ആ യുവനടന്മാർക്കൊപ്പം അഭിനയിച്ചപ്പോഴാണ് എന്റെ ചിന്താഗതിയിൽ വലിയ മാറ്റം ഉണ്ടായത്: ഷറഫുദ്ദീൻ
Entertainment
ആ യുവനടന്മാർക്കൊപ്പം അഭിനയിച്ചപ്പോഴാണ് എന്റെ ചിന്താഗതിയിൽ വലിയ മാറ്റം ഉണ്ടായത്: ഷറഫുദ്ദീൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 11th October 2024, 9:35 am

അൽഫോൺസ് പുത്രൻ ഒരുക്കിയ പ്രേമം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിലെ ഗിരിരാജൻ കോഴി എന്ന കഥാപാത്രമായി മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്ത നടനാണ് ഷറഫുദ്ദീൻ. ഹാസ്യ വേഷങ്ങളിൽ തന്റെ കരിയർ ആരംഭിച്ച് നിലവിൽ ഒരു നായക നടനായി ഉയർന്നിരിക്കുമ്പോൾ വ്യത്യസ്തങ്ങളായ പല കഥാപാത്രങ്ങൾ ഷറഫുദ്ദീൻ എന്ന നടൻ അഭിനയിച്ചിട്ടുണ്ട്.

ഷറഫുദ്ദീന്റെ സ്ഥിരം കഥാപാത്രങ്ങളിൽ നിന്നുള്ള ഒരു കൂടുമാറ്റമായിരുന്നു അമൽ നീരദ് ഒരുക്കിയ വരത്തനിലെ ജോസി എന്ന വേഷം. അന്ന് വരെ പ്രേക്ഷകർ കണ്ടതിൽ നിന്ന് പൂർണമായി വ്യത്യസ്തമായി ഒരു മുഴുനീള നെഗറ്റീവ് വേഷത്തിൽ ആയിരുന്നു ഷറഫുദ്ദീൻ ആ ചിത്രത്തിൽ എത്തിയത്.

വരത്തൻ എന്ന ചിത്രമാണ് പ്രേക്ഷകർക്കിടയിൽ ഷറഫുദ്ദീൻ എന്ന പേര് അടയാളപ്പെടുത്തിയതെന്നും അതുവരെ താൻ എല്ലാവർക്കും ഗിരിരാജൻ കോഴിയായിരുന്നുവെന്നും ഷറഫുദ്ദീൻ പറയുന്നു. തന്റെ ചിന്താഗതിയിൽ മാറ്റം വരാൻ തുടങ്ങിയത് വിനായകൻ, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പം അഭിനയിച്ചപ്പോഴാണെന്നും ഷറഫുദ്ദീൻ പറയുന്നു. സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട്‌ സംസാരിക്കുകയായിരുന്നു ഷറഫുദ്ദീൻ.

‘പ്രേമത്തിലെ ഗിരിരാജൻ കോഴി എന്ന കഥാപാത്രമാണ് എനിക്ക് പ്രേക്ഷകരുടെ മനസിലേക്കുള്ള വാതിൽ തുറന്നു തന്നത്. അതിലെ ഡയലോഗ്, ട്രോളൻമാരൊക്കെ ഇപ്പോഴും ഉപയോഗിക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. പക്ഷേ, ഗിരിരാജൻ കോഴി ഹിറ്റായതോടെ അത്തരം കഥാപാത്രങ്ങളിൽ ഞാൻ എന്നും തളച്ചിടപ്പെടുമോയെന്ന പേടിയുണ്ടായിരുന്നു.

എന്നാൽ ഫഹദ് ഫാസിൽ, വിനായകൻ തുടങ്ങിയ നടൻമാർക്കൊപ്പം പിന്നീട് ചില സിനിമകൾ ചെയ്യാൻ കഴിഞ്ഞതോടെ എന്റെ ചിന്താഗതികളിൽ വലിയ മാറ്റമുണ്ടായി. അവരൊക്കെ കഥാപാത്രങ്ങളെ സമീപിക്കുന്ന രീതിയും അവതരിപ്പിക്കുന്ന ശൈലിയുമൊക്കെ എന്നെ സംബന്ധിച്ചിടത്തോളം വലിയ പാഠപുസ്‌തകങ്ങളായിരുന്നു.

സംവിധായകൻ അമൽ നീരദ് ‘വരത്തൻ’ എന്ന സിനിമയിലൂടെ എനിക്കു തന്ന കഥാപാത്രമായ ജോസി അത്തരം പഠനങ്ങളുടെ തുടക്കമായിരുന്നു. സത്യത്തിൽ എന്നെ ആളുകൾ ഷറഫുദ്ദീൻ എന്നു വിളിച്ചു തുടങ്ങിയത് വരത്തൻ എന്ന സിനിമയിലൂടെയാണ്. അതുവരെ ഗിരിരാജൻ കോഴി ആയിരുന്നു ഞാൻ എല്ലാവർക്കും,’ ഷറഫുദ്ദീൻ പറയുന്നു.

 

Content Highlight: Sharafudheen Talk About Fahad Fazil And Vinayakan