എം. സ്വരാജിനൊപ്പമുള്ള ചിത്രം ഉപയോഗിച്ച് അപവാദപ്രചരണം: മനോരമ ന്യൂസിലെ ഷാനി പ്രഭാരന്‍ ഡി.ജി.പിയ്ക്ക് പരാതി നല്‍കി
Women Abuse
എം. സ്വരാജിനൊപ്പമുള്ള ചിത്രം ഉപയോഗിച്ച് അപവാദപ്രചരണം: മനോരമ ന്യൂസിലെ ഷാനി പ്രഭാരന്‍ ഡി.ജി.പിയ്ക്ക് പരാതി നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th January 2018, 10:00 pm

കൊച്ചി: തൃപ്പൂണിത്തുറ എം.എല്‍.എ എം. സ്വരാജിനൊപ്പം ലിഫ്റ്റില്‍ നില്‍ക്കുന്ന ചിത്രം ഉപയോഗിച്ച് തനിക്കെതിരെ അപവാദപ്രചരണം നടത്തുന്നതിനെതിരെ മനോരമ ന്യൂസിലെ മാധ്യമപ്രവര്‍ത്തകയായ ഷാനി പ്രഭാകരന്‍ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കി. അപവാദപ്രചരണം നടത്താനായി ഉപയോഗിച്ചിരിക്കുന്ന പോസ്റ്റുകളുടെ ലിങ്കുകളും മറ്റ് വിശദാംശങ്ങളും ഉള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഷാനി തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.


Also Read: ഉല്‍പ്പന്നങ്ങളില്‍ അനുവദിനീയമായതിലും അധികം രാസവസ്തുക്കള്‍; ബാബാ രാംദേവിന്റെ ‘പതഞ്ജലി’ ഉല്‍പ്പന്നങ്ങള്‍ ഖത്തര്‍ നിരോധിച്ചു


അപകീര്‍ത്തികരമായ പോസ്റ്റുകളുമായി ഒരുസംഘം ആളുകള്‍ ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും അപവാദപ്രചരണം നടത്തുന്നുവെന്ന് പരാതിയില്‍ ഷാനി പ്രഭാകരന്‍ പറയുന്നു. സുഹൃത്തും എം.എല്‍.എയുമായ എം. സ്വരാജിനൊപ്പം ലിഫ്റ്റില്‍ നില്‍ക്കുന്ന ചിത്രം ഉപയോഗിച്ചാണ് മോശമായ രീതിയിലുള്ള സംഘടിത പ്രചരണം. ലൈംഗികച്ചുവയോടെയുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെയാണ് അധിക്ഷേപമെന്നും പരാതിയില്‍ പറയുന്നു.


Don”t Miss: ചര്‍ച്ചയ്ക്കിടെ ചാനല്‍ അവതാരകയെ ‘ബേബി’ എന്ന് വിളിച്ച് കര്‍ണിസേന പ്രതിനിധി; രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് അവതാരക


മനോരമ ന്യൂസിലെ ചീഫ് ന്യൂസ് പ്രൊഡ്യൂസറും കൗണ്ടര്‍ പോയന്റ്, പറയാതെ വയ്യ തുടങ്ങിയ പരിപാടികളുടെ അവതാരകയുമായ ഷാനി പ്രഭാകരനെതിരെ കഴിഞ്ഞ ദിവസങ്ങളിലാണ് സമൂഹമാധ്യമങ്ങളില്‍ അപവാദപ്രചരണം ഉണ്ടായത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഇത് പൊലിപ്പിച്ചു കാണിച്ചുകൊണ്ട് വാര്‍ത്തകളും പ്രസിദ്ധീകരിച്ചിരുന്നു.

ഷാനി പ്രഭാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഡി.ജി.പിക്ക് നല്‍കിയ പരാതി
_______________________

സര്‍,

ഞാന്‍ ഷാനി പ്രഭാകരന്‍, മനോരമന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തകയാണ്. ഇന്നലെ മുതല്‍ എനിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകളുമായി ഒരു സംഘം ആളുകള്‍ ഫേസ്ബുക്കിലും വാട്‌സാപ്പിലും അപവാദപ്രചാരണം നടത്തുന്നു. സുഹൃത്തും എം.എല്‍.എയുമായ എം.സ്വരാജിനൊപ്പം ലിഫ്റ്റില്‍ നില്‍ക്കുന്ന ഫോട്ടോ ഉപയോഗിച്ച് അങ്ങേയറ്റം മോശമായ രീതിയില്‍ സംഘടിതമായി പ്രചരിപ്പിക്കുകയാണ്.ലൈംഗികച്ചുവയോടെയുള്ള പരാമര്‍ശങ്ങളുമായി അധിക്ഷേപം നടത്തുകയാണ്. സ്ത്രീ എന്ന രീതിയില്‍ എന്റെ അന്തസിനെയും വ്യക്തി എന്ന നിലയില്‍ സ്വകാര്യതയെയും ബാധിക്കുന്ന പ്രസ്തുതനടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. അപവാദപ്രചരണം നടത്താനായി ഉപയോഗിച്ചിരിക്കുന്ന പോസ്റ്റുകളുടെ ലിങ്കുകളും വിശദാംശങ്ങളും ഇതോടൊപ്പം ചേര്‍ക്കുന്നു.

ഷാനി പ്രഭാകരന്‍
ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍
മനോരമന്യൂസ്
കൊച്ചി