സെര്‍ബിയയുടെ പരിശീലന ഗ്രൗണ്ടില്‍ ബ്രസീല്‍ ഡ്രോണ്‍ പറത്തിയെന്നാരോപണം. ഖത്തര്‍ ലോകകപ്പില്‍ ഇരുടീമുകളും ആദ്യ മത്സരത്തിനിറങ്ങാനിരിക്കെയാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. സെര്‍ബിയ പരിശീലനം നടത്തുന്നതിനിടെ ആകാശത്ത് ബ്രസീലിന്റെ ഡ്രോണ്‍ ക്യാമറ നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഖത്തറില്‍ ഒരു മതിലിന്റെ ഇരുവശത്തായാണ് ബ്രസീലും സെര്‍ബിയയും ലോകകപ്പ് പരിശീലനം നടത്തുന്നത്. ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് ബ്രസീല്‍ സെര്‍ബിയന്‍ ടീമിന്റെ പരിശീലനവും തന്ത്രങ്ങളും ചോര്‍ത്തിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ഇങ്ങനെയൊരു ആരോപണം സെര്‍ബിയന്‍ ടീം ഉന്നയിച്ചിട്ടില്ലെന്നും ആളുകള്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയുമാണെന്നാണ് സെര്‍ബിയന്‍ മുഖ്യപരിശീലകന്‍ ഡ്രാഗന്‍ സ്റ്റൊജ്‌കോവിച്ച് പറഞ്ഞത്.
ഡ്രോണ്‍ ക്യാമറ അയച്ച് തങ്ങളുടെ രഹസ്യം ചോര്‍ത്താന്‍ ബ്രസീല്‍ ശ്രമിച്ചെന്ന് താന്‍ ഒരിക്കലും വിശ്വസിക്കുന്നില്ലെന്നും ഫുട്‌ബോളിലെ അതുല്യ ശക്തികളായ ടീം ബ്രസീലിന് തങ്ങളുടെ പരിശീലനം ചോര്‍ത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കരുത്തരായ താരങ്ങള്‍ അണിനിരക്കുന്ന ബ്രസീലിന്റെ ആക്രമണനിരയെ ചെറുക്കുക എന്നതാണ് തങ്ങളുടെ ഇപ്പോഴത്തെ ചിന്തയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018 റഷ്യന്‍ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലും സെര്‍ബിയയും ബ്രസീലും ഏറ്റുമുട്ടിയിരുന്നു. ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ ബ്രസീല്‍ 2-0ന് സെര്‍ബിയയെ തോല്‍പ്പിക്കുകയായിരുന്നു.
അതേസമയം രണ്ട് പതിറ്റാണ്ടിന് ശേഷം വിശ്വകിരീടം നേടുക എന്ന മോഹവുമായാണ് ടിറ്റെയും സംഘവും ലോകകപ്പിനിറങ്ങുന്നത്. തിയാഗൊ സില്‍വ, മാര്‍ക്വീഞ്ഞോസ്, കാസെമിറൊ, ഡാനി ആല്‍വസ്, നെയ്മര്‍, റിച്ചാര്‍ലിസണ്‍, റാഫീഞ്ഞ, ഗബ്രിയേല്‍ ജെസ്യൂസ്, ആന്റണി, വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗൊ, പെഡ്രൊ, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, ആലിസണ്‍, എഡേഴ്‌സണ്‍ എന്നീ താരങ്ങളാണ് ടീം ബ്രസീലില്‍ ചരിത്രം കുറിക്കാനിറങ്ങുന്നത്. അഞ്ച് തവണ ലോകകപ്പ് ജേതാക്കളായ ടീം ബ്രസീല്‍ ഖത്തറില്‍ തങ്ങളുടെ ആറാം കിരീടം ചൂടുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.