വീണ്ടും പരാതി, സെക്‌സി ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി
Kerala
വീണ്ടും പരാതി, സെക്‌സി ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th November 2017, 4:06 pm

തിരുവനന്തപുരം: സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത  സെക്‌സി ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി. സിനിമയുടെ പേരിനെതിരെ വീണ്ടും പരാതി ഉയര്‍ന്നതോടെയാണ് നടപടി. സിനിമ വീണ്ടും സെന്‍സര്‍ ചെയ്യണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്.

ആദ്യം ചിത്രം പരിശോധിച്ച സെന്‍സര്‍ ബോര്‍ഡ്, സെക്‌സി ദുര്‍ഗ എന്ന പേര് മാറ്റണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ചിത്രത്തിന്റെ പേര് എസ് ദുര്‍ഗ എന്നാക്കി ശേഷമാണ് U/A സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

എന്നാല്‍ പുതിയ ടൈറ്റില്‍ കാര്‍ഡില്‍ എസ് എന്നതിനൊപ്പം ചില ചിഹ്നങ്ങള്‍ കൂടി ഉപയോഗിച്ചതായും അത് തെറ്റിദ്ധാരണാജനകമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജൂറി ചിത്രത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. കോടതി ഉത്തരവിനെ തുടര്‍ന്ന് ഇന്നലെ ചിത്രം പ്രദര്‍ശിച്ചപ്പോഴാണ് ചിത്രത്തിന്റെ ഇത് ശ്രദ്ധയില്‍പ്പെട്ടതെന്നും പരാതിയില്‍ പറയുന്നുണ്ട്.

ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കരുതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഗോവ ഫിലിം ഫസ്റ്റിവലില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നെങ്കിലും ഇതുവരെ പ്രദര്‍ശിപ്പിച്ചിരുന്നില്ല.

എസ് ദുര്‍ഗ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ കാണിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പുതിയ നീക്കം ചിത്രത്തിന്റെ കേരളത്തിലെ പ്രദര്‍ശനത്തേയും ബാധിക്കും.

അതേ സമയം ഹൈക്കോടതി ഉത്തരവ് മറികടക്കാനുള്ള ഗൂഢനീക്കമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്ന് സനല്‍ കുമാര്‍ ശശിധരന്‍ പ്രതികരിച്ചു.