Entertainment
അടുപ്പിച്ച് മൂന്ന് സിനിമകളില്‍ ആ നടിയെ ബലാത്സംഗം ചെയ്യുന്ന വേഷമായിരുന്നു എനിക്ക്, മൂന്നാമതും എന്നെ കണ്ടപ്പോള്‍ അവര്‍ ഒരു ചോദ്യം ചോദിച്ചു: സുരേഷ് കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 12, 09:52 am
Saturday, 12th April 2025, 3:22 pm

സീരിയല്‍ രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ താരമാണ് സുരേഷ് കൃഷ്ണ. വിനയന്‍ സംവിധാനം ചെയ്ത കരുമാടിക്കുട്ടനിലെ വില്ലന്‍ വേഷം അവതരിപ്പിച്ചു കൊണ്ടാണ് മലയാളസിനിമയില്‍ അരങ്ങേറിയത്. 24 വര്‍ഷത്തെ കരിയറില്‍ നിരവധി കഥാപാത്രങ്ങളെ താരം പകര്‍ന്നാടി. കരിയറിന്റെ തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളില്‍ ശ്രദ്ധ നല്‍കിയ സുരേഷ് കൃഷ്ണ പിന്നീട് കോമഡിയിലേക്ക് ചേക്കേറുകയായിരുന്നു.

കരിയറിന്റെ തുടക്കത്തില്‍ നായികയെ ബലാത്സംഗം ചെയ്യുന്ന കഥാപാത്രങ്ങളായിരുന്നു തനിക്ക് കൂടുതലും കിട്ടിയിരുന്നതെന്ന് സുരേഷ് കൃഷ്ണ പറഞ്ഞു. ആളുകളെ കൊല്ലാനും നായികയെ ബലാത്സംഗം ചെയ്യാനും മാത്രമായിരുന്നു തന്നെ പല സിനിമകളിലേക്കും വിളിച്ചതെന്നും പല സിനിമകളിലും ഇത് ആവര്‍ത്തിച്ചെന്നും സുരേഷ് കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

ആ സമയത്ത് നന്ദിനി എന്ന നടിയെ അടുപ്പിച്ച് മൂന്ന് സിനിമകളില്‍ ബലാത്സംഗം ചെയ്യുന്ന കഥാപാത്രമായിരുന്നു തനിക്ക് ലഭിച്ചിരുന്നതെന്ന് സുരേഷ് കൃഷ്ണ പറഞ്ഞു. മൂന്നാമത്തെ സിനിമയിലും തന്നെ കണ്ടപ്പോള്‍ താന്‍ തന്നെയാണോ വീണ്ടും എന്ന് നന്ദിനി ചോദിച്ചെന്നും തനിക്ക് അത് കേട്ട് ചിരി വന്നെന്നും സുരേഷ് കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

അധികം റീടേക്ക് എടുക്കാതെ പെട്ടെന്ന് ആ സീന്‍ തീര്‍ക്കാമെന്ന് താന്‍ നന്ദിനിയോട് പറഞ്ഞെന്നും സുരേഷ് കൃഷ്ണ പറയുന്നു. അത്തരം വേഷങ്ങളില്‍ നിന്ന് ഈയടുത്താണ് മോചനം ലഭിച്ചതെന്നും സുരേഷ് കൃഷ്ണ കൂട്ടിച്ചേര്‍ത്തു. കോമഡി വേഷങ്ങളും തനിക്ക് ചേരുമെന്ന് പലര്‍ക്കും ഇപ്പോള്‍ മനസിലായെന്നും സുരേഷ് കൃഷ്ണ പറഞ്ഞു. മരണ മാസിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പ്രസ്മീറ്റില്‍ സംസാരിക്കുകയായിരുന്നു സുരേഷ് കൃഷ്ണ.

‘ആദ്യകാലങ്ങളില്‍ നായികയെ ബലാത്സംഗം ചെയ്യുന്ന വേഷത്തിന് മാത്രമേ എന്നെ വിളിക്കാറുണ്ടായിരുന്നുള്ളൂ. എന്റെ ഈ ഹൈറ്റും രൂപവുമൊക്കെ കണ്ടപ്പോള്‍ അത്തരം വേഷങ്ങള്‍ക്ക് ഞാന്‍ ചേരുമെന്ന് അവര്‍ വിചാരിച്ചുകാണും. എല്ലാ പടത്തിലും ഇത് തന്നെ റിപ്പീറ്റ് ചെയ്യുകയായിരുന്നു. പിന്നെ നായകന്റെ അടി കൊള്ളാനും എന്നെ വിളിക്കും.

നന്ദിനി എന്ന നടിയുമായി മൂന്ന് സിനിമ അടുപ്പിച്ച് ചെയ്തിട്ടുണ്ട്. മൂന്ന് പടത്തിലും അവരെ ആക്രമിക്കുന്ന ക്യാരക്ടറായിരുന്നു എനിക്ക്. മൂന്നാമത്തെ സിനിമയിലും ഞാനാണെന്ന് അറിഞ്ഞപ്പോള്‍ ‘നിങ്ങള്‍ തന്നെയാണോ ഇതിലും’ എന്നാണ് അവര്‍ ചോദിച്ചത്. ആ സിനിമയുടെ ഡയറക്ടര്‍ക്കൊന്നും ഇത് അറിയില്ലല്ലോ. അധികം റീടേക്കെടുക്കാതെ പെട്ടെന്ന് സീന്‍ തീര്‍ക്കാമെന്ന് ഞാന്‍ നന്ദിനിയോട് പറഞ്ഞു. അത്തരം വേഷങ്ങളില്‍ നിന്ന് ഒരു മോചനം കിട്ടുന്നത് ഇപ്പോഴാണ്,’ സുരേഷ് കൃഷ്ണ പറഞ്ഞു.

Content Highlight: Suresh Krishna about the films he got in early days of his career