പ്രേമത്തിന് പ്രത്യേകിച്ച് ഒരു കഥയുമില്ല; അദ്ദേഹത്തിന് മനസിലായത് കൊണ്ട് മാത്രം സിനിമയായി: ശബരീഷ്
Entertainment
പ്രേമത്തിന് പ്രത്യേകിച്ച് ഒരു കഥയുമില്ല; അദ്ദേഹത്തിന് മനസിലായത് കൊണ്ട് മാത്രം സിനിമയായി: ശബരീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 21st October 2024, 10:30 am

2015ല്‍ നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് പ്രേമം. സായ് പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവര്‍ നായികമാരായി എത്തിയ ചിത്രം വലിയ വിജയമായിരുന്നു.

ശബരീഷ് വര്‍മ, കൃഷ്ണ ശങ്കര്‍, സിജു വില്‍സണ്‍, അനന്ത് നാഗ്, വിനയ് ഫോര്‍ട്ട്, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍ തുടങ്ങിയ വന്‍ താരനിര തന്നെ ഈ സിനിമക്കായി ഒന്നിച്ചിരുന്നു. ഇന്നും മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്നാണ് പ്രേമം. അന്‍വര്‍ റഷീദായിരുന്നു ചിത്രം നിര്‍മിച്ചത്.

പ്രേമത്തിന്റെ കഥ അന്‍വര്‍ റഷീദിന് മനസിലായത് കൊണ്ടാണ് ആ സിനിമയുണ്ടായതെന്നും ഇല്ലെങ്കില്‍ പ്രേമം ഇന്നും നടക്കില്ലായിരുന്നുവെന്നും പറയുകയാണ് ശബരീഷ്. ആ സിനിമക്ക് പ്രത്യേകിച്ച് ഒരു കഥയില്ലെന്നും സാഹചര്യങ്ങള്‍ മാത്രമാണുള്ളതെന്നും നടന്‍ പറയുന്നു.

ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശബരീഷ് വര്‍മ. സിനിമയെ പോലെ തന്നെയാണ് പാട്ടുകളുടെ അവസ്ഥയെന്നും നടന്‍ പറഞ്ഞു. എസ്ര സിനിമയിലെ ലൈലാകമേ എന്ന പാട്ടിനെ കുറിച്ചും ശബരീഷ് അഭിമുഖത്തില്‍ സംസാരിച്ചു.

‘പ്രേമത്തിന്റെ കഥ എന്താണ്? അത് അമ്പുക്കക്ക് (അന്‍വര്‍ റഷീദ്) കത്തിയത് കൊണ്ടാണല്ലോ ഒരു സിനിമയായത്. ഇല്ലെങ്കില്‍ ഇത് ഇന്നും നടക്കില്ലായിരുന്നു. ആ സിനിമക്ക് പ്രത്യേകിച്ച് ഒരു കഥയില്ലല്ലോ. സാഹചര്യങ്ങള്‍ മാത്രമാണ് പ്രേമം സിനിമയിലുള്ളത്. ഒരു സിനിമ നടക്കണമെങ്കില്‍ കറക്ടായിട്ടുള്ള ആള്‍ക്ക് കത്തണം എന്നുള്ളതാണ് കാര്യം. സിനിമയുടെ അവസ്ഥ അങ്ങനെയാണ്.

സമാനമാണ് ഓരോ പാട്ടുകളുടെയും അവസ്ഥ. ലൈലാകമേ എന്ന പാട്ട് കേള്‍ക്കുമ്പോള്‍ ഓര്‍ത്തഡോക്‌സായി ചിന്തിക്കുന്ന ആളുകള്‍ ലൈലാകമോ എന്ന് ആലോചിക്കും. എന്താണ് ആ സാധനമെന്ന് അവര്‍ ചിന്തിക്കാതിരിക്കില്ല. അതില്‍ ഒരു പുതുമയുണ്ട്. അത് മനസിലാക്കുന്ന ഡയറക്ടര്‍ ആണെങ്കില്‍ മാത്രമേ പാട്ട് വര്‍ക്കാകുകയുള്ളൂ,’ ശബരീഷ് വര്‍മ പറയുന്നു.


Content Highlight: Shabareesh Varma Talks About Premam Movie And Anwar Rasheed