ഷാ ഫൈസല്‍ ഇനി ഹോട്ടലിലെ തടവുകേന്ദ്രത്തില്‍; വീട്ടില്‍ നിന്നു മാറ്റിയത് രാത്രിയില്‍
Kashmir Turmoil
ഷാ ഫൈസല്‍ ഇനി ഹോട്ടലിലെ തടവുകേന്ദ്രത്തില്‍; വീട്ടില്‍ നിന്നു മാറ്റിയത് രാത്രിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th August 2019, 8:57 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യം തടവിലാക്കിയ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഷാ ഫൈസലിനെ വീട്ടില്‍ നിന്ന് ഹോട്ടലിലേക്കു മാറി. ഹോട്ടലിലെ താത്കാലിക തടവുകേന്ദ്രത്തിലേക്ക് അദ്ദേഹത്തെ മാറ്റിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചെന്ന് ‘ദ വയര്‍’ റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ രാത്രിയിലാണ് അദ്ദേഹത്തെ മാറ്റിയതെങ്കിലും ഇന്നാണ് ഉദ്യോഗസ്ഥര്‍ ഈ വിവരം പുറത്തുവിട്ടത്.

ബുധനാഴ്ച ഉച്ചയോടെയാണ് ഫൈസലിനെ ദല്‍ഹി വിമാനത്താവളത്തില്‍ നിന്നും കസ്റ്റഡിയിലെടുത്ത് ശ്രീനഗറിലേക്ക് കൊണ്ടുപോയി വീട്ടുതടങ്കലിലാക്കിയത്. ഇസ്താംബുള്ളിലേക്ക് പോകുകയായിരുന്നു താനെന്ന് ഫൈസല്‍ ചോദ്യംചെയ്യലില്‍ പറഞ്ഞതായാണു വിവരം.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഷാ ഫൈസല്‍ മോദി സര്‍ക്കാറിനെതിരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള അടിച്ചമര്‍ത്തല്‍ നേരിടുകയാണ് തങ്ങളെന്നും കശ്മീരിലെ 80 ലക്ഷം വരുന്ന ജനങ്ങളെ ‘പൂട്ടിയിട്ടിരിക്കുക’യാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഷാ ഫൈസല്‍ അന്നിട്ട ഫേസ്ബുക്ക് പോസ്റ്റിങ്ങനെ- ‘അഭൂതപൂര്‍വ്വമായ ഒരു അടിച്ചമര്‍ത്തല്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് കശ്മീര്‍. സീറോ ബ്രിഡ്ജ് മുതല്‍ എയര്‍പോര്‍ട്ട് വരെ റോഡില്‍ ചില വാഹനങ്ങള്‍ നീങ്ങുന്നത് കാണാം. മറ്റിടങ്ങളിലെല്ലാം കടക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. രോഗികള്‍ക്കും കര്‍ഫ്യൂ പാസുള്ളവര്‍ക്കും മാത്രമാണ് പ്രവേശനം.

ഉമര്‍ അബ്ദുള്ളയെയോ മെഹ്ബൂബാ മുഫ്തിയെയോ സജാദ് ലോണിനേയോ കാണാന്‍ പോകാനോ അവര്‍ക്ക് മെസേജ് അയക്കാനോ കഴിയില്ല.

മറ്റ് ജില്ലകളിലാണ് കര്‍ഫ്യൂ വളരെയധികം കര്‍ശനം. 80 ലക്ഷത്തോളം വരുന്ന ജനങ്ങളെ മുമ്പെങ്ങുമില്ലാത്തവിധം തടവിലാക്കിയിരിക്കുകയാണെന്ന് പറയാം.

ഇതുവരെ ഭക്ഷണത്തിനോ അവശ്യസാധനങ്ങള്‍ക്കോ ഒരു ദൗര്‍ലഭ്യവും ഉണ്ടായിട്ടില്ല. ഭക്ഷ്യവിതരണം കോഡിനേറ്റ് ചെയ്യാനായി ഉദ്യോഗസ്ഥര്‍ക്ക് സാറ്റലൈറ്റ് ഫോണുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് ഭരണതലത്തിലുള്ള ചിലര്‍ എന്നോടു പറഞ്ഞത്. മറ്റൊരു തരത്തിലുള്ള ആശയ വിനിമയ സംവിധാനങ്ങളും ലഭ്യമല്ല.

ഡിഷ് ടി.വിയുള്ളവര്‍ക്ക് വാര്‍ത്തകള്‍ അറിയാം. കേബിള്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ഇപ്പോഴും പല ആളുകള്‍ക്കും എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി അറിയില്ല. കുറച്ചു മണിക്കൂര്‍ മുമ്പുവരെ റേഡിയോ പ്രവര്‍ത്തിച്ചിരുന്നു. മിക്കയാളുകളും ദൂരദര്‍ശന്‍ കണ്ടുകൊണ്ടിരിക്കുകയാണ്.

ഉള്‍പ്രദേശങ്ങളില്‍ പോകാന്‍ ദേശീയ മാധ്യമങ്ങളെയൊന്നും അനുവദിക്കുന്നില്ല.

അവസാന നിമിഷം ആശുപത്രിയിലേക്ക് പോകാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് ഭയന്ന് ഗര്‍ഭിണികളെല്ലാം നേരത്തെ തന്നെ ആശുപത്രിയില്‍ പ്രവേശിച്ചതോടെ എല്‍.ഡി ഹോസ്പിറ്റല്‍ തിങ്ങിനിറഞ്ഞ അവസ്ഥയാണ്. സൗജന്യഭക്ഷണം വിതരണം ചെയ്യുന്ന ലങ്കാറുകള്‍ അവിടെ തുടങ്ങാന്‍ ചിലര്‍ ആലോചിക്കുന്നുണ്ട്.

ഇതുവരെ അക്രമസംഭവങ്ങളൊന്നും തന്നെ ഔദ്യോഗികമായി റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. റാംബാഗ്, നാടിപോറ, ഡൗണ്‍ടൗണ്‍, കുല്‍ഗാം, അനന്ത് നാഗ് എന്നിവിടങ്ങളില്‍ അവിടെവിടെ കല്ലേറുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. കൊലപാതകമൊന്നും എവിടെയും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.

ജനങ്ങളാകെ ഞെട്ടലിലാണ്. തങ്ങള്‍ക്കെന്തോ സംഭവിച്ചിട്ടുണ്ടെന്ന തോന്നലിലാണ് അവര്‍. നഷ്ടപ്പെട്ടതോര്‍ത്ത് എല്ലാവരും വിതുമ്പുകയാണ്.

370 റദ്ദാക്കിയതിനേക്കാള്‍ കശ്മീരിന്റെ സംസ്ഥാന പദവി നഷ്ടമായതാണ് ജനങ്ങളെ ആഴത്തില്‍ ബാധിച്ചതെന്നാണ് അവരോടുള്ള സംസാരത്തില്‍ എനിക്കു മനസിലാക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഇന്ത്യാ രാഷ്ട്രത്തില്‍ നിന്നുണ്ടായ ഏറ്റവും വലിയ വഞ്ചയായാണ് ഇതിനെ കാണുന്നത്.

കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട ചിലരോട് ശാന്തമായി ഇരിക്കാന്‍ ടി.വി ചാനലുകളിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്. 8000-10000 വരെ ആളുകള്‍ക്ക്
അത്യാഹിതം സംഭവിച്ചാല്‍ നേരിടാന്‍ സര്‍ക്കാര്‍ സജ്ജരാണ് എന്നാണ് പറയപ്പെടുന്നത്. മറ്റാര്‍ക്കെങ്കിലും ഒരു കൂട്ടക്കൊല നടത്താന്‍ അവസരം കൊടുക്കേണ്ടതില്ലയെന്നാണ് ബുദ്ധി.

ആദ്യം നമുക്ക് ജീവനോടെ ഇരിക്കാം, ശേഷം തിരിച്ചടിക്കാം എന്നതാണ് എന്റെയും ആഹ്വാനം.

നഗരങ്ങള്‍ നിയന്ത്രിക്കുന്ന സൈനികരുടെ ശരീരഭാഷ അങ്ങേയറ്റം പരുക്കനാണ്. ജമ്മുകശ്മീര്‍ പൊലീസിനെ പൂര്‍ണമായി ഒതുക്കിയിരിക്കുകയാണ്. ‘ നിങ്ങളുടെ സ്ഥലം ഇനി നിങ്ങള്‍ക്ക് ഞങ്ങള്‍ കാട്ടിത്തരാന്‍ പോകുന്നതേയുള്ളൂ’ എന്നാണ് എന്റെ പരിചയക്കാരനോട് ഒരാള്‍ പറഞ്ഞത്,

പ്രദേശവാസികള്‍ ഉപദ്രവിക്കപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ പലയിടങ്ങളില്‍ നിന്നും എനിക്ക് ലഭിച്ചിട്ടുണ്ട്. കശ്മീരികള്‍ ശാന്തരായിരിക്കുന്നുവെന്നത് വലിയ ആശ്വാസമാണ്.

കശ്മീരിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ കുറച്ചുകാലത്തേക്ക് അത് വേണ്ടെന്ന് വെക്കണം. കര്‍ഫ്യൂ പിന്‍വലിച്ചാല്‍ തന്നെ സ്ഥിതി അങ്ങേയറ്റം കലുഷിതമാണ്.

നമ്മള്‍ ഇനി എന്തു ചെയ്യുമെന്ന് ചോദിക്കുന്ന, ഹൃദയം തകര്‍ന്ന യുവാക്കളുടെ കൂട്ടത്തെയാണ് എയര്‍പോര്‍ട്ടില്‍ ഞാന്‍ കണ്ടത്. നമുക്ക് ഒന്നിച്ച് സുപ്രീം കോടതിയില്‍ പോയി നീതി പുനസ്ഥാപിക്കാന്‍ ആവശ്യപ്പെടാമെന്ന് ഞാന്‍ അവരോട് പറഞ്ഞു. ഞങ്ങളുടെ ചരിത്രവും ഐഡന്റിറ്റിയും ഇല്ലാതാക്കുന്ന ഈ ഭരണഘടനാ വിരുദ്ധമായ നിയമത്തെ വെല്ലുവിളിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്.

ഇന്നത്തെ സ്ഥിതിയില്‍ അത് മാത്രമാണ് ഏക പ്രതീക്ഷ. അന്താരാഷ്ട്ര സമൂഹം കണ്ണടച്ചിരിക്കുകയാണ്. അതിനാല്‍ ഇവിടെ നി്ന്നും ഞാനൊന്നും പ്രതീക്ഷിക്കുന്നില്ല.

പട്ടാപ്പകല്‍ ഞങ്ങളില്‍ നിന്നും തട്ടിപ്പറിച്ചെടുത്ത ആ ധനം നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ഒരിക്കല്‍ തിരിച്ചുനല്‍കേണ്ടി വരും. പക്ഷേ അപ്പോഴേക്കും, നഷ്ടപ്പെട്ടതെല്ലാം നഷ്ടപ്പെട്ടതാണ്. ഒരുപക്ഷേ എല്ലാം നഷ്ടപ്പെട്ടിരിക്കും. പൊരുതാമെന്ന ഞങ്ങളുടെ ദൃഢനിശ്ചയമൊഴിച്ച് മറ്റെല്ലാം… ഞങ്ങള്‍ പൊരുതുക തന്നെ ചെയ്യും….’

ഫൈസലിനെ വീട്ടുതടങ്കലിലാക്കിയ നടപടിക്കെതിരെ മാധ്യമപ്രവര്‍ത്തകന്‍ പ്രതീക് സിന്‍ഹ രംഗത്തെത്തിയിരുന്നു. വിദേശത്തേക്കു യാത്ര പോകുന്നതും ക്രിമിനല്‍ക്കുറ്റമാക്കിയോ എന്നാണ് അദ്ദേഹം ചോദിച്ചത്.

‘വിദേശത്തേക്ക് പോകുന്നതും ഇപ്പോള്‍ ക്രിമിനല്‍ കുറ്റമായോ? ഇത് അന്യായമാണ്. ഏത് ‘ജനാധിപത്യ’ത്തിലാണ് ഇങ്ങനെയൊക്കെ സംഭവിക്കുക?’ എന്നാണ് ഷാ ഫൈസലിനെ കസ്റ്റഡിയിലെടുത്തെന്ന വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് സിന്‍ഹ ട്വീറ്റു ചെയ്തത്.

ജമ്മുകശ്മീരിലെ മുന്‍നിര രാഷ്ട്രീയ നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്. പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുള്ള, സി.പി.ഐ.എം എം.എല്‍.എ യൂസഫ് തരിഗാമി തുടങ്ങിയവരെയെല്ലാം പ്രത്യേക പദവി എടുത്തുമാറ്റുന്നതിനു മുമ്പുതന്നെ വീട്ടുതടങ്കലിലാക്കിയിരുന്നു.