Entertainment
അച്ഛന്‍ എഴുതും, പത്രപ്രവര്‍ത്തകനാണ് എന്നൊക്കെ മാത്രമേ അറിയുള്ളൂ, എന്നാല്‍ അദ്ദേഹത്തിന്റെ വലിപ്പം എത്രത്തോളമുണ്ടെന്ന് മനസിലായത് അന്നായിരുന്നു: അശ്വതി നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 12, 10:29 am
Saturday, 12th April 2025, 3:59 pm

മലയാളസാഹിത്യത്തിലെ പകരം വെക്കാനില്ലാത്ത പ്രതിഭയാണ് എം.ടി വാസുദേവന്‍ നായര്‍. നോവലുകളിലൂടെയും ചെറുകഥകളിലൂടെയും മലയാളിയെ തന്റെ അക്ഷരങ്ങള്‍ കൊണ്ട് പിടിച്ചിരുത്താന്‍ കഴിഞ്ഞ എഴുത്തുകാരനാണ് എം.ടി. തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ മേഖലകളിലും തന്റെ കയ്യൊപ്പ് പതിപ്പിച്ച എം.ടിയെ രാജ്യം ജ്ഞാനപീഠം നല്‍കി ആദരിച്ചിട്ടുണ്ട്.

എം.ടി വാസുദേവന്‍ നായരെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് മകള്‍ അശ്വതി വി. നായര്‍. അച്ഛന്‍ എഴുതാറുണ്ടെന്നും പത്രപ്രവര്‍ത്തകനാണെന്നും മാത്രമേ ചെറുപ്പത്തില്‍ അറിഞ്ഞിരുന്നുള്ളൂവെന്ന് അശ്വതി വി. നായര്‍ പറഞ്ഞു. സിനിമക്ക് കഥയെഴുതാറുണ്ടെന്ന് മനസിലായത് വീട്ടില്‍ ഇടക്കിടക്ക് ആളുകള്‍ ഡിസ്‌കഷന് വരുമ്പോഴായിരുന്നെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അദ്ദേഹത്തിന്റെ വലിപ്പം എത്രത്തോളമുണ്ടെന്ന് മനസിലായത് സ്‌കൂളില്‍ പഠിക്കുന്ന സമയത്തായിരുന്നെന്ന് അശ്വതി പറയുന്നു. എട്ടാം ക്ലാസില്‍ എം.ടിയുടെ ഒരു കഥ തനിക്ക് പഠിക്കാനുണ്ടായിരുന്നെന്നും അത് പഠിപ്പിക്കുമ്പോള്‍ അധ്യാപികയും മറ്റ് കുട്ടികളും തന്നെ ഇടക്കിടക്ക് നോക്കുമായിരുന്നെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു.

MT Vasudevan Nair is in critical condition

ആദ്യമൊക്കെ അത് തനിക്ക് വല്ലാത്തൊരു അസ്വസ്ഥതയുണ്ടാക്കിയെന്നും പിന്നീട് അത് മാറിയെന്നും അശ്വതി പറഞ്ഞു. മലയാളത്തിലെ മഹാന്മാരായിട്ടുള്ള എഴുത്തുകാരുടെ കഥകളുടെ കൂടെ ജീവിച്ചിരിക്കുന്ന തന്റെ അച്ഛന്റെ കഥയും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത് തനിക്ക് അഭിമാനം സമ്മാനിച്ചെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അശ്വതി വി. നായര്‍.

‘അച്ഛന്‍ എഴുതാറുണ്ടെന്ന് മാത്രമേ കുട്ടിക്കാലത്ത് അറിയുമായിരുന്നുള്ളൂ. മാതൃഭൂമിയില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്, പത്രപ്രവര്‍ത്തകനാണ്, പിന്നെ ഇടക്ക് സിനിമക്ക് കഥയെഴുതിയിട്ടുണ്ടെന്ന് അറിയാം. ഇടക്കൊക്കെ സിനിമാക്കാര്‍ വീട്ടില്‍ ഡിസ്‌കഷന് വരുമായിരുന്നു. പക്ഷേ, അച്ഛന്റെ വലുപ്പം എത്രത്തോളമുണ്ടെന്ന് മനസിലായത് സ്‌കൂളില്‍ പഠിക്കുമ്പോഴായിരുന്നു.

എട്ടാം ക്ലാസില്‍ അച്ഛന്‍ എഴുതിയ ഒരു കഥ ഞങ്ങള്‍ക്ക് പഠിക്കാനുണ്ടായിരുന്നു. ആ ചാപ്റ്റര്‍ എടുക്കുന്ന സമയത്ത് ടീച്ചറും ബാക്കി സ്റ്റുഡന്റും എന്നെത്തന്നെ ഇടക്ക് നോക്കിക്കൊണ്ടിരിക്കും. ആദ്യമൊക്കെ അതെനിക്ക് ചെറിയ അസ്വസ്ഥതയുണ്ടാക്കി. എന്നാല്‍ പിന്നീട് ആ ബുക്കിലുള്ള ബാക്കി കഥകള്‍ നോക്കി. മലയാളത്തിലെ മികച്ച സാഹിത്യകാരുടെ സൃഷ്ടികള്‍ക്കൊപ്പം ജീവിച്ചിരിക്കുന്ന എന്റെ അച്ഛന്റെ കഥയും ഉണ്ടെന്ന് മനസിലായപ്പോള്‍ അഭിമാനമായിരുന്നു,’ അശ്വതി വി. നായര്‍ പറയുന്നു.

Content Highlight: Aswathy V Nair shares the memories of MT Vasudevan Nair