പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടിയെ കൊണ്ട് വിവാദ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ വമിര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. കുരുന്ന് മനസില്‍ വിദ്വേഷം കുത്തിവെക്കാനുള്ള മുതിര്‍ന്നവരുടെ ശ്രമം ഹീനവും അപകടകരവുമാണെന്ന് ഷാഫി പറഞ്ഞു.
വിഭാഗീയതയില്‍ ആനന്ദം കണ്ടെത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും വര്‍ഗീയത വിനാശമാണെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാഫി പറമ്പിലിന്റെ പ്രതികരണം.
‘പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ ആ കൊച്ച് കുഞ്ഞ് വിളിച്ച മുദ്രാവാക്യം എന്തായാലും അവന്റെ സൃഷ്ടിയാവില്ല. അത് ആരെങ്കിലും പഠിപ്പിച്ചത് തന്നെയാവും. കുരുന്ന് മനസില്‍ വിദ്വേഷം കുത്തിവെക്കാനുള്ള മുതിര്‍ന്നവരുടെ ശ്രമം ഹീനവും അപകടകരവുമാണ്.
ഒരു കുരുന്ന് അങ്ങിനെ വിളിക്കുമ്പോള്‍ തടയുന്നതിന് പകരം ഏറ്റ് പാടി ആഘോഷിച്ച് നടക്കുന്ന, വിഭാഗീയതയില്‍ ആനന്ദം കണ്ടെത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തണം. വര്‍ഗീയത വിനാശമാണ്. വര്‍ഗീയവാദികള്‍ പരസ്പരം വളരാന്‍ എക്കാലത്തും പ്രചോദനം കൊടുത്ത് കൊണ്ടേയിരിക്കും.
ആ കുഞ്ഞിനെ കൊണ്ട് ഇത് പറയിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കണം,’ ഷാഫി പറമ്പില്‍ പറഞ്ഞു.
റാലിയിലെ വിവാദ മുദ്രാവാക്യം സംബന്ധിച്ച് പൊലീസ് കേസെടുത്തിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
റിപ്പബ്ലിക്കിനെ സംരക്ഷിക്കൂ എന്ന തലക്കെട്ടില്‍ ആലപ്പുഴയില്‍ നടന്ന ജനമഹാ സമ്മേളനത്തില്‍ കുട്ടി മുഴക്കിയ മുദ്രാവാക്യമാണ് വിവാദമായത്.
ഇതിനിടെ പ്രകടനത്തില്‍ കുട്ടി മുദ്രാവാക്യം വിളിച്ച കാര്യം സ്ഥിരീകരിച്ച് പോപ്പുലര്‍ ഫ്രണ്ട് രംഗത്ത് വന്നിരുന്നു. എന്നാല്‍ വിളിച്ചത് സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ലെന്നാണ് നേതാക്കളുടെ വിശദീകരണം.
രണ്ട് ദിവസം മുന്‍പാണ് ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനം നടന്നത്. പ്രകടനത്തിനിടെ ഒരാളുടെ തോളത്തിരുന്ന് ചെറിയ കുട്ടി പ്രകോപനപരമായ മുദ്രവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വിവിധ മത വിഭാഗങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു മുദ്രാവാക്യം.