Cricket
ഞങ്ങള്‍ പ്രതീക്ഷിക്കുന്നതൊന്നും ബാബറില്‍ നിന്നും ലഭിക്കുന്നില്ല; വിമർശനവുമായി ഷാഹിദ് അഫ്രീദി
ഏകദിന ലോകകപ്പില്‍ നാല് മത്സരങ്ങളും പരാജയപ്പെട്ട് ഒരുപാട് വിമര്‍ശനങ്ങള്‍ പാകിസ്ഥാന്‍ നേരിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ചുകൊണ്ട് പാകിസ്ഥാന്‍ സെമി സാധ്യതകള്‍ നിലനിര്‍ത്തിയിരുന്നു.
ഈ സാഹചര്യത്തില്‍ പാകിസ്ഥാന്‍ ടീമിന്റെ നായകന്‍ ബാബര്‍ അസമിന്റെ പ്രകടനങ്ങളെകുറിച്ചും ക്യാപ്റ്റന്‍സിയെകുറിച്ചും പറഞ്ഞിരിക്കുകയാണ് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി.
വിരാട് കോഹ്ലിയും കെ.എല്‍ രാഹുലും ടീമിന് വേണ്ടി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തുമ്പോള്‍ പാക്കിസ്ഥാനായി ബാബര്‍ അസം ഇതുപോലുള്ള പ്രകടനങ്ങള്‍ നടത്തുന്നില്ലെന്നാണ് അഫ്രീദി പറഞ്ഞത്.
‘മത്സരത്തില്‍ ബാംബര്‍ റണ്‍സ് നേടുന്നതും ടീമില്‍ വിജയിക്കാന്‍ ആവശ്യമായ സമയത്തില്‍ റണ്‍സ് നേടുന്നതും രണ്ടും വ്യത്യസ്തമായ കാര്യങ്ങളാണ്. വിരാട് കോഹ്ലിയും കെ.എല്‍ രാഹുലും ചെയ്യുന്നതെന്താണെന്ന് നോക്കൂ. അവര്‍ റണ്‍സ് സ്‌കോര്‍ ചെയ്യുകയും ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്യുന്നു. അഫ്രീദി സാമ ടി.വിയോട് പറഞ്ഞു.
താന്‍ ബാബറിന്റെ വലിയ ആരാധകനാണെന്നും എന്നാല്‍ ബാബര്‍ പാകിസ്ഥാന് വേണ്ടി കളി ജയിപ്പിക്കുമെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നും അഫ്രീദി പങ്കുവെച്ചു.
‘ഞാന്‍ ബാംബറിന്റെ ആരാധകനാണ്. അവന്‍ ഒരു മികച്ച താരമാണ് ഈ ലെവലില്‍ എത്തുക എന്നത് പ്രധാനമാണ് എന്നാല്‍ നിങ്ങളുടെ ഈ പ്രകടനം സ്ഥിരതയോടെ നിലനിര്‍ത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ബാബര്‍ ബാറ്റ് ചെയ്യാന്‍ വരുമ്പോള്‍ അവന്‍ ടീമിനെ വിജയിപ്പിക്കും എന്നൊരു തോന്നല്‍ ഞങ്ങള്‍ക്കുണ്ടായിട്ടില്ല . മത്സരത്തില്‍ അവന്‍ 50-60 റണ്‍സ് നേടുമെന്ന് ഞങ്ങള്‍ക്കറിയാം, എന്നാല്‍ അവന്‍ മത്സരത്തില്‍ ഞങ്ങളെ വിജയിപ്പിക്കണമെന്നാണ് ഞങ്ങള്‍ക്കുറപ്പു തരേണ്ടത്,’ അഫ്രീദി കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ബാറ്ററാണ് ബാബര്‍ അസം. എന്നാല്‍ റാങ്കിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്നും 30.85 ശരാശരിയില്‍ 216 റണ്‍സാണ് ബാബര്‍ നേടിയത്. ഇതില്‍ മൂന്ന് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടും.
ന്യൂസിലാന്‍ഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയുമാണ് പാകിസ്ഥാന്റെ വരാനിരിക്കുന്ന മത്സരങ്ങള്‍. ഈ മത്സരങ്ങളെല്ലാം പാക് ടീമിന്റെ സെമിഫൈനല്‍ പ്രവേശനത്തിന് അതിനിര്‍ണായകമാണ്.
Content Highlight: Shahid Afridi criticize Babar Azam performance in world cup.