'രാജ്യത്തെ മികച്ച ബുദ്ധിജീവിയാകുമായിരുന്ന ഒരാളുടെ ഇൻസ്റ്റിറ്റ്യൂഷണൽ മര്‍ഡര്‍ മറവിക്ക് വിട്ടുകൊടുക്കരുത്': വെമുലയെ ഓര്‍ത്ത് പ്രമുഖര്‍
natioanl news
'രാജ്യത്തെ മികച്ച ബുദ്ധിജീവിയാകുമായിരുന്ന ഒരാളുടെ ഇൻസ്റ്റിറ്റ്യൂഷണൽ മര്‍ഡര്‍ മറവിക്ക് വിട്ടുകൊടുക്കരുത്': വെമുലയെ ഓര്‍ത്ത് പ്രമുഖര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th January 2023, 5:23 pm

ന്യൂദല്‍ഹി: ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ ഓര്‍മകള്‍ക്ക് ഏഴ് വര്‍ഷം പൂര്‍ത്തിയാകുകയാണ്. ജാതി വിവേചനത്തില്‍ പ്രതിഷേധിച്ച് 2016 ജനുവരി 17നാണ് ഹോസ്റ്റല്‍ മുറിയില്‍ രോഹിത് ജീവനൊടുക്കുന്നത്.

രാഷ്ട്രീയ സിനിമാ മേഖലയിലെ നിരവധി പേരാണ് വെമുലയുടെ ഓര്‍മ ദിനത്തില്‍ അദ്ദേഹത്തിന് സ്മരണാഞ്ജലിയുമായി എത്തുന്നത്.

സാമൂഹ്യനീതിക്ക് വേണ്ടി ജീവന്‍ നഷ്ടപ്പെട്ടയാളാണ് രോഹിത് എന്നായിരുന്നു വി.സി.കെ പാര്‍ട്ടി അധ്യക്ഷനും എം.പിയുമായ തോല്‍. തിരുമാവളവന്‍ ട്വീറ്റ് ചെയ്തത്. വെമുലയുടെ ചത്രത്തിന് മുന്നില്‍ പുഷ്പാര്‍ചന നടത്തുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു.

വെമുലയുടെ ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡര്‍ മറവിക്ക് വിട്ടുകൊടുക്കരുതെന്ന് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനും ബി.എസ്.പി ലീഡറുമായ ഡോ. ആര്‍.എസ്. പ്രവീണ്‍ കുമാര്‍ പറഞ്ഞു. രാജ്യത്തെ മികച്ച ബുദ്ധിജീവികളിലൊളായി മാറാമായിരുന്ന ഒരാളായിരുന്നു രോഹിത്തെന്നും ഡോ. ആര്‍.എസ്. പ്രവീണ്‍ കുമാര്‍ പറഞ്ഞു.

‘ഈ ദിനം രാഹിത് വെമുലയെ ഓര്‍ക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ബുദ്ധിജീവികളില്‍ ഒരാളായി മാറാന്‍ കഴിയുമായിരുന്ന ഒരാളായിരുന്നു വെമുല. ഈ പണ്ഡിതന്റെ ‘ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡര്‍ഡര്‍’ ഞങ്ങള്‍ മറക്കില്ല. സഹോദരാ. ഞങ്ങള്‍
എല്ലാവരുടെ ചിന്തകളിലും അവസാനം വരെ നിങ്ങള്‍ ജീവിക്കും,’ പ്രവീണ്‍ കുമാര്‍ ട്വീറ്റ് ചെയ്തു.

‘നിങ്ങള്‍ എപ്പോഴും ജീവിക്കും’ എന്നായിരുന്നു വെമുലയുടെ ഒരു ചിത്രം പങ്കുവെച്ച് ബോളിവുഡ് നടി സ്വര ഭാസ്‌ക്ക ട്വീറ്റ് ചെയ്തത്.

ഹൈദരാബാദ് സര്‍വകലാശാലയില്‍ നേരിട്ടിരുന്ന ദലിത് വിവേചനത്തില്‍ പ്രതിഷേധിച്ചായിരുന്നു 2016 ജനുവരി 17നാണ് ഹോസ്റ്റല്‍ മുറിയില്‍ രോഹിത് ജീവനൊടുക്കുന്നത്.

ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി ആയിരുന്ന രോഹിത് വെമുല അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ മുന്‍നിര പ്രവര്‍ത്തകന്‍ കൂടി ആയിരുന്നു.

 

Content Highlight: Seven years to the memories of Rohit Vemula, who was a research student at the Central University of Hyderabad