തമ്മിലടിപ്പിക്കല്‍ ശ്വാസവായുവും തൊഴിലുമാക്കിയ പി.സി ജോര്‍ജ്ജിനെതിരെ കേസെടുത്ത് ജയിലിലിടാന്‍ പൊലീസ് തയ്യാറാകണം: ഷാഫി പറമ്പില്‍ എം.എല്‍.എ
Kerala
തമ്മിലടിപ്പിക്കല്‍ ശ്വാസവായുവും തൊഴിലുമാക്കിയ പി.സി ജോര്‍ജ്ജിനെതിരെ കേസെടുത്ത് ജയിലിലിടാന്‍ പൊലീസ് തയ്യാറാകണം: ഷാഫി പറമ്പില്‍ എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th April 2022, 11:34 am

കോഴിക്കോട്: ഹിന്ദുമഹാ സമ്മേളനത്തില്‍ കടുത്ത മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ്ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എം.എല്‍.എ.

തമ്മിലടിപ്പിക്കല്‍ ശ്വാസവായുവും തൊഴിലുമാക്കിയ പി.സി ജോര്‍ജ്ജിനെ കേസെടുത്ത് ജയിലിലിടാന്‍ പൊലീസ് തയ്യാറാകണമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.സാംക്രമിക രോഗമായി പടരാന്‍ ആഗ്രഹിക്കുന്ന വര്‍ഗീയതയുടെ സഹവാസിയാണ് പി.സി ജോര്‍ജ്ജെന്നും ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ലവ് ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും മുസ്‌ലിങ്ങളുടെ ഹോട്ടലുകളില്‍ ഒരു ഫില്ലര്‍ ഉപയോഗിച്ച് ചായയില്‍ ഒരു മിശ്രിതം ചേര്‍ത്ത് ജനങ്ങളെ വന്ധ്യംകരിക്കുകയാണെന്നുമുള്‍പ്പടെ നിരവധി തെറ്റിദ്ധാരണാജനകമായ പ്രസ്താവനകളാണ് പി.സി. ജോര്‍ജ് പ്രസംഗത്തിലുടനീളം സംസാരിച്ചത്. പി.സി ജോര്‍ജ്ജിന്റെ പ്രസ്താവനക്കെതിരെ യൂത്ത് ലിഗ് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുമുണ്ട്.

വളരെ സൗഹാര്‍ദപൂര്‍വം ജനങ്ങള്‍ അധിവസിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത പറഞ്ഞും പ്രസംഗിച്ചും ചേരിതിരിവുണ്ടാക്കാനുള്ള പരിശ്രമങ്ങള്‍ ഒരു തരത്തിലും അനുവദിച്ചുകൂടെന്നും ഹിന്ദു മഹാപരിഷത്ത് വേദിയില്‍ നടത്തിയ പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു പി.സി ജോര്‍ജ്ജെന്നും പരാതിയില്‍ പറയുന്നു.

കച്ചവടം ചെയ്യുന്ന മുസ്‌ലിങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു, മുസ്‌ലിങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിങ്ങളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്‌ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു, തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചത്. ഇതെല്ലാം മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനും മറ്റു സമുദായത്തിലെ വിശ്വാസികള്‍ക്കും ഇവര്‍ക്കുമിടയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് കാരണമാകുക.

ഇത്തരം പ്രസ്താവന നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കേണ്ടത് നമ്മുടെ നാട്ടില്‍ ക്രമസമാധാനവും മതസൗഹാര്‍ദ്ധവും നിലനിര്‍ത്താന്‍ അനിവാര്യമാണ്. ആയതിനാല്‍, ഐ.പി.സി 153 എ പ്രകാരവും മറ്റു വകുപ്പുകള്‍ പ്രകാരവും ഇദ്ദേഹത്തിനെതിരെ കേസെടുത്ത് നിയമ നടപടികള്‍ സ്വീകരിക്കണം എന്നും യൂത്ത് ലീഗ് നല്‍കിയ പരാതിയില്‍ പറയുന്നു.

അതേസമയം പി.സി ജോര്‍ജിന്റെ പരാമര്‍ശനത്തിനെതിരെ സര്‍ക്കാരില്‍ നിന്നോ ഇടതുപക്ഷത്തുനിന്നോ പ്രതികരണം വരാത്തതിലും സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമുണ്ട്. തീവ്ര വര്‍ഗീയ ഭാഷണങ്ങളും വെല്ലുവിളികളും മുമ്പില്ലാത്തവിധം ശക്തിപ്പെടുകയാണെന്നും എന്നിട്ടും ഒരു ചെറുവിരലനക്കാന്‍ രാഷ്ട്രീയ നേതൃത്വമോ ആഭ്യന്തര വകുപ്പോ തയ്യാറാവുന്നില്ലെന്നുമുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.

വര്‍ഗീയവിഷം ചീറ്റി പ്രസംഗിച്ച ശേഷം കേരളത്തില്‍ സുഖകരമായി ഉറങ്ങാനും ഉണരാനും മറ്റൊരു പ്രഭാഷണത്തിന് കുപ്പായമിട്ട് ഇറങ്ങാനും പറ്റുന്നുണ്ടെങ്കില്‍ കുഴപ്പം ജോര്‍ജ്ജിന്റേതു മാത്രമല്ലെന്നും വിഷം വമിപ്പിക്കാന്‍ അനുകൂലമായ സാഹചര്യം ഒരുക്കിക്കൊടുക്കുന്നവരെല്ലാം കുറ്റക്കാരാണെന്നുമാണ് വിമര്‍ശനം. ഇത്തരമൊരു പ്രഭാഷണം നടത്തിയ ജോര്‍ജ്ജിനെ ഉടന്‍ അറസ്റ്റു ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

Content Highlight: Shafi Parambil against P.C. George