കോഴിക്കോട്: കേരളത്തിലെ ബി.ജെ.പിയുടെ അവസ്ഥ ഒ. രാജഗോപാല്‍ പറഞ്ഞത് തന്നെയാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി. സായിനാഥ്. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിക്കുന്നത്.
കേരളത്തിലെ 90 ശതമാനം പേരും സാക്ഷരരായതുകൊണ്ടാണ് കേരളത്തില്‍ ബി.ജെ.പിക്ക് വോട്ട് കിട്ടാതിരിക്കാനുള്ള കാരണമെന്ന് രാജഗോപാല്‍ പറഞ്ഞതിനെ അംഗീരിക്കുന്നു. കേരളത്തില്‍ ബി.ജെ.പി ഒരു ഭീഷണിയേ അല്ലെന്നും അദ്ദേഹം പറഞ്ഞു.
‘ബി.ജെ.പി കേരളത്തില്‍ ഒരു എതിരാളി പോലുമല്ല. കേരളീയ ജനതയ്ക്ക് ബി.ജെ.പിയില്‍ ഒരിക്കലും താത്പര്യമുണ്ടായിട്ടില്ല. പക്ഷെ അവര്‍ ചില പുതിയ വിഷയങ്ങള്‍ ഈ സമയത്ത് ഉന്നയിക്കുന്നുണ്ട്. ഉത്തരേന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ബി.ജെ.പി വിരുദ്ധ വികാരം ദക്ഷിണേന്ത്യയില്‍ വളരെ കൂടുതലാണ്.
കര്‍ണാടകത്തെ മാറ്റിനിര്‍ത്തിയാല്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആര്‍.എസ്.എസ് അടിത്തറയുള്ള സംസ്ഥാനം കേരളമായിരുന്നു. എന്നാല്‍ അതിനപ്പുറം ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതിലേക്ക് ആ അടിത്തറ വളര്‍ന്നിട്ടില്ല. അതെന്തുകൊണ്ട് എന്നതിന് ഏറ്റവും മികച്ച ഉത്തരം നല്‍കിയത് ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ തന്നെയാണ്. കേരളത്തിലെ 90 ശതമാനം ആളുകള്‍ സാക്ഷരരായതുകൊണ്ടാണ് കേരളത്തില്‍ ബി.ജെ.പിക്ക് വോട്ട് കിട്ടാതിരിക്കാനുള്ള കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ ആ നിരീക്ഷണത്തെ ഞാന്‍ വളരെയധികം അംഗീകരിക്കുന്നു. പക്ഷെ അദ്ദേഹം പറഞ്ഞതില്‍ ചെറിയ തിരുത്തുണ്ട്. കേരളത്തിലെ സാക്ഷരത 90 ശതമാനത്തിലധികമാണ്,’ അദ്ദേഹം പറഞ്ഞു.
കേരളത്തിലെയും തമിഴ്‌നാട്ടിലെയും തെരഞ്ഞെടുപ്പില്‍ കര്‍ഷക സമരം വലിയ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം അല്ലെങ്കിലും ഇരു സംസ്ഥാനങ്ങളിലെയും ഭൂരിഭാഗം ആളുകളും കര്‍ഷക സമരത്തിനനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടിലെയും കേരളത്തിലെയും തെരഞ്ഞെടുപ്പില്‍ മിക്കയിടത്തും ബി.ജെ.പിക്ക് കെട്ടിവെച്ച കാശ് തന്ന നഷ്ടമാകും. കേരളത്തില്‍ ബി.ജെ.പിക്ക് രണ്ട് സീറ്റുകളില്‍ കൂടുതല്‍ ലഭിക്കില്ലെന്നും തമിഴ്നാട്ടില്‍ വലിയ രീതിയിലുള്ള തോല്‍വി ഏറ്റുവാങ്ങേണ്ടി വരുമെന്നും സായ്‌നാഥ് പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക