സിംബാബ്‌വേയില്‍ നിന്നും ഇങ്ങനെ ഒരു റെക്കോഡ് പിറക്കുമെന്ന് സ്വപ്‌നത്തിലെങ്കിലും കരുതിയിരുന്നോ? റണ്‍വേട്ടയില്‍ വിരാടിനും ബാബറിനും പുറകില്‍ മൂന്നാമന്‍
Sports News
സിംബാബ്‌വേയില്‍ നിന്നും ഇങ്ങനെ ഒരു റെക്കോഡ് പിറക്കുമെന്ന് സ്വപ്‌നത്തിലെങ്കിലും കരുതിയിരുന്നോ? റണ്‍വേട്ടയില്‍ വിരാടിനും ബാബറിനും പുറകില്‍ മൂന്നാമന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 1st July 2023, 12:10 pm

ഏകദിന വേള്‍ഡ് കപ്പിന് തങ്ങളുമുണ്ടെന്ന് ലോകത്തോട് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടാണ് ക്വാളിഫയര്‍ മത്സരത്തില്‍ സിംബാബ്‌വേ വിജയിച്ചുകയറുന്നത്. തങ്ങളുടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ബൗളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങിയാണ് ഷെവ്‌റോണ്‍സ് ക്രിക്കറ്റ് ലോകത്തിന്റെയൊന്നാകെ പ്രശംസയേറ്റുവാങ്ങുന്നത്.

യോഗ്യതാ മത്സരത്തില്‍ കളിച്ച അഞ്ചില്‍ അഞ്ചും വിജയിച്ചാണ് സിംബാബ്‌വേ തരംഗമാകുന്നത്. ഈ വിജയങ്ങള്‍ക്കെല്ലാം പിന്നില്‍ സീന്‍ വില്യംസ് എന്ന ബാറ്ററുടെ കയ്യൊപ്പും ചാര്‍ത്തപ്പെട്ടിരുന്നു.

കളിച്ച അഞ്ച് മത്സരത്തില്‍ നിന്നുമായി 148.60 എന്ന വെടിക്കെട്ട് സ്‌ടൈക്ക് റേറ്റിലും 133 എന്ന ശരാശരിയിലുമായി 532 റണ്‍സാണ് താരം സ്വന്തമാക്കിയത്. മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ അര്‍ഹിച്ച സെഞ്ച്വറിയാണ് താരത്തിന് നഷ്ടമായത്. തൊണ്ണൂറിന്റെ ചതിക്കുഴില്‍പ്പെട്ടുപോയ വില്യംസ് 92 റണ്‍സാണ് നേടിയത്.

ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരവും സൂപ്പര്‍ സിക്‌സിലെ ആദ്യ മത്സരവും അവസാനിച്ചപ്പോള്‍ ഒരു തകര്‍പ്പന്‍ റെക്കോഡാണ് താരത്തെ തേടിയെത്തിയത്. തുടര്‍ച്ചയായ അഞ്ച് ഏകദിന മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയാണ് വില്യംസ് ക്രിക്കറ്റ് ലോകത്തെയൊന്നാകെ ഞെട്ടിച്ചത്.

102*, 92, 23, 174, 142 എന്നിങ്ങനെയാണ് ക്വാളിഫയറില്‍ താരത്തിന്റെ പ്രകടനം.

വിരാട് കോഹ്‌ലി ലീഡ് ചെയ്യുന്ന പട്ടികയില്‍ മൂന്നാം സ്ഥാനക്കാരനായാണ് വില്യംസ് ഇടം നേടിയത്. മാത്യൂ ഹെയ്ഡന്‍ അടക്കമുള്ള താരങ്ങളെ മറികടന്നുകൊണ്ടാണ് സീന്‍ വില്യംസ് പട്ടികയില്‍ ഇടം നേടിയതെന്നതും കൗതുകകരമാണ്.

തുടര്‍ച്ചയായ അഞ്ച് ഏകദിന മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങള്‍

വിരാട് കോഹ്‌ലി – 596 റണ്‍സ്

ബാബര്‍ അസം – 537 റണ്‍സ്

സീന്‍ വില്യംസ് – 532 റണ്‍സ്

മാത്യു ഹെയ്ഡന്‍ – 529 റണ്‍സ്

ഫഖര്‍ സമാന്‍ – 515 റണ്‍സ്

ഗ്രൂപ്പ് ഘട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ അല്‍പം മങ്ങിയില്ലായിരുന്നുവെങ്കില്‍ പട്ടികയില്‍ മുമ്പിലെത്താനും സീന്‍ വില്യംസിന് സാധിക്കുമായിരുന്നു.

 

തുടര്‍ന്നുള്ള മത്സരത്തിലും സീന്‍ വില്യംസിന് ഈ റണ്‍വേട്ട തുടരാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഞായറാഴ്ചയാണ് സിംബാബ്‌വേയുടെ അടുത്ത മത്സരം. ക്വാളിഫയറില്‍ അപരാജിതരായി മുന്നേറുന്ന ഷെവ്‌റോണ്‍സിന് ക്വാളിഫയറില്‍ ഒറ്റ മത്സരം പോലും തോല്‍ക്കാത്ത മറ്റൊരു ടീമായ ശ്രീലങ്കയെ ആണ് നേരിടാനുള്ളത്.

 

Content highlight: Sean Williams joins Virat Kohli and Babar Azam in an élite list