ന്യൂദല്‍ഹി: ജിതിന്‍ പ്രസാദ ബി.ജെ.പിയില്‍ ചേര്‍ന്ന സംഭവം ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. വ്യക്തിപരമായ ഒരു വിദ്വേഷവുമില്ലാതെയാണ് താനിത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്കെതിരായ വലിയ ശബ്ദങ്ങളായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയും ജിതിന്‍ പ്രസാദയും ബി.ജെ.പിയുടെ കൂട്ടിലേക്കു തന്നെ പോവുകയും അതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുകയാണെന്നും തരൂര്‍ പറഞ്ഞു. ദി ക്വിന്റില്‍ എഴുതിയ എഴുതിയ ലേഖനത്തിലായിരുന്നു തരൂരിന്റെ പ്രതികരണം.
ഐ.പി.എല്‍. കളി പോലാകരുത് രാഷ്ട്രീയം എന്നും തരൂര്‍ പറഞ്ഞു.
‘ഒരു വര്‍ഷം ഒരു ടീമിനുവേണ്ടിയും അടുത്ത വര്‍ഷം മറ്റൊരു ടീമിനു വേണ്ടിയും കളിക്കുന്ന ഐ.പി.എല്‍. പോലെ ആകരുത് രാഷ്ട്രീയം. ലേബലും ജഴ്‌സിയും സഹകളിക്കാരുമല്ലാതെ ഐ.പി.എല്ലില്‍ ഒരാള്‍ക്ക് തെരഞ്ഞെടുക്കാന്‍ ഒന്നുമില്ല. എന്നാല്‍ രാഷ്ട്രീയം അതുപോലെയല്ല. തത്വപരവും വിശ്വാസപരവുമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ തെരഞ്ഞെടുക്കുന്നതിലുണ്ട്,’ തരൂര്‍ പറഞ്ഞു.
കരിയര്‍ അധിഷ്ഠിത രാഷ്ട്രീയ പ്രവര്‍ത്തനമാണ് അടുത്ത കാലത്തായി കണ്ടു വരുന്നതെന്നും തരൂര്‍ വിമര്‍ശിച്ചു. അവര്‍ പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ പ്രൊഫഷനായി കണ്ട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തില്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നവര്‍ അടുത്ത തെരഞ്ഞെടുപ്പിനപ്പുറം ഒന്നും ചിന്തിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ കേന്ദ്രമന്ത്രിയായിരുന്ന ജിതിന്‍ പ്രസാദ ബുധനാഴ്ചയാണു ബി.ജെ.പി. അംഗത്വം എടുത്തത്. പാര്‍ട്ടിയില്‍ ചേരുന്നതിനു മുമ്പായി ജിതിന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
ബംഗാളിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. രാജ്യത്തെ ഒരേയൊരു ദേശീയ പാര്‍ട്ടി ബി.ജെ.പിയാണെന്നാണ് അംഗത്വം സ്വീകരിച്ചു കൊണ്ട് ജിതിന്‍പ്രസാദ പറഞ്ഞത്. ജനങ്ങളെ സഹായിക്കാന്‍ കഴിയാത്ത ഒരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ കാര്യമില്ലെന്ന് തോന്നിയിട്ടാണ് കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചതെന്നും ജിതിന്‍ പ്രസാദ പറഞ്ഞിരുന്നു.