ഒരു കാലത്ത് തമ്മില്‍ കണ്ടാല്‍ കടിച്ചു കീറുന്ന താരങ്ങളായിരുന്നു അര്‍ജന്റീനയുടെ ലയണല്‍ മെസിയും സ്‌പെയിനിന്റെ സെര്‍ജിയോ റാമോസും. ഫുട്‌ബോളിലെ തന്നെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നാണ് റയല്‍ മാഡ്രിഡ് -ബാഴ്‌സലോണ എല്‍ ക്ലാസ്സിക്കോ പോരാട്ടം. ഒരു കാലത്ത് റാമോസ് റയലിന്റെയും മെസി ബാഴ്‌സയുടെയും താരമായിരുന്നു.
എല്‍ ക്ലാസിക്കോയിലെ ലയണല്‍ മെസിയുടെയും സെര്‍ജിയോ റാമോസിന്റെയും ഏറ്റുമുട്ടലുകള്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. മത്സരത്തിന്റെ എല്ലാ ആവേശവും ഇരുവരുടെയും പോരാട്ടത്തില്‍ കാണാന്‍ സാധിച്ചിരുന്നു.
കീരിയും പാമ്പും എന്നറിയപ്പെട്ടിരുന്ന ഇരുവരും കഴിഞ്ഞ സീസണില്‍ ലീഗ് വണ്‍ ടീമായ പി.എസ്.ജിയില്‍ എത്തിയിരുന്നു. അതിന് ശേഷം മികച്ച സൗഹൃദമാണ് ഇരുവരും തമ്മിലുളളത്. ഇപ്പോഴിതാ മെസിയുടെ ഒരു ടീമില്‍ കളിക്കാന്‍ സാധിക്കുന്നത് ഒരു പ്രിവിലേജാണെന്നാണ് പറഞ്ഞിരിക്കുകയാണ് റാമോസ്.
അദ്ദേഹത്തെ ആരും പുകഴത്തേണ്ട കാര്യമില്ലെന്നും കളിക്കുമ്പോള്‍ സ്വയം പ്രശംസിക്കാന്‍ മെസിക്കറിയാമെന്നും റാമോസ് പറഞ്ഞു. മെസി ഇത്തരത്തില്‍ തന്നെ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മെസിയെ ഒരു സഹതാരമായി ലഭിക്കുന്നത് എനിക്ക് ഒരു പ്രിവിലേജാണ്, ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കേണ്ട ആവശ്യമില്ല, അവന്‍ കളിക്കുന്ന കളിയില്‍ അദ്ദേഹം സ്വയം അഭിനന്ദിക്കാറുണ്ട്. അവന്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. അവന്‍ അങ്ങനെ തന്നെ തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ റാമോസ് പറഞ്ഞു.
🇪🇸 Sergio Ramos told @SC_ESPN: “Having Messi as a teammate is privilege for me, i don’t need to praise him, he praises himself with the game he’s playing. Everyone knows who he is. Hopefully he will continue like this.” 🤝 pic.twitter.com/OTGlb5R1hN
— All About Argentina 🛎🇦🇷 (@AlbicelesteTalk) August 2, 2022
സ്‌പെയിനിലെ ഇതിഹാസ പോരാട്ടത്തില്‍ നിന്നും മാറി ഇരുവരും ഒരേ വശത്ത് കളിക്കുന്നതില്‍ ആരാധകര്‍ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ഉണ്ടായത്. എല്‍ ക്ലാസിക്കോയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളാണ് മെസിയും റാമോസും എന്നത് എടുത്തുപറയേണ്ടതാണ്. ഫുട്‌ബോളിലെ ഏറ്റവും സ്‌ഫോടനാത്മകമായ മത്സരങ്ങളില്‍ ഇരുവരും 45 തവണ വീതം കളിച്ചിട്ടുണ്ട്.
26 തവണ വലകുലുക്കിയ അര്‍ജന്റൈന്‍ നായകന്‍ എല്‍ ക്ലാസിക്കോയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം കൂടിയാണ്. രണ്ടാം സ്ഥാനക്കാരായ ആല്‍ഫ്രെഡോ ഡി സ്റ്റെഫാനോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരേക്കാള്‍ എട്ട് ഗോളുകള്‍ മെസി കൂടുതല്‍ അടിച്ചിട്ടുണ്ട്.