ചെന്നൈ: തമിഴ്‌നാട്ടിലെ ബി.ജെ.പി-എ.ഐ.എ.ഡി.എം.കെ സഖ്യത്തിനെതിരെ വിമര്‍ശനവുമായി തമിഴ് നടനും തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) നേതാവുമായ വിജയ്. ബി.ജെ.പിയുടെ പരസ്യ പങ്കാളിയായ എ.ഐ.എ.ഡി.എം.കെയുടെ എന്‍.ഡി.എ സഖ്യത്തെ ജനങ്ങള്‍ നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണെന്നും അതുപോലെത്തന്നെ ഭരണകക്ഷിയായ ഡി.എം.കെ ബി.ജെ.പിയുടെ രഹസ്യ പങ്കാളിയാണെന്നും വിജയ് വിമര്‍ശിച്ചു. എ.ഐ.ഡി.എം.കെയെ ബി.ജെ.പി പങ്കാളിയാക്കിയതില്‍ അത്ഭുതപ്പെടാനില്ലെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഡി.എം.കെയും ടി.വി.കെയും തമ്മിലാണ് പോരാട്ടം നടക്കുകയെന്നും അവിടെ എ.ഐ.എ.ഡി.എം.കെക്ക് സ്ഥാനമില്ലെന്നും വിജയ് പറഞ്ഞു.
സ്ഥാപകനായ എം.ജി.ആറുടെ ആദര്‍ശങ്ങളില്‍ നിന്ന് ഏറെ അകലെയാണ് ഇപ്പോള്‍ എ.ഐ.എ.ഡി.എം.കെ. അതിനാല്‍ ഇപ്പോള്‍ എം.ജി. ആറിന്റെ അനുഗ്രഹം ടി.വി.കെക്കൊപ്പമാണെന്നും വിജയ് അവകാശപ്പെട്ടു.
ഇന്നലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ എടപ്പാടി പളനി സ്വാമിയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ വീണ്ടും എന്‍.ഡി.എ മുന്നണിയുടെ ഭാഗമാകുമെന്ന് പ്രഖ്യാപിച്ചത്. 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണിയുടെ ഭാഗമായി ഇരുകക്ഷികളും ഒരുമിച്ച് മത്സരിക്കുമെന്നും അമിത് ഷാ അറിയിച്ചു.
മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി കൂടിയായ എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലായിരിക്കും തെരഞ്ഞെടുപ്പുകള്‍ നടക്കുകയെന്നും അമിത് ഷാ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിച്ചതിനുശേഷം സീറ്റ് വിതരണവും മന്ത്രിമാരുടെ വകുപ്പ് വിതരണവും സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ഇരു പാര്‍ട്ടികളും തമ്മില്‍ സഖ്യത്തിന് മുമ്പ് വ്യവസ്ഥകളൊന്നുമില്ലെന്നും എ.ഐ.എ.ഡി.എം.കെയുടെ ആഭ്യന്തര കാര്യങ്ങളില്‍ ബി.ജെ.പിക്ക് യാതൊരു പങ്കുമില്ലെന്നും അമിത് ഷാ വ്യക്തമാക്കി. നീറ്റ്, ത്രിഭാഷാ നയം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടികളുടെ നിലപാട് വ്യത്യസ്തമാണെങ്കിലും, സംസ്ഥാനത്തിനായുള്ള പൊതു നയത്തിനായി ഇരുവിഭാഗവും കൂടിയാലോചിച്ച് തീരുമാനമെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും സഖ്യത്തിലായിരുന്നു. അന്ന് ബി.ജെ.പി നാല് സീറ്റുകള്‍ നേടി. എന്നാല്‍ 2023 ല്‍ എ.ഐ.എ.ഡി.എം.കെ ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിച്ചു. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാന്‍ കഴിയാതെ പോയതോടെ തമിഴ്‌നാട്ടിലെ സ്വാധീനം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി
Content Highlight: Election fight in Tamil Nadu between DMK and TVK; AIADMK not in the picture; Vijay says his party has MGR’s blessings