Daily News
രക്താര്‍ബുദത്തെ ചെറുക്കാന്‍ 7 പുതിയ സൂക്ഷ്മാണുക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Nov 09, 07:48 am
Sunday, 9th November 2014, 1:18 pm

blood] പോണ്ടിച്ചേരി: രക്താര്‍ബുദത്തെ ചെറുക്കാന്‍ പ്രാപ്തിയുള്ള ഏഴ് പുതിയ സൂക്ഷ്മകണികകളെ കണ്ടെത്തിയതായി പോണ്ടിച്ചേരി സര്‍വ്വകലാശാല. സി.എം.എല്‍ അഥവാ ക്രോണിക് മൈലോജിനസ് ലുക്കീമിയ(സി.എം.എല്‍) എന്ന രക്താര്‍ബുദത്തിന്റെ ചികിത്സക്കാണ് ഈ കണികകള്‍ ഫലപ്രദമാവുക. രക്തകണികകളുടെ തുലനാവസ്ഥയെ ബാധിക്കുന്ന രീതിയില്‍ മജ്ജയിലെ ശ്വേതരക്താണുക്കളിലുണ്ടാകുന്ന വളര്‍ച്ചയാണ് സി.എം.എല്‍ എന്ന രക്താര്‍ബുദം.

ബയോകെമിസ്ട്രി ആന്റ് മോളിക്യുലാര്‍ ബയോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ ആര്‍. ബാസ്‌കര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എം. സുരേഷ് കുമാര്‍, ഗവേഷക വിദ്യാര്‍ത്ഥികളായ ഹേമന്ത് നായിക് ബനവത് ഓം പ്രകാശ് ശര്‍മ്മ തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് ഈ കണ്ടെത്തലിന്റെ പിന്നില്‍. ഇതുവരെ നാമകരണം ചെയ്തിട്ടില്ലാത്ത ഏഴ് സൂക്ഷമാണുക്കളില്‍ (DB07107, DB06977, ST013616, DB04200, ST007180, ST019342 ,DB01172 തുടങ്ങിയവയില്‍)അഞ്ചെണ്ണത്തിന് നിലവില്‍  വില്‍പ്പനയിലുള്ള മരുന്നുകളേക്കാള്‍ കൂടുതല്‍ രക്താര്‍ബുദത്തെ ചെറുക്കാനുള്ള കഴിവുണ്ടെന്ന് ഇവര്‍ കണ്ടെത്തിയിട്ടുണ്ട്.

blood

പുതുതായി കണ്ടെത്തിയ ഈ കണികകള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന മരുന്നുകള്‍ക്ക് നിലവില്‍ വിപണിയില്‍ ലഭ്യമായ മരുന്നകളേക്കാള്‍ സി.എം.എല്‍ രക്താര്‍ബുദത്തിന്റെ വളര്‍ച്ചയെ തടയാനുള്ള കഴിവുണ്ട് എന്ന് ആര്‍. ബാസ്‌കര്‍ പറയുന്നു.

നിലവിലുള്ള മരുന്നുകള്‍ രോഗികളില്‍ ഫലപ്രദമാവാത്ത സാഹചര്യത്തിലാണ് ഈ പുതിയ കണികകള്‍ ചേര്‍ത്ത മരുന്നുകളുടെ പ്രാധാന്യം. മാത്രവുമല്ല വിപണിയിലുള്ള മരുന്നുകളേക്കാള്‍ ചിലവ് കുറവും ആയിരിക്കും.

കണ്ടെത്തലുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്താരാഷ്ട്ര മാധ്യമമായ നാച്ച്വര്‍: സയിന്റിഫിക് റിപോര്‍ട്ടില്‍ ഉടന്‍ പ്രസിദ്ധീകരിക്കും. ഇതുമീയി ബന്ധപ്പെട്ട പേറ്റന്റ് എടുക്കാനുള്ള തായ്യാറെടുപ്പിലണ് ഈ ഗവേഷകസംഘം.