മകള്‍ കരഞ്ഞാണ് വിളിക്കാറുള്ളത്, ഇനിയും നിന്നാല്‍ ഭര്‍ത്താവ് എന്നെ കൊല്ലുമെന്ന് പറഞ്ഞു: യു.കെയിൽ കൊല്ലപ്പെട്ട ഹർഷിത ബ്രെല്ലയുടെ അമ്മ
national news
മകള്‍ കരഞ്ഞാണ് വിളിക്കാറുള്ളത്, ഇനിയും നിന്നാല്‍ ഭര്‍ത്താവ് എന്നെ കൊല്ലുമെന്ന് പറഞ്ഞു: യു.കെയിൽ കൊല്ലപ്പെട്ട ഹർഷിത ബ്രെല്ലയുടെ അമ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th December 2024, 9:40 pm

ന്യൂദൽഹി: ലണ്ടനില്‍ ഇന്ത്യന്‍ യുവതിയെ കാറിന്റെ ഡിക്കിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംശയമുന യുവതിയുടെ ഭര്‍ത്താവിനടുത്തേക്ക്. തന്റെ ഭര്‍ത്താവ് തന്നെ കൊല്ലുമെന്ന് യുവതി മരിക്കുന്നതിന് മുന്‍പ് തന്നെ വിളിച്ച് പറഞ്ഞിരുന്നതായി മാതാവ് വെളിപ്പെടുത്തി.

നവംബർ 10 ന് നോർത്താംപ്ടൺഷയറിലെ കോർബിയിൽ വെച്ച് 24 കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇൽഫോർഡിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് യു.കെ പൊലീസ് വിശ്വസിക്കുന്നുണ്ടെങ്കിലും കിഴക്കൻ ലണ്ടനിൽ ഉപേക്ഷിച്ച കാറിൻ്റെ ഡിക്കിയിലാണ് ഹർഷിതയുടെ മൃതദേഹം കണ്ടെത്തിയത്.

ഹർഷിതയുടെ ഭർത്താവ് പങ്കജ് ലാംബയാണ് കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് പറഞ്ഞു. ദൽഹി സ്വദേശിനിയാണ് ഹര്‍ഷിത. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഇവര്‍ ലണ്ടനിലെത്തുന്നത്. ആഗസ്റ്റിലായിരുന്നു ഹര്‍ഷിതയുടേയും പങ്കജ് ലാംബയുടേയും വിവാഹം. കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുന്‍പ് വിളിച്ചപ്പോള്‍ താനിനി ഭര്‍ത്താവിനടുത്തേക്ക് പോകില്ലെന്നും പോയാല്‍ അയാള്‍ തന്നെ കൊല്ലുമെന്നും മകള്‍ പറഞ്ഞതായി ഹര്‍ഷിതയുടെ അമ്മ ബി.ബി.സിയോട് വെളിപ്പെടുത്തി.

ലാംബ നിലവില്‍ ഇന്ത്യയിലേക്ക് കടന്നെന്നാണ് കരുതുന്നതെന്നും എന്നാല്‍ ദൽഹി പൊലീസ് തന്റെ പരാതി ചെവിക്കൊള്ളുന്നില്ലെന്നും മാതാവ് ആരോപിച്ചു. എന്നാല്‍ വിഷയത്തില്‍ ഇടപെടാന്‍ യു.കെ പൊലീസ് തങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ദൽഹി പൊലീസിന്റെ വിശദീകരണം. ലണ്ടനില്‍ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് മനസിലാക്കുന്നതെന്നും ദൽഹി പൊലീസ് പറഞ്ഞു.

Content Highlight : She said her husband would kill her’: Mother of Harshita Brella, who was murdered in UK