ന്യൂദല്‍ഹി: കെ റെയില്‍ പദ്ധതിക്കെതിരായ യു.ഡി.എഫ് എം.പിമാരുടെ നിവേദനത്തില്‍ ഒപ്പുവെക്കാതെ ശശി തരൂര്‍ എം.പി. യു.ഡി.എഫ് എം.പിമാര്‍ റെയില്‍വെ മന്ത്രിക്ക് നല്‍കിയ നിവേദനത്തിലാണ് ശശി തരൂര്‍ എം.പി ഒപ്പുവെക്കാതിരുന്നത്.
കെ റെയില്‍ പദ്ധതി സംബന്ധിച്ച് കൂടുതല്‍ പഠനം വേണമെന്നാണ് ശശി തരൂരിന്റെ നിലപാട്. ഇതാണ് നിവേദനത്തില്‍ തരൂര്‍ ഒപ്പിടാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
യു.ഡി.എഫിന്റെ മറ്റ് പതിനെട്ട് എം.പിമാരും നിവേദനത്തില്‍ ഒപ്പുവച്ചു. പുതുച്ചേരി എം.പി വി. വൈദ്യലിംഗവും നിവേദനത്തില്‍ ഒപ്പിട്ടു.
കെ റയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ പ്രത്യക്ഷ സമരത്തിന് പ്രതിപക്ഷം തയ്യാറെടുക്കവെയാണ് ശശി തരൂര്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത്.
റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവുമായി യു.ഡി.എഫ് എം.പിമാര്‍ ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. കെ. റെയില്‍ നടപ്പിലാക്കരുതെന്നുള്ള ഒരു കത്തും എം.പിമാര്‍ കൈമാറി.
പദ്ധതി നടപ്പാക്കരുതെന്നാണ് യു.ഡിഎഫ് എം.പിമാരുടെ ആവശ്യം. പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ സഹകരിക്കരുതെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.