ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച താരമാണ് വിരാട് കോഹ്‌ലി. ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി ഇതിഹാസമായി വിരാട് വാഴ്ത്തപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.
ക്യാപ്റ്റനായിരിക്കെയും ബാറ്ററായിരിക്കെയും നിരവധി റെക്കോഡുകളാണ് താരം സ്വന്തമാക്കിയത്. മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത അപൂര്‍വ റെക്കോഡുകളും താരം സ്വന്തം പേരില്‍ കുറിച്ചിരുന്നു.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ പിന്‍ഗാമി എന്നാണ് പലരും വിരാടിനെ വിശേഷിപ്പിച്ചിരുന്നത്. സച്ചിന്റെ പല റെക്കോഡുകളും വിരാട് മാത്രമാവും തകര്‍ക്കുക എന്നും വിലയിരുത്തപ്പെട്ടിരുന്നു.
എന്നാല്‍ അന്താരാഷ്ട്ര കരിയറില്‍ വിരാടിന് ഇപ്പോള്‍ നല്ല കാലമല്ല. ‘സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ നൂറ് സെഞ്ച്വറിയുടെ റെക്കോഡ് തകര്‍ക്കാന്‍ വിധിക്കപ്പെട്ടവന്‍’ എന്ന് സച്ചിന്റെ എക്കാലത്തേയും ടോപ് റൈവലായ ഷോയിബ് അക്തര്‍ പോലും വിലയിരുത്തിയ വിരാട് ഒരു സെഞ്ച്വറി നേടിയിട്ട് മൂന്ന് വര്‍ഷമാകുന്നു.
വിരാടിന്റെ പേരിലുണ്ടായിരുന്ന പല റെക്കോേഡുകളും മറ്റ് താരങ്ങള്‍ തകര്‍ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. പാകിസ്ഥാന്‍ ക്യാപ്റ്റനും റണ്‍മെഷീനുമായ ബാബര്‍ അസം വിരാടിന്റെ പേരിലുള്ള ഒരു റെക്കോഡ് കഴിഞ്ഞ ദിവസം തകര്‍ത്തിരുന്നു.
ഏകദിനത്തില്‍ ക്യാപ്റ്റനായി വേഗത്തില്‍ 1,000 റണ്‍സ് തികയ്ക്കുന്ന ബാറ്റര്‍ എന്ന റെക്കോഡാണ് ബാബര്‍ കഴിഞ്ഞ മത്സരത്തില്‍ മറി കടന്നത്.
ബാബറിന് പുറമെ മറ്റൊരു താരം വിരാടിന്റെ മറ്റൊരു റെക്കോഡും കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ മറികടന്നിരുന്നു. കരീബിയന്‍ പടയുടെ ബാറ്റിംഗ് സെന്‍സേഷന്‍ ഷായ് ഹൊപ്പാണ് വിരാടിന്റെ ‘ഹോപ്പുകള്‍’ തച്ചുതകര്‍ത്തത്.
ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ 4,000 റണ്‍സ് തികയ്ക്കുന്ന താരം എന്ന റെക്കോഡാണ് ഹോപ് വിരാടിനെ മറികടന്നുകൊണ്ട് സ്വന്തമാക്കിയത്. 93 ഇന്നിംഗ്‌സില്‍ നിന്നും വിരാട് സ്വന്തമാക്കിയ നേട്ടമാണ് ഹോപ് 88 മത്സരത്തില്‍ നിന്നും കൈപ്പിടിയിലൊതുക്കിയത്.
വേഗത്തില്‍ 4,000 റണ്‍സ് തികയ്ക്കുന്ന ബാറ്റര്‍മാരുടെ പട്ടികയില്‍ ക്രിക്കറ്റ് ഇതിഹാസം വിവ് റിച്ചാര്‍ഡ്‌സിനൊപ്പം മൂന്നാം സ്ഥാനത്താണ് ഹോപ്.
പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ വിന്‍ഡീസ് പരാജയപ്പെട്ടെങ്കിലും 134 പന്തില്‍ നിന്നും 127 റണ്‍സടിച്ച ഹോപ്പിന്റെ ഇന്നിംഗ്‌സ് ഏറെ ശ്രദ്ധ നേടിയിരുന്നു.