ഒരു ഷോട്ട് മിസ്സാക്കിയതിന് ഇത്രയും നിരാശയോ? അവസാന ഓവറില്‍ ആര്‍ത്തു വിളിച്ച് ഹെറ്റ്‌മെയര്‍
IPL
ഒരു ഷോട്ട് മിസ്സാക്കിയതിന് ഇത്രയും നിരാശയോ? അവസാന ഓവറില്‍ ആര്‍ത്തു വിളിച്ച് ഹെറ്റ്‌മെയര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 18th April 2022, 10:41 pm

രാജസ്ഥാന്‍ റോയല്‍സിന്റെ വിശ്വസ്തനാണ് ഷിംറോണ്‍ ഹെറ്റ്‌മെയര്‍. മധ്യനിരയില്‍ ആളിക്കത്തുന്ന, ഫിനിഷറുടെ റോള്‍ കൃത്യമായി തന്നെ നിര്‍വഹിക്കുന്ന ഈ വെസ്റ്റ് ഇന്‍ഡീസുകാരന്‍ കാണികളുടെ ആവേശവും ആരാധനാപാത്രവുമാണ്.

രാജസ്ഥാനൊപ്പം ചേര്‍ന്നതിന് പിന്നാലെ തന്റെ മുടിയുടെ നിറം മാറ്റി പിങ്ക് നിറമടിച്ച് ടീമിനോടുള്ള സ്‌നേഹം വ്യക്തമാക്കിയ ഹെറ്റിയെ ആരാധകര്‍ ഇരുകൈയും നീട്ടിയായിരുന്നു സ്വീകരിച്ചത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള മത്സരത്തിലും മാരക പ്രകടനമായിരുന്നു താരം പുറത്തെടുത്തത്. 13 പന്തില്‍ നിന്നും രണ്ട് വീതം ഫോറും സിക്‌സറും പറത്തി 200 സ്‌ട്രൈക്ക് റേറ്റില്‍ 26 റണ്‍സായിരുന്നു താരം സ്വന്തമാക്കിയത്.

രാജസ്ഥാന്റെ ബാറ്റിംഗ് അവസാനിച്ചതിന് പിന്നാലെ ഹെറ്റ്‌മെയറിന്റെ ഒരു വീഡിയോ ആണ് തരംഗമാവുന്നത്. രാജസ്ഥാന്‍ ഇന്നിംഗ്‌സിലെ അവസാന ഓവറിലാണ് കാണികളെ രസിപ്പിച്ച സംഭവം അരങ്ങേറിയത്.

റസല്‍ എറിഞ്ഞ ഷോര്‍ട്ട് ഡെലിവറി ആഞ്ഞടിക്കാന്‍ ഹെറ്റ്‌മെയര്‍ ശ്രമിച്ചെങ്കിലും പന്തില്‍ കൊള്ളാതെ പോവുകയായിരുന്നു. ഇതിന്റെ നിരാശയില്‍ താരം ആര്‍ത്തു വിളിക്കുകയും നിരാശ പ്രകടമാക്കുകയുമായിരുന്നു. താരത്തിന്റെ അലര്‍ച്ച സ്റ്റംപ് മൈക്ക് കൃത്യമായി ഒപ്പിയെടുത്തതോടെയാണ് ചിരിക്ക് വഴിവെച്ചത്.

അതേസമയം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കൂറ്റന്‍ സ്‌കോറാണ് രാജസ്ഥാന്‍ പടുത്തുയര്‍ത്തിയത്. സീസണിലെ ഏറ്റവുമുയര്‍ന്ന, 217 എന്ന റണ്‍മലയാണ് റോയല്‍സ് കെ.കെ.ആറിന് മുമ്പില്‍ വെച്ചത്.

ജോസ് ബട്‌ലറിന്റെ രണ്ടാം സെഞ്ച്വറി മികവിലാണ് രാജസ്ഥാന്‍ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 61 പന്തില്‍ ഒന്‍പത് ഫോറും അഞ്ച് സിക്സും സഹിതം 103 റണ്‍സാണ് ജോസ് ബട്ലര്‍ സ്വന്തമാക്കിയത്. താരത്തിന്റെ സീസണിലെ രണ്ടാമത്തെ സെഞ്ച്വറിയാണിത്. ഇതോടെ ഓറഞ്ച് ക്യാപ്പ് പോരാട്ടത്തില്‍ ബട്ലര്‍ ബഹുദൂരം മുന്നിലെത്തി.

ഇവര്‍ക്ക് പുറമെ ടീമിലെ എല്ലാ സൂപ്പര്‍ താരങ്ങളും ആളിക്കത്തിയിരുന്നു. നായകന്‍ സഞ്ജു സാംസണ്‍ 19 പന്തില്‍ നിന്നും 200 സ്‌ട്രൈക്ക് റേറ്റില്‍ 38 റണ്‍സടിച്ചപ്പോള്‍ ദേവ്ദത്ത് പടിക്കല്‍ 18 പന്തില്‍ നിന്നും 24 റണ്‍സ് സ്വന്തമാക്കി.

കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയെന്‍ നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ശിവം മാവി, പാറ്റ് കമ്മിന്‍സ്, ആന്ദ്രേ റസ്സല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Content highlight: Shimron Hetmyer screams in disappointment after missing out on a short ball vs KKR