Entertainment news
സാമ്രാട്ട് പൃഥ്വിരാജിന് പിന്നാലെ കാണാന്‍ ആളില്ലാതെ ശംശേറയും; മിനിമം ആളില്ലാത്തതിനാല്‍ ഷോ ക്യാന്‍സല്‍ ചെയ്ത് തിയേറ്ററുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jul 24, 11:30 am
Sunday, 24th July 2022, 5:00 pm

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം രണ്‍ബീര്‍ കപൂര്‍ നായകനായി എത്തിയ ശംശേറ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. വമ്പന്‍ പ്രതീക്ഷയില്‍ പുറത്തിറങ്ങിയ ചിത്രം എന്നാല്‍ ബോക്‌സ്ഓഫീസില്‍ വമ്പന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. 2022ല്‍ ബോളിവുഡിലെ ഏറ്റവും വലിയ പരാജയമായ അക്ഷയ് കുമാര്‍ ചിത്രം സാമ്രാട്ട് പൃഥ്വിരാജിനേക്കാള്‍ മോശം പ്രകടനമാണ് ശംശേറ നടത്തുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചിത്രം ആദ്യ ദിനം 10 കോടിയോളം രൂപ മാത്രമാണ് കളക്ഷനായി സ്വന്തമാക്കിയതെന്നും വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രത്തിന്റെ മോശം പ്രകടനമാണിതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രണ്ടാം ദിവസം ചിത്രം കാണാന്‍ മിനിമം ആളുകള്‍ ഇല്ലാത്തതിനാല്‍ നിരവധി ഷോകള്‍ തിയേറ്ററുകള്‍ ക്യാന്‍സല്‍ ചെയ്തു എന്നും റിപ്പോട്ടുകളുണ്ട്.

1800 കളില്‍ ജീവിച്ച് ബ്രിട്ടീഷുകാര്‍ക്ക് എതിരെ പോരാടിയ ആളുടെ കഥയാണ് ചിത്രം പറയുന്നത്. വാണി കപൂറാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

യശ് രാജ് ഫിലിംസ് നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കരണ്‍ മല്‍ഹോത്രയാണ്. തുടര്‍ച്ചയായി തിയേറ്ററില്‍ പരാജയപ്പെടുന്ന യശ് രാജ് ഫിലിംസിന്റെ ആറാമത്തെ ചിത്രമാണ് സംശേറ. ആലിയ ഭട്ട് നായികയാകുന്ന ബ്രഹ്‌മാസ്ത്രയാണ് രണ്‍ബീര്‍ കപൂറിന്റെ അടുത്ത ചിത്രം. 300 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം സെപ്റ്റംബര്‍ ഒന്‍പതിനാണ് റിലീസ് ചെയ്യുന്നത്.

വന്‍ താരനിര അണിനിരക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായാണ് ഒരുങ്ങുന്നത്. അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, ഡിംപിള്‍ കബാഡിയ, മൗനി റോയ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സ്റ്റാര്‍ സ്റ്റുഡിയോസും ധര്‍മ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ബ്രഹ്‌മാസ്ത്ര നിര്‍മിക്കുന്നത്.

സിനിമയുടെ ദക്ഷിണേന്ത്യന്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സംവിധായകന്‍ എസ്.എസ്. രാജമൗലിയാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ രാജമൗലിയാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. 2017ല്‍ ട്വിറ്ററിലൂടെയാണ് കരണ്‍ ജോഹര്‍ ‘ബ്രഹ്‌മാസ്ത്ര’ പ്രഖ്യാപിച്ചത്. മൂന്ന് ഭാഗങ്ങളാണ് ചിത്രത്തിന് ഉണ്ടാകുക.

ഷാരുഖ് ഖാന്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഫാന്റസി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്.

Content Highlight : Shamshera big disaster on box office after samrat prithviraj