national news
ആന്ധ്ര കേന്ദ്ര സര്‍വകലാശാല ക്യാമ്പസിലെ ലേഡീസ് ഹോസ്റ്റലില്‍ സുരക്ഷ വീഴ്ച; പ്രതിഷേധം തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 17, 12:42 pm
Monday, 17th February 2025, 6:12 pm

അമരാവതി: ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ കേന്ദ്ര സര്‍വകലാശാലയില്‍ സമരം തുടര്‍ന്ന് മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികള്‍. ക്യാമ്പസിനകത്തെ ലേഡീസ് ഹോസ്റ്റലില്‍ തുടര്‍ച്ചയായുണ്ടാകുന്ന സുരക്ഷ വീഴ്ച്ചയിലാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ കോളേജ് ഉപരോധിച്ചു. പൊലീസിനെ ഉപയോഗിച്ച് കോളേജ് അധികാരികള്‍ വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇന്നലെ (ഞായര്‍) രാത്രി വൈകിയും സമരം തുടരുകയായിരുന്നു.

തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് പുറത്ത് നിന്നുള്ളവര്‍ അനധികൃതമായി ലേഡീസ് ഹോസ്റ്റലിന് അകത്തു കയറുന്നത്. ഇതിനുപിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഹോസ്റ്റല്‍ പരിസരത്ത് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സി.സി.ടി.വികള്‍ സ്ഥാപിക്കണമെന്നും അലംഭാവം കാണിക്കുന്ന ഹോസ്റ്റല്‍ വാര്‍ഡനെ മാറ്റണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. നിരവധി തവണ പരാതിപ്പെട്ടിട്ടും വിഷയത്തെ കോളേജ് അധികാരികളും പൊലീസും തികഞ്ഞ അലംഭാവത്തോടെയാണ് സമീപിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

Security lapse in ladies hostel in Andhra Central University campus; The students followed the protest

ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോവുമെന്നാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

അജ്ഞാതരായ പുരുഷന്മാര്‍ ക്യാമ്പസിലെ വിദ്യാര്‍ത്ഥിനികളുടെ ശുചിമുറിയില്‍ കയറിയതായി ആരോപണമുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തതായാണ് വിവരം. അതേസമയം പൊലീസിന്റെ ഇടപെടല്‍ മന്ദഗതിയിലാണെന്നും റിപ്പോര്‍ട്ടുണ്ട്.

ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. ശുചിമുറിയില്‍ അജ്ഞാതരെ കണ്ടതോടെ വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തരാകുകയും വിവരം അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികള്‍ ഉണ്ടായില്ലെന്നാണ് ആരോപണം. തുടര്‍ന്ന് സര്‍വകലാശാലയിലേക്കുള്ള റോഡ് വിദ്യാര്‍ത്ഥികള്‍ ഉപരോധിക്കുകയായിരുന്നു.

Content Highlight: Security lapse in ladies hostel in Andhra Central University campus; The students followed the protest