സഹ ബാറ്റര്‍മാരെ പേടിപ്പെടുത്തുന്ന വിധത്തിലായിരുന്നു തകര്‍പ്പന്‍ യോര്‍ക്കറുമായി ഷഹീന്‍ അഫ്രിദി ആദ്യ ഓവറില്‍ തന്നെ എത്തിയത്. മിന്നും യോര്‍ക്കറില്‍ കാലിന് പരിക്കേറ്റ് അടിപതറി വീണ ഗുര്‍ബാസിനെ സഹതാരം പുറത്തേറ്റിയാണ് ഡ്രസിങ് റൂമിലേക്ക് കൊണ്ടുപോയത്.
അഫ്ഗാന്‍ ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ അഞ്ചാം പന്തിലാണ് ഷഹീന്റെ മരണയോര്‍ക്കര്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ ഇടത് കാലില്‍തട്ടി താരത്തിന് അടിപതറിയത്. യോര്‍ക്കറിന്റെ വേഗതയ്ക്ക് മുന്നില്‍ പ്രതിരോധിക്കാന്‍ ഗുര്‍ബാസിന് കഴിഞ്ഞില്ല. വേദന കൊണ്ട് താരം പുളയുന്നത് കാണാമായിരുന്നു.
പരിക്കിനെത്തുടര്‍ന്ന് ഗുര്‍ബാസിന്റെ ഇടത് കാല്‍ സ്‌കാനിങിന് വിധേയനാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. ടോപ് ഓര്‍ഡര്‍ ബാറ്റിങിന് പുറമെ വിക്കറ്റ് കീപ്പര്‍ കൂടിയാണ് റഹ്‌മാനുള്ള ഗുര്‍ബാസ്. ശനിയാഴ്ച പെര്‍ത്തില്‍ ഇംഗ്ലണ്ടിനെതിരായ സൂപ്പര്‍-12 മത്സരത്തില്‍ താരം കളിക്കുമോ എന്ന് വ്യക്തമല്ല.
എന്നാല്‍ വീണ്ടും കളിതുടര്‍ന്നതോടെ തന്റെ മരണ യോര്‍ക്കറുമായി ഷഹീന്‍ അഫ്രിദി വീണ്ടുമെത്തി. മത്സരത്തിലെ രണ്ടാം ഓവറിലെ നാലാം പന്തില്‍ ഇടംകയ്യന്‍ ബാറ്ററായ സസായുടെ വലത് വിക്കറ്റ് പിഴുതെടുത്തുകൊണ്ടാണ് ഷഹീന്‍ തൊടുത്തുവിട്ട യോര്‍ക്കര്‍ നിലംതൊട്ടത്.
മത്സരത്തില്‍ നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളാണ് ഷഹീന്‍ തന്റെ അതിഭീകര യോര്‍ക്കറുകള്‍കൊണ്ട് പിഴുതെടുത്തത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങില്‍ പാകിസ്ഥാന്‍ 2.2 ഓവറില്‍ 19 റണ്‍സ് എടുത്ത് നില്‍ക്കെ മഴമൂലം മത്സരം ഉപേക്ഷിക്കുകയായിരുന്നു.