തിരുവനന്തപുരം: പത്തനംതിട്ടയില്‍ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ തുടര്‍ന്ന് ഡോ. തോമസ് ഐസകിനെതിരായ പരിഹാസത്തിന് മറുപടി നല്‍കി ഐസക്. എക്‌സ് പ്ലാറ്റ് ഫോമിലായിരുന്നു തോമസ് ഐസക് ശുചിമുറി വൃത്തിയാക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ട് ജൂണ്‍ നാലിന് ശേഷം അദ്ദേഹത്തിന് ഇനി ഇതായിരിക്കും ജോലിയെന്ന് പരിഹസിച്ചത്.
ഈ പോസ്റ്റിനാണ് ഐസക് മറുപടി നല്‍കിയത്. എം.പിയായാലും ഇല്ലെങ്കിലും കേരളത്തിലെ ശുചിത്വ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായി താന്‍ ഉണ്ടാകുമെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. ഇത് സംബന്ധിച്ച് ഫേസ്ബുക്കില്‍ അദ്ദേഹം വിശദീകരണവും നല്‍കിയിട്ടുണ്ട്. എക്‌സിറ്റ് പോള്‍ ഫലങ്ങളെ തുടര്‍ന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആഹ്ലാദത്തിലാണെന്നും ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞാല്‍ അറിയാന്‍ പോകുന്ന കാര്യമായത് കൊണ്ട് അത് നടക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
തോമസ് ഐസക് മന്ത്രിയായിരുന്ന ഘട്ടത്തില്‍ കലവൂര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തെ പരിഹസിച്ചിരിക്കുന്നത്. സ്‌കൂള്‍ സന്ദര്‍ശിക്കുന്ന ഘട്ടത്തില്‍ അവിടുത്തെ ശുചിമുറി വൃത്തികേടായിരിക്കുകയും അത് അദ്ദേഹം മുന്‍കൈയെടുത്ത് വൃത്തിയാക്കുകയും ചെയ്യുന്നതാണ് ചിത്രം. ഈ ചിത്രം അക്കാലത്ത് തന്നെ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ഈ ചിത്രമാണ് ഇപ്പോള്‍ അദ്ദേഹത്തെ പരിഹസിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തലത്തെ കുറിച്ച് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഡോ. തോമസ് ഐസകിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം
മനോരമ സര്‍വ്വേയെ തുടര്‍ന്ന് സംഘികള്‍ അര്‍മാദത്തിലാണ്. പത്തനംതിട്ടയില്‍ ഞാന്‍ മൂന്നാംസ്ഥാനത്ത് ആണത്രേ. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് അറിയാന്‍ പോകുന്ന കാര്യമല്ലേ. അതുകൊണ്ട് അത് അവിടെ നില്‍ക്കട്ടെ.
ഒരു സംഘിയുടെ പ്രതികരണം ഇങ്ങനെയാണ് ‘After June 4th’ എന്ന ക്യാപ്ഷനോടുകൂടി X-ല്‍ എന്റെ പഴയൊരു പടം എന്നെ ടാഗ് ചെയ്തിരിക്കുകയാണ്. ജൂണ്‍ 4-ാം തീയതി കഴിഞ്ഞാല്‍ എന്റെ പണി ഇതായിരിക്കുമെന്നാണ് അയാളുടെ ട്വീറ്റ്. സംഘിയുടെ ചിന്തയില്‍ ശുചീകരണമാണ് ഏറ്റവും മോശവും അപമാനകരവുമായ ജോലി. X-ല്‍ എന്റെ മറുപടി ഇതായിരുന്നു: ഇനി എംപി ആയാലും ഇല്ലെങ്കിലും ഞാന്‍ കേരളത്തിന്റെ ശുചിത്വ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തകനായി ഉണ്ടാകും.
കലവൂര്‍ സ്‌കൂളില്‍ സ്‌കൂള്‍ പരിസരവുമെല്ലാം വൃത്തിയാക്കിയശേഷമുള്ള ശുചിത്വദിനാചരണ ചടങ്ങിനു പോയതാണ്. അവിടെച്ചെന്ന ഞാന്‍ ആദ്യം പറഞ്ഞത് കുട്ടികളുടെ ടോയിലറ്റ് കാണണമെന്നാണ്. ക്ലാസ് മുറികളും സ്‌കൂള്‍ പരിസരവുമെല്ലാം പരിപൂര്‍ണ്ണമായി വൃത്തിയാക്കിയിട്ടുണ്ട്. പക്ഷേ, ടോയിലറ്റ് അഴുക്കുപിടിച്ച് കിടക്കുകയായിരുന്നു. മൂലയ്ക്കിരുന്ന ചൂലെടുത്ത് ഞാന്‍ വൃത്തിയാക്കാന്‍ ആരംഭിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ ചില അധ്യാപകരും രക്ഷാകര്‍ത്താക്കളും കൂടെച്ചേര്‍ന്നു. തുടര്‍ന്ന് ക്ലീനിംഗ് ഉപകരണങ്ങളും ലോഷനുമെല്ലാം എത്തി. എല്ലാവരുംകൂടി ടോയിലറ്റ് പരിപൂര്‍ണ്ണമായി ശുചീകരിച്ചശേഷമാണ് യോഗം ആരംഭിച്ചത്.
സംഘിക്ക് ഇതിനെക്കുറിച്ചൊക്കെ എന്ത് അറിയാം?
content highlights: shared a picture of Thomas Isaac him cleaning the toilet and teased; The answer is that this work will continue whether MP or not