national news
ലോക്‌സഭയിലെ സുരക്ഷാ വീഴ്ച; കസ്റ്റഡിയിലെടുത്തവരില്‍ ഒരാള്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് ബിരുദധാരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Dec 13, 11:25 am
Wednesday, 13th December 2023, 4:55 pm

ന്യൂദല്‍ഹി: ലോക്‌സഭയില്‍ കളര്‍ സ്‌പ്രേകളുമായി പ്രതിഷേധം നടത്തിയതില്‍ പൊലീസ് കസ്റ്റഡിയിലെടുത്തവരില്‍ ഒരാള്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് ബിരുദധാരി. ലോക്‌സഭക്കകത്ത് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ പ്രതിഷേധം നടത്തിയ കര്‍ണാടക സ്വദേശിയായ മനോരഞ്ജന്‍ ഗൗഡയാണ് കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയിട്ടുള്ളത്.

പാര്‍ലമെന്റില്‍ പ്രതിഷേധം നടത്തിയ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അതില്‍ മൈസൂരു സ്വദേശിയായ സാഗര്‍ ശര്‍മ, മനോരഞ്ജന്‍ ഡി. എന്നിവരാണ് ലോക്‌സഭക്കുള്ളില്‍ കളര്‍ സ്‌മോക്കുകളുമായി പ്രതിഷേധിച്ചത്. ഹരിയാനയിലെ ഹിസാറില്‍ നിന്നുള്ള നീലം, മഹാരാഷ്ട്രയിലെ ലാത്തൂര്‍ സ്വദേശി അമോല്‍ ഷിന്‍ഡെ എന്നിവര്‍ സര്‍ക്കാരിന്റെ ഏകാധിപത്യം അനുവദിക്കില്ലെന്ന മുദ്രാവാക്യങ്ങളോട് കൂടി പാര്‍ലമെന്റിന്റെ പുറത്ത് പ്രതിഷേധം നടത്തി. നിലവില്‍ നാല് പേരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.

അതേസമയം അറസ്റ്റിലായ മനോരഞ്ജന്റെ പിതാവായ ദേവരാജ് ഗൗഡ സംഭവത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പാര്‍ലമെന്റില്‍ അതിക്രമിച്ച് കയറി പ്രതിഷേധം നടത്തിയത് തന്റെ മകനാണോ എന്നതില്‍ ഉറപ്പില്ലെന്നും, ആണെങ്കില്‍ മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

മനോരഞ്ജന്‍ മൈസൂര്‍ സര്‍വകലാശാലയില്‍ നിന്ന് മികച്ച മാര്‍ക്കോടെ ബിരുദം നേടിയതാണെന്നും, എന്നാല്‍ കൃഷിക്കാരനായ തന്നെ മകന്‍ സഹായിക്കുകയാണെന്നും ദേവരാജ് ഗൗഡ കൂട്ടിച്ചേര്‍ത്തു. ഒരുവിധത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലവും ഉള്ള വ്യക്തിയല്ല മനോരഞ്ജനെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ മൈസൂരിലെ മനോരഞ്ജന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുകയാണ്. കുടുംബാംഗങ്ങളില്‍ നിന്ന് വിവരങ്ങള്‍ തേടുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ലോക്‌സഭയില്‍ സുരക്ഷാ വീഴ്ചയുണ്ടായത് പാര്‍ലമെന്റ് ആക്രമണ വാര്‍ഷിക ദിനത്തിലാണ്. പുതിയ പാര്‍ലമെന്റ് കെട്ടിടം അതീവ സുരക്ഷയോടെ പ്രവര്‍ത്തിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ അവകാശ വാദങ്ങളില്‍ വിള്ളലുണ്ടായെന്നും സന്ദര്‍ശകരുടെ പരിശോധനയില്‍ വലിയ സുരക്ഷാ വീഴ്ച നടന്നെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.

Content Highlight: Security breach in Lok Sabha; One of the arrested is a computer engineering graduate