ഫൈനലില്‍ രോഹിത് കാണിച്ച വലിയ തെറ്റാണത്; ചൂണ്ടികാണിച്ച് ഷെയ്ന്‍ വാട്‌സണ്‍
Cricket
ഫൈനലില്‍ രോഹിത് കാണിച്ച വലിയ തെറ്റാണത്; ചൂണ്ടികാണിച്ച് ഷെയ്ന്‍ വാട്‌സണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 20th November 2023, 1:19 pm

ഐ.സി.സി ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ ആറ് വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ലോകകപ്പ് സ്വന്തമാക്കിയിരുന്നു. ഓസ്‌ട്രേലിയയുടെ ആറാം ലോകകപ്പ് വിജയമാണിത്. തുടര്‍ച്ചയായ പത്ത് മത്സരങ്ങള്‍ ജയിച്ചുവന്ന ഇന്ത്യന്‍ ടീം ഫൈനലില്‍ ഓസീസിന് മുന്നില്‍ വീഴുകയായിരുന്നു.

ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ഫൈനലില്‍ രോഹിത് ശര്‍മ വരുത്തിയ തെറ്റ് എന്താണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ മുന്‍ താരം ഷെയ്ന്‍ വാട്‌സണ്‍.

ന്യൂ ബോളില്‍ സിറാജിന് പന്ത് നല്‍കാതിരുന്നത് രോഹിതിന് പറ്റിയ ഏറ്റവും വലിയ പിഴവെന്നാണ് ഷെയ്ന്‍ വാട്‌സണ്‍ പറഞ്ഞത്.

‘പുതിയ പന്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മുഹമ്മദ് സിറാജിന് രോഹിത് ബോള്‍ നല്‍കാത്തത് എന്താണെന്ന് എനിക്ക് മനസിലാവുന്നില്ല. മത്സരത്തില്‍ ഈ സാഹചര്യത്തില്‍ മാത്രമാണ് രോഹിത്തിന് തെറ്റുപറ്റിയത്,’ ഷെയ്ന്‍ വാട്‌സണ്‍ പറഞ്ഞു.

ഇന്ത്യന്‍ ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയുമാണ് തുടക്കത്തില്‍ ബൗളിങ് ചെയ്തത്. എന്നാല്‍ കഴിഞ്ഞ പത്ത് മത്സരങ്ങളിലും ഷമിക്കൊപ്പം സിറാജ് ആയിരുന്നു പന്തെറിഞ്ഞിരുന്നത്. ഈ കൂട്ടുകെട്ട് രോഹിത് മാറ്റുകയായിരുന്നുവെന്നാണ് ഓസ്‌ട്രേലിയന്‍ മുന്‍ താരം ചൂണ്ടി കാണിച്ചത്.

അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസീസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസ്‌ട്രേലിയന്‍ ബൗളിങ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റും പാറ്റ് കമ്മിന്‍സ് ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തിയപ്പോള്‍ ഇന്ത്യ 240 റണ്‍സിന് പുറത്താവുകയായിരുന്നു.

ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ രോഹിത് ശര്‍മ 47 റണ്‍സും വിരാട് കോഹ്ലി 54 റണ്‍സും കെ.എല്‍ രാഹുല്‍ 66 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 43 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ഓസിസ് ബാറ്റിങ് നിരയില്‍ ട്രാവിസ് ഹെഡ് 137 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ഹെഡിനൊപ്പം മാര്‍നസ് ലബുഷാനെ 58 റണ്‍സും നേടിയപ്പോള്‍ ഓസ്‌ട്രേലിയ ആറാം ലോകകിരീടം ഉയര്‍ത്തുകയായിരുന്നു.

Content Highlight: Shane Watson pointed out Rohit Sharma big mistake in final.