നാഗ്പൂര്‍: അനില്‍ ദേശ്മുഖിനെ ജയിലിലടച്ചവര്‍ അതിന്റെ ഫലം അനുഭവിക്കുമെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍. ബുധനാഴ്ച നാഗ്പൂരില്‍ ചേര്‍ന്ന റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് കേന്ദ്രത്തിനെതിരെ പവാര്‍ ആഞ്ഞടിച്ചത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര മുന്‍ ആഭ്യന്തമന്ത്രി അനില്‍ ദേശ്മുഖ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
അനില്‍ ദേശ്മുഖിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച മുന്‍ മുംബൈ പൊലീസ് ഓഫീസര്‍ പരംബീര്‍ സിങ് എവിടെയാണെന്നും പവാര്‍ ചോദിച്ചു. പരംബീറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് അനില്‍ ദേശ്മുഖ് ആഭ്യന്തര മന്ത്രി പദം രാജി വെച്ചത്. എന്നാല്‍ ഇതിന് പിന്നാലെ പരംബീറിനെ കാണാതായിരുന്നു.
‘അനില്‍ ദേശ്മുഖ് ചെയ്ത കുറ്റം എന്തായിരുന്നു? ഒരിക്കല്‍ പരംബീര്‍ സിങ് എന്നെ കാണാന്‍ വന്നിരുന്നു. അനില്‍ ദേശ്മുഖിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ പണം തട്ടിയെടുക്കാന്‍ അനില്‍ നിര്‍ദേശം നല്‍കിയെന്നും എന്നാല്‍ താന്‍ പാലിച്ചില്ല എന്നും പറഞ്ഞു. അനില്‍ പറഞ്ഞ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ അയാള്‍ എങ്ങനെ കുറ്റക്കാരനാകും’ പവാര്‍ ചോദിച്ചു.
മുംബൈയിലെ ബിസിനസുകാരില്‍ നിന്നും 100 കോടി തട്ടിയെടുക്കാനായിരുന്നു അനില്‍ ദേശ്മുഖ് തനിക്ക് നിര്‍ദേശം നല്‍കിയതെന്നായിരുന്നു പരംബീര്‍ സിങിന്റെ ആരോപണം.
മുംബൈയിലെ അനില്‍ അംബാനിയുടെ വസതിയായ കോര്‍ഡിലിയായുടെ സമീപത്ത് നിന്നും സ്ഫോടന വസ്തുക്കള്‍ കണ്ടെടുത്തതിന് ശേഷമായിരുന്നു മുംബൈ പൊലീസ് കമ്മീഷണറായി പരംബീറിനെ നിയോഗിച്ചത്.
‘നിങ്ങള്‍ പരംബീറിനെതിരെ വ്യജപ്രചരണം നടത്തുകയും ഒരു പൊലീസ് ഓഫീസറെ എന്റയടുത്തേക്ക് പറഞ്ഞയക്കുകയും ചെയ്തു. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അദ്ദേഹം സ്ഥാനമൊഴിയുകയും ചെയ്തു.
ഞങ്ങള്‍ മിണ്ടാതിരിക്കുമെന്ന് കരുതേണ്ട. അദ്ദേഹം ജയിലിലായിരിക്കുന്ന ഓരോ മണിക്കൂറിനും ഓരോ ദിവസത്തിനും നിങ്ങള്‍ വില നല്‍കേണ്ടി വരും’ ബി.ജെ.പിയുടെ പേരെടുത്ത് പറയാതെ പവാര്‍ വിമര്‍ശിച്ചു.