Entertainment
എന്നെ കണ്ടതും ഫഹദ് എഴുന്നേറ്റ് 'ഒളിച്ചോട്ടക്കാരിയല്ലേ'യെന്ന് ചോദിച്ചു; എനിക്ക് അത് മതിയായിരുന്നു: മഞ്ജുഷ കോലോത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 05, 01:14 am
Saturday, 5th April 2025, 6:44 am

ഒരുകാലത്ത് നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് മഞ്ജുഷ കോലോത്ത്. 2006ല്‍ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ എത്തിയ രസതന്ത്രം എന്ന സിനിമയിലൂടെയാണ് മഞ്ജുഷ തന്റെ കരിയര്‍ ആരംഭിക്കുന്നത്.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരി ആയിട്ടാണ് നടി വേഷമിട്ടത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ മഞ്ജുഷക്ക് സാധിച്ചു. കൂടുതലും സത്യന്‍ അന്തിക്കാടന്‍ ചിത്രങ്ങളില്‍ തന്നെയാണ് നടി അഭിനയിച്ചത്.

ഇതില്‍ സത്യന്‍ അന്തിക്കാടിന്റെ കഥ തുടരുന്നു എന്ന സിനിമയിലെ കെ.പി.എ.സി. ലളിതയുടെ മകളുടെ വേഷം ഏറെ ഓര്‍മിക്കപ്പെടുന്നതാണ്. ഇപ്പോള്‍ ആ സിനിമയിലെ വേഷത്തെ കുറിച്ചും നടന്‍ ഫഹദ് ഫാസില്‍ തന്നെ ഓര്‍ത്തതിനെ കുറിച്ചും പറയുകയാണ് മഞ്ജുഷ കോലോത്ത്. മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘എന്റെ സിനിമകളില്‍ കഥ തുടരുന്നു, പാപ്പി അപ്പച്ച എന്നീ സിനിമകളാണ് ആളുകള്‍ക്ക് പെട്ടെന്ന് ഓര്‍മയുള്ളത്. കഥ തുടരുന്നു സിനിമയില്‍ ലളിത ചേച്ചിയുടെ മകളായിട്ടാണ് അഭിനയിച്ചത്.

പൂജാരിയുടെ കൂടെ ഒളിച്ചോടി പോകുന്ന സീനുണ്ട്. സത്യത്തില്‍ ആ ഒരു റോള്‍ പറഞ്ഞിട്ടാണ് അധികപേരും എന്നെ തിരിച്ചറിയുന്നത്. ഒളിച്ചോട്ടക്കാരി (ചിരി).

ഞാന്‍ പ്രകാശന്‍ എന്ന സിനിമയില്‍ ചെറിയ ഒരു റോള്‍ ചെയ്തിരുന്നു. അപ്പോള്‍ അവിടെ വെച്ചിട്ടായിരുന്നു ഞാന്‍ ഫഹദിനെ ആദ്യമായി കാണുന്നത്. സത്യന്‍ സാറിനോട് ഞാന്‍ എനിക്ക് അദ്ദേഹത്തെ ഒന്ന് പരിചയപ്പെടുത്തി തരുമോയെന്ന് ചോദിച്ചു.

പിന്നെ ഫഹദിന്റെ അടുത്തേക്ക് ചെന്നു. അന്ന് ഫഹദ് എഴുന്നേറ്റ് നിന്ന് പറഞ്ഞത് ‘ഒളിച്ചോട്ടക്കാരിയല്ലേ. പരിചയപ്പെടുത്തേണ്ട ആവശ്യമില്ല’ എന്നായിരുന്നു. അതിലും വലിയ സന്തോഷം നമുക്ക് കിട്ടാനുണ്ടോ. ഇത്രയും വലിയ ആക്ടര്‍ നമ്മളുടെ കഥാപാത്രത്തിലൂടെ നമ്മളെ തിരിച്ചറിയുകയല്ലേ. എനിക്ക് അത് മതിയായിരുന്നു,’ മഞ്ജുഷ കോലോത്ത് പറയുന്നു.


Content Highlight: Manjusha Kolooth Talks About Fahadh Faasil