2025 IPL
പിച്ച് ബാറ്റിങ്ങിന് അനുകൂലമാണ് പക്ഷെ; തുറന്ന് പറഞ്ഞ് ഭുവനേശ്വര്‍ കുമാര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 18, 02:26 pm
Friday, 18th April 2025, 7:56 pm

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സുമാണ് ഏറ്റുമുട്ടുന്നത്. ബെംഗളൂരുവിന്റെ തട്ടകമായ എം. ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. എന്നാല്‍ മഴ കാരണം മത്സരത്തിന്റെ ടോസ് വൈകുകയാണ്.

മത്സരത്തിന് മുമ്പ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബെംഗളൂരുവിന്റെ സ്റ്റാര്‍ ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ സംസാരിച്ചിരുന്നു. കരുത്തരായ പഞ്ചാബിനെതിരെ കളത്തിലിറങ്ങുമ്പോള്‍ പുതിയ തന്ത്രങ്ങള്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. പുതിയ തന്ത്രങ്ങളൊന്നുമില്ലെന്നും വിക്കറ്റിനനുസരിച്ച് പന്തെറിയുമെന്നുമാണ് താരം പറഞ്ഞത്.

‘എല്ലായ്‌പ്പോഴും പോലെ തന്നെയാണ് ഞങ്ങളുടെ തയ്യാറെടുപ്പ്, പുതിയതായി ഒന്നുമില്ല. വേദി എതുതന്നെയായാലും ഏതൊരു എതിരാളിയോടും ഞങ്ങള്‍ സ്വീകരിക്കുന്ന സമീപനം സ്ഥിരതയുള്ളതായിരിക്കും. ചിന്നസ്വാമി മികച്ചതാണെന്ന് ഞങ്ങള്‍ക്കറിയാം. പിച്ച് ബാറ്റിങ്ങിന് അനുകൂലമാണ്, പക്ഷേ നിങ്ങള്‍ പിച്ചിന്റെ ഉപരിതലം പരിശോധിച്ചാല്‍ അത് പഴയതുപോലെയല്ല. അത് എന്തുകൊണ്ടെന്ന് എനിക്കറിയില്ല.

പക്ഷേ ഞങ്ങള്‍ ആദ്യം ബൗള്‍ ചെയ്യുകയോ ബാറ്റ് ചെയ്യുകയോ ചെയ്താലും, ആദ്യ കുറച്ച് ഓവറുകളിലെ സാഹചര്യങ്ങള്‍ വിലയിരുത്തുകയും പിച്ച് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നിരീക്ഷിക്കുകയും ചെയ്യും. അവിടെ നിന്ന്, അതിനനുസരിച്ച് ഞങ്ങളുടെ തന്ത്രം ഞങ്ങള്‍ ക്രമീകരിക്കും,’ ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു.

നിലവില്‍ പോയിന്റ് പട്ടികയില്‍ ആറ് മത്സരങ്ങളില്‍ നിന്ന് നാല് വിജയം സ്വന്തമാക്കി എട്ട് പോയിന്റോടെ ബെംഗളൂരു മൂന്നാം സ്ഥാനത്തും ആറ് മത്സരത്തില്‍ നാല് വിജയം സ്വന്തമാക്കിയ പഞ്ചാബ് നാലാം സ്ഥാനത്തുമാണ്. നെറ്റ് റണ്‍ റേറ്റിന്റെ അഭാവം മൂലമാണ് പഞ്ചാബ് നാലാം സ്ഥാനത്ത് എത്തിയത്.

എന്നിരുന്നാലും തുല്യശക്തികളായ ഇരു ടീമും ഏറ്റുമുട്ടുമ്പോള്‍ വമ്പന്‍ പോരാട്ടം തന്നെയാണ് ചിന്നസ്വാമിയില്‍ ആരാധകരെ കാത്തിരിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനെതിരെ വിജയം സ്വന്തമാക്കിയ ബെംഗളൂരു തുടര്‍ വിജയം ലക്ഷ്യംവെച്ചാണ് കളത്തില്‍ ഇറങ്ങുന്നത്.

അതേസമയം കൊല്‍ക്കത്തയ്‌ക്കെതിരെ വമ്പന്‍ വിജയം നേടിയാണ് പഞ്ചാബ് കളത്തിലെത്തുന്നത്. ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ സ്‌കോര്‍ ഡിഫന്റ് ചെയ്താണ് പഞ്ചാബിന്റെ വിജയക്കുതിപ്പ്. 111 റണ്‍സിന്റെ സ്‌കോറാണ് പഞ്ചാബ് ഡിഫന്റ് ചെയ്തത്. കൊല്‍ക്കത്തയെ 95 റണ്‍സിനാണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ പഞ്ചബ് തളച്ചത്.

വമ്പന്‍ ടീമാണെങ്കിലും ഐ.പി.എല്ലില്‍ ഇതുവരെ ഒരു കിരീടം സ്വന്തമാക്കാന്‍ ബെംഗളൂരുവിന് സാധിച്ചിട്ടില്ല. ഈ സീസണില്‍ തങ്ങളുടെ കന്നി കിരീടം നേടിയെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബെംഗളൂരു കളത്തിലിറങ്ങുന്നത്.

Content Highlight: IPL 2025: Bhuvaneshwar Kumar Talking About Match Against Panjab Kings