Kerala News
മെത്രാന്മാർ കാസയുടെ ഭാഷയിൽ സംസാരിക്കുന്നു, വലതുപക്ഷ തീവ്രവാദ പാർട്ടിയായി സഭ മാറരുത്, ലവ് ജിഹാദെന്ന വാക്ക് ഉപയോഗിക്കരുതായിരുന്നു: ഫാ. പോൾ തേലക്കാട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 10, 02:33 am
Thursday, 10th April 2025, 8:03 am

തിരുവനന്തപുരം: കത്തോലിക്കാ സഭ നേതൃത്വത്തെ അതിരൂക്ഷമായി വിമർശിച്ച് സത്യദീപം എഡിറ്ററും സീറോ മലബാർ സഭാ മുൻ വക്താവുമായ പോൾ തേലക്കാട്. വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കണമെന്ന് സഭ നേതൃത്വം ആവശ്യപ്പെട്ടത് തെറ്റാണെന്നും ലവ് ജിഹാദെന്ന വാക്ക് മെത്രാന്മാരും സിനഡും പറയാൻ പാടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് മലയാളത്തിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുമെന്ന് പറഞ്ഞത് അബദ്ധമാണെന്നും കാസയുടെ രൂപീകരണം സഭയുടെ പരാജയമാണെന്നും അദ്ദേഹം വിമർശിച്ചു. കത്തോലിക്കാ സഭക്ക് വളരെ ഹയരാർക്കികളായിട്ടുള്ള നിയമങ്ങളുണ്ട് അതിന് കാനൻ നിയമം എന്നാണ് പറയുക. ഈ കാനൻ നിയമത്തിൽ പറയുന്നത് സ്ഥലത്തെ നിയമങ്ങൾ അനുസരിച്ച് വേണം ഭൂമി, സമ്പത്ത് തുടങ്ങിയവയുടെ കൈകാര്യം എന്നാണ്.

പക്ഷെ കൈകാര്യം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വവും അതിന്റെ രീതിയും കാനൻ നിയമത്തിൽ പറഞ്ഞ് വെച്ചിട്ടുണ്ട്. ആ നിയമം ലംഘിക്കപ്പെട്ടാൽ നൽകേണ്ട ശിക്ഷ നടപടികൾ വരെ അതിലുണ്ട്. അതുകൊണ്ട് കൃത്യമായൊരു നിയമ സംഹിത നിലവിലുള്ളപ്പോൾ മറ്റൊരു നിയമ സംഹിതയുടെ ആവിശ്യം ഇല്ല. ചർച്ച് ബോർഡ് പോലൊരു സംവിധാനത്തിന്റെ ആവശ്യമില്ലെന്ന് താൻ വിശ്വസിക്കുന്നുവെന്നും അത്തരമൊരു ബോർഡ് വന്നാൽ കക്ഷി രാഷ്ട്രീയം എളുപ്പത്തിൽ സഭയിലേക്ക് കടന്ന് കയറുമെന്നും അദ്ദേഹം പറഞ്ഞു.

‘സഭയും മതവും രാഷ്ട്രീയത്തിൽ ഇടപെടാതെ ആരോഗ്യപരമായ അകലത്തിൽ നിന്നുകൊണ്ട് പക്വമായ വിധത്തിൽ അത് കൈകാര്യം ചെയ്യുകയും വേണ്ട നിർദേശങ്ങൾ വേണ്ട സമയത്ത് കൊടുക്കുകയും വിമർശങ്ങൾ ഉന്നയിക്കുകയും ചെയ്ത വലിയ പാരമ്പര്യം കേരളത്തിലെ കത്തോലിക്കാ സഭക്കുണ്ട്. ആ പാരമ്പര്യം ഇപ്പോഴത്തെ മെത്രാന്മാർ മനസിലാക്കണം. അത് പിന്തുടരണം. ചില പിതാക്കന്മാർ പാർട്ടി ഉണ്ടാക്കുമെന്ന് പറയുന്നത് ഞാൻ കേട്ടു. കത്തോലിക്കാ സഭയുടെ മെത്രാന്മാർക്കുള്ള നിർദേശങ്ങൾ മനസിലാക്കാതെയാണ് അവർ പറഞ്ഞതെന്നാണ് എനിക്ക് തോന്നുന്നത്. ഇത്തരത്തിലുള്ള അബദ്ധങ്ങൾ പറയാതിരിക്കാനും പക്വമായി കാര്യങ്ങൾ നേരിടാനുള്ള വിവേകവും അവർക്ക് ആവശ്യമാണ്.

കത്തോലിക്കാ സഭയിൽ വലതുപക്ഷ മൗലീകവാദങ്ങൾ പോലുള്ള കോപ്രായങ്ങൾ ഈ അടുത്താണ് കടന്നുവന്നത്. ഇത് വളരെ ദുഖകരമാണ്. ഒരു മത സമൂഹത്തെ വെറുക്കുന്ന കക്ഷികൾ ഇവിടെയുണ്ട്. അത് കത്തോലിക്കാ സഭയിലേക്ക് കടന്ന് വന്ന ഒരു സംഘടനയുണ്ടാക്കി എന്നത് തന്നെ വലിയൊരു പരാജയമാണ്. എന്നെ അത്ഭുതപ്പെടുത്തുന്നത് ആ കാസയുടെ ഭാഷയിൽ തന്നെ മെത്രാന്മാർ സംസാരിക്കാൻ തുടങ്ങുന്നു എന്നതാണ്. ഇതൊക്കെ വിനാശകരമാണ്.

ലവ് ജിജിഹാദെന്ന വാക്ക് മെത്രാന്മാരും സിനഡും ഒരിക്കലും പറയാൻ പാടില്ലായിരുന്നു,’ അദ്ദേഹം പറഞ്ഞു.

 

Content Highlight: Bishops speak the language of Casa, the Church has become a right-wing extremist party, the word love jihad should not have been used: Fr. Paul Thelakkad