ആ ജലശുദ്ധീകരണ വാഹനം സേവാഭാരതിയുടേതല്ല; സത്യാവസ്ഥ ഇതാണ്
Fact Check
ആ ജലശുദ്ധീകരണ വാഹനം സേവാഭാരതിയുടേതല്ല; സത്യാവസ്ഥ ഇതാണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd September 2018, 8:44 am

കോഴിക്കോട്: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തെ സഹായിക്കാന്‍ ഗുജറാത്തില്‍ നിന്ന് ഒരാഴ്ച്ച മുന്‍പെത്തിയ സെന്‍ട്രല്‍ സാള്‍ട്ട് ആന്‍ഡ് മറൈന്‍ കെമിക്കല്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഞ്ചരിക്കുന്ന ജല ശുദ്ധീകരണ വാഹനം തങ്ങളുടേതാക്കി സേവാഭാരതിയുടെ വ്യാജപ്രചരണം.

സേവാഭാരതിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നിന്നും കൊണ്ടുവന്ന കൂറ്റന്‍ ജലശുദ്ധീകരണ പ്ലാന്റ് എന്ന അടിക്കുറിപ്പോടെയാണ് ബി.ജെ.പി അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ചിത്രം പ്രചരിക്കുന്നത്. ബി.ജെ.പി നേതാവ് കെ.കെ മനോജ് അടക്കമുള്ളവരാണ് ഇത് പ്രചരിപ്പിക്കുന്നത്.

ALOS READ: പരിസ്ഥിതിലോല മേഖലകളില്‍ മാറ്റം വരുത്തരുത്: ദേശീയ ഹരിത ട്രിബ്യൂണല്‍

എന്നാല്‍ ഈ വാഹനം സി.എസ്.ഐ.ആര്‍ (Council of scientific and Industrial Research) ന്റെ കീഴിലുള്ള വാഹനമാണെന്നും CSIR-NIIST ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം കേരളത്തിലെത്തിയതാണെന്നും സോഷ്യല്‍ മീഡിയ തന്നെ വ്യക്തമാക്കുന്നു. ചെങ്ങന്നൂരുകാരും ഇക്കാര്യം ശരിവെച്ച് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

No automatic alt text available.

കഴിഞ്ഞ പത്ത്-പതിനഞ്ച് ദിവസമായി ചെങ്ങന്നൂരില്‍ ഈ വാഹനമുണ്ടെന്നാണ് സംഘപരിവാര്‍ അനുകൂല അക്കൗണ്ടുകളിലെ മറ്റൊരു വാദം. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ഈ വാഹനം ഗുജറാത്തില്‍ നിന്നെത്തിയതെന്ന് CSIR-NIIST ലെ സീനിയര്‍ റിസര്‍ച്ച് ഫെല്ലോയായ മുഹമ്മദ് യൂസഫ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിയ ശേഷം പ്രളയം ഏറെ നാശം വിതച്ച ചെങ്ങന്നൂരിലേക്ക് വാഹനം കൊണ്ടു വന്നു. ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാന്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതെന്ന് ചെങ്ങന്നൂരുകാരും സാക്ഷ്യപ്പെടുത്തുന്നു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജപ്രചരണങ്ങളിലൊന്ന്‌


WATCH THIS VIDEO: