അത് അങ്ങനെയല്ല, ഇങ്ങനെ ചെയ്യണം, എന്ന് ആരും മമ്മൂക്കയോട് പറയില്ല; മുമ്പ് ചെയ്ത പൊലീസ് കഥാപാത്രങ്ങളെപ്പോലെയാകരുത് എന്ന ഉദ്ദേശത്തോടെയാണ് അദ്ദേഹം ആ സിനിമ ചെയ്തത്: ഷഹീന്‍ സിദ്ദിഖ്
ചെറിയ ക്യാരക്ടര്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന അഭിനേതാവാണ് ഷഹീന്‍ സിദ്ദിഖ്. നടന്‍ സിദ്ദിഖിന്റെ മകന്‍ കൂടിയായ ഷഹീന്‍, ഈയടുത്ത് പുറത്തിറങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍- റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ടിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
മാഹി, എന്ന സിനിമയാണ് ഷഹീനിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. സിനിമയില്‍ വില്ലന്‍ കഥാപാത്രമാണ് ഷഹീന്‍ സിദ്ദിഖ് അവതരിപ്പിക്കുന്നത്.
മമ്മൂട്ടിക്കൊപ്പം പത്തേമാരി, കസബ, കുട്ടനാടന്‍ ബ്ലോഗ് എന്നീ മൂന്ന് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഷഹീന്‍ മമ്മൂക്ക സിനിമകളെക്കുറിച്ചും മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ചും സംസാരിക്കുകയാണ് ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍.
”മമ്മൂക്കക്കൊപ്പം മൂന്ന് സിനിമകളില്‍ വര്‍ക്ക് ചെയ്യാന്‍ പറ്റിയിട്ടുണ്ട്.
സി.ബി.ഐ അഞ്ചിനെക്കുറിച്ച് വലിയ പ്രതീക്ഷകളുണ്ട്. കാരണം എസ്.എന്‍ സ്വാമി സാര്‍ മലയാള സിനിമയില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരില്‍ ഒരാളാണ്.
അദ്ദേഹത്തിന്റെ ട്രൂത്ത് ആണ് എന്റെ ഫേവറൈറ്റ് സിനിമകളിലൊന്ന്. അതിന്റെ സസ്‌പെന്‍സ് എനിക്ക് ഒരുപാട് ഇഷ്ടമാണ്.
സി.ബി.ഐ അഞ്ചില്‍ മമ്മൂക്കയുടെ ഗെറ്റപ്പില്‍ ചില പിക്‌ചേഴ്‌സ് കാണുമ്പോള്‍ നമ്മള്‍ അത്ഭുതപ്പെട്ട് പോകും. മമ്മൂക്കയുടെ സ്റ്റില്‍ കാണുമ്പോള്‍ വലിയ പ്രായവ്യത്യാസം തോന്നുന്നില്ല.
എന്ത് കോണ്‍ഫിഡന്‍സോടെയാണ് മമ്മൂക്ക ടീസറില്‍ പെര്‍ഫോം ചെയ്തിരിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. നമ്മള്‍ ഒരുപാട് നാളായി ഫൈനലി ഒരാളെ റിവീല്‍ ചെയ്യുന്ന ടൈപ്പ് ത്രില്ലര്‍ സസ്‌പെന്‍സ് കണ്ടിട്ട്. ഈ കാലഘട്ടത്തില്‍ അത് എങ്ങനെ വര്‍ക്കാവും എന്ന് ഞാന്‍ കൗതുകത്തോടെ നോക്കുന്നു.
പത്തേമാരിയില്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടില്ല. പക്ഷെ, പ്രായമുള്ളയാളായി അദ്ദേഹം അഭിനയിച്ച പത്തേമാരിയിലെ ഭാഗം വളരെ നന്നായി തോന്നിയിട്ടുണ്ട്. ഞാന്‍ അത്ഭുതത്തോടെ നിന്നിട്ടുണ്ട്. അത്രയും രസമായി പെര്‍ഫോം ചെയ്തു.
കസബയിലെ പൊലീസ് ഓഫീസര്‍ ഇതിന് മുമ്പ് മമ്മൂക്ക ചെയ്ത പൊലീസോഫീസറെപ്പോലെ ആകരുത് എന്ന ഉദ്ദേശത്തോടെ ചെയ്തതാണ്. ബോഡി ലാംഗ്വേജില്‍ മാറ്റം വരുത്തി, ഒരു പ്രത്യേക സ്ലാങ്ങില്‍ സംസാരിച്ച് ചെയ്തിട്ടുണ്ട്.
കുട്ടനാടന്‍ ബ്ലോഗില്‍ കുട്ടനാടന്‍ ഭാഷ മാക്‌സിമം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് മമ്മൂക്ക തന്നെ എടുക്കുന്ന എഫേര്‍ട്ട് ആണ്. മമ്മൂക്ക അത് അങ്ങനെയല്ല, ഇങ്ങനെ പറയണം, എന്ന് ഒരാളും പോയി പറയില്ല. പക്ഷെ, മമ്മൂക്ക തന്നെ ആ എഫേര്‍ട്ട് എടുക്കുകയും പെര്‍ഫോം ചെയ്യുകയും ചെയ്യുന്നത് കാണാന്‍ ഭയങ്കര രസമാണ്,” ഷഹീന്‍ സിദ്ദിഖ് പറഞ്ഞു.
Content Highlight: Shaheen Siddique about Mammootty movies and his acting