘവും വിജയിക്കുകയുമായിരുന്നു.
ശക്തമായ അടിത്തറയില്ലാതെയാണ് മഹാരാഷ്ട്രയില്‍ ഷിന്‍ഡെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്നും, സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ ഉടലെടുക്കുന്ന പ്രശ്നങ്ങള്‍കൊണ്ടുതന്നെ ഷിന്‍ഡെ സര്‍ക്കാര്‍ നിലംപൊത്തുമെന്നും ശിവസേന എം.പി സഞ്ജയ് റാവത്ത് നേരത്തെ പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനരീതിയില്‍ തൃപ്തരല്ലാത്ത എം.എല്‍.എമാരുടെ വലിയൊരു വിഭാഗമുണ്ടെങ്കില്‍, പുതിയ നേതാവിനെ വേണമെന്ന് എന്തുകൊണ്ട് അവര്‍ പറയുന്നില്ല എന്നായിരുന്നു ഹരീഷ് സാല്‍വെ കോടതിയില്‍ ചോദിച്ചത്.
Content Highlight: Shinde faction can’t be called as original party says Kapil Sibal