ബോട്ട് മുങ്ങി 24 മണിക്കൂർ കഴിയുന്നു; മുനമ്പത്ത് നാല് മത്സ്യത്തൊഴിലാളികള്‍ക്കുള്ള തിരച്ചില്‍ തുടരുന്നു
Kerala News
ബോട്ട് മുങ്ങി 24 മണിക്കൂർ കഴിയുന്നു; മുനമ്പത്ത് നാല് മത്സ്യത്തൊഴിലാളികള്‍ക്കുള്ള തിരച്ചില്‍ തുടരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th October 2023, 7:38 pm

എറണാകുളം: മുനമ്പത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കുള്ള തിരച്ചില്‍ തുടരുന്നു. ബോട്ടിലുണ്ടായ ഏഴില്‍ മൂന്ന് പേരെ മാത്രമെ നേരത്തെ രക്ഷിക്കാന്‍ സാധിച്ചിരുന്നുള്ളു.

മറ്റ് നാല് പേര്‍ക്കായി കോസ്റ്റല്‍ പൊലീസും മത്സ്യത്തൊഴിലാളികളും തിരച്ചില്‍ തുടരുകയാണ്. മാലിപ്പുറം സ്വദേശികളായ അപ്പു, താഹ, മോഹനന്‍, ആലപ്പുഴ സ്വദേശി രാജു എന്നിവരെയാണ് കാണാതായത്. എളങ്കുന്നപ്പുഴ മാലിപ്പുറം സ്വദേശികളായ ബൈജു, മണിയന്‍, ആലപ്പുഴ സ്വദേശി ആനന്ദ് എന്നിവരെ ഇന്നലെ രാത്രി എട്ടോടെയാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയത്.

അഴീക്കോട്, ചേറ്റുവ, വൈപ്പിന്‍, എന്നിവിടങ്ങളിലെ ഫിഷറീസ് വകുപ്പിന്റെ മൂന്ന് പട്രോള്‍ ബോട്ടുകള്‍, വൈപ്പിന്‍ പ്രത്യാശ മറൈന്‍ ആംബുലന്‍സ്, കോസ്റ്റല്‍ പൊലീസിന്റെ ബോട്ട്, കോസ്റ്റ് ഗാര്‍ഡിന്റെ ചെറുതും വലുതുമായ കപ്പലുകള്‍ എന്നിവ കടലിലും കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനം, ഇന്ത്യന്‍ നേവിയുടെ ഹെലികോപ്റ്റര്‍ എന്നിവ ആകാശ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്.

ഇന്നലെ വൈകീട്ട് അഞ്ച് മണിക്കാണ് അപകടമുണ്ടായത്. സമൃദ്ധി എന്ന ബോട്ടില്‍ നിന്നും മത്സ്യം എടുത്തു വരുകയായിരുന്ന നന്മ എന്ന ഫൈബര്‍ വള്ളമാണ് മുങ്ങിയത്. ബോട്ടിലുണ്ടായ കാലിക്കന്നാസില്‍ പൊങ്ങിനിന്നവര്‍ക്കാണ് രക്ഷരക്ഷപ്പെടാനായത്. നാലേമുക്കാല്‍ മണിക്കൂറോളം വെള്ളത്തില്‍ ഇങ്ങനെ കഴിഞ്ഞെന്നും രക്ഷപ്പെട്ടവര്‍ പറയുന്നു.