Advertisement
Entertainment news
ലാലേട്ടന്‍ ഭയങ്കര കെയറിങ്ങാണ്, 80വയസുള്ള എന്റെ അച്ഛന്‍ വരെ ലാലേട്ടാ എന്നാണ് വിളിക്കുന്നത്: കൃഷ്ണകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Oct 23, 05:10 pm
Sunday, 23rd October 2022, 10:40 pm

ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിച്ച ചിത്രമാണ് ട്വല്‍ത്ത് മാന്‍. ചിത്രത്തിന്റെ തിരക്കഥയെഴുതിയത് കെ.ആര്‍ കൃഷ്ണകുമാറാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം കൂമന്റെ തിരക്കഥയും കൃഷ്ണകുമാറാണ്.

ട്വല്‍ത്ത് മാന്‍ ചിത്രത്തിന്റെ ഷൂട്ടിനിടയിലുള്ള മോഹന്‍ലാലുമായുള്ള അനുഭവം പങ്കുവെക്കുകയാണ് കൃഷ്ണകുമാര്‍. മോഹന്‍ലാല്‍ ഭയങ്കര കെയറിങ്ങാണെന്നും അദ്ദേഹത്തിന് കിട്ടുന്ന ഭക്ഷണത്തില്‍ നിന്നും ഒരു പങ്ക് തന്റെ മക്കള്‍ക്കും കൊടുക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

80 വയസുള്ള അച്ഛനും ഇപ്പോള്‍ തന്റെ കുട്ടികളുമടങ്ങുന്ന എല്ലാ തലമുറയും ലാലേട്ടായെന്ന് തന്നെയാണ് അദ്ദേഹത്തെ വിളിക്കുന്നതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞത്.

”ഞാന്‍ ആദ്യമായിട്ട് ചെയ്യുന്ന സിനിമയായതുകൊണ്ട് എന്റെ ഫാമിലിയും കൂടെ ലൊക്കേഷനില്‍ വന്നിരുന്നു. അവരെല്ലാവരും ലാലേട്ടന്റെ ഫാന്‍സാണ്. മകള്‍ അദ്ദേഹത്തിന്റെ ബുക്കുമായിട്ടാണ് വന്നത്. അതില്‍ അദ്ദേഹം സൈന്‍ ചെയ്ത് കൊടുത്തിരുന്നു.

എന്റെ കോട്ടേജും ലാലേട്ടന്റെ കോട്ടേജും ചേര്‍ന്നാണ്. അതായത് അടുത്തടുത്ത കോട്ടേജാണ്. ലാലേട്ടന്‍ അവിടെ ഉണ്ടെന്ന് അറിഞ്ഞ് അദ്ദേഹത്തിന്റെ പല സുഹൃത്തുക്കളും വ്യത്യസ്തമായ ഭക്ഷണം കൊണ്ടുകൊടുക്കും. എന്റെ മക്കള്‍ ഉള്ള സമയത്ത് അദ്ദേഹം കുറച്ച് ഭക്ഷണം അവര്‍ക്ക് വേണ്ടി എല്ലാ ദിവസവും കൊടുത്ത് വിടും. അത്തരത്തിലുള്ള കെയറിങ്ങാണ് ലാലേട്ടന്.

അദ്ദേഹത്തോട് സംസാരിച്ചിരിക്കാന്‍ നല്ല രസമാണ്. ട്വല്‍ത്ത് മാന്റെ ലൊക്കേഷനില്‍ ഒരു ദിവസം രാത്രി ലാലേട്ടനെ ഒറ്റക്ക് കിട്ടിയിരുന്നു. അന്നത്തെ ദിവസത്തെ അനുഭവത്തെക്കുറിച്ച് ഞാന്‍ എഴുതുക വരെ ചെയ്തിരുന്നു. നമ്മള്‍ എപ്പോഴാണ് ലാലേട്ടനെ കണ്ട് തുടങ്ങിയതെന്നും ഏതൊക്കെയാണ് അത്രയും പ്രിയപ്പെട്ട കഥാപാത്രങ്ങളെന്നും ഞാന്‍ അദ്ദേഹത്തിനോട് തന്നെ പറഞ്ഞു.

ഞാന്‍ കോളേജില്‍ പഠിക്കുമ്പോഴുള്ള എന്റെ തലമുറയാണ് അദ്ദേഹത്തെ ലാലേട്ടായെന്ന് വിളിക്കുന്നത്. എന്റെ അച്ഛനും അമ്മയും എന്റെ മക്കളും അദ്ദേഹത്തെ ലാലേട്ടായെന്നാണ് വിളിക്കുന്നത്. ഈ കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ എന്ത് അനുഗ്രഹമാണ് മോനെയെന്നാണ് അദ്ദേഹം പറഞ്ഞത്. എത്ര തലമുറയാണ് എന്നെ ലാലേട്ടാ എന്ന് വിളിക്കുന്നെന്നും എന്നോട് പറഞ്ഞു.

80 വയസ്സായ എന്റെ അച്ഛന്‍ വരെ അദ്ദേഹത്തെ ലാലേട്ടായെന്നാണ് വിളിക്കുന്നത്. അദ്ദേഹത്തോടുള്ള ആളുകളുടെ ഇഷ്ടം അത്രക്കും വലുതാണ്. അത്തരത്തിലുള്ള കൂറേ കാര്യങ്ങള്‍ എനിക്ക് അദ്ദേഹത്തിനോട് പറയാനും കേള്‍ക്കാനും കഴിഞ്ഞു.

അന്ന് മഴയായിട്ട് ഷൂട്ട് മുടങ്ങിയതുകൊണ്ട് ഒരുപാട് നേരം സംസാരിച്ചു. അന്ന് വെളുപ്പിന് അഞ്ചര വരെ സംസാരിച്ചിരുന്നിട്ട് ഞാന്‍ പോയി കിടന്നുറങ്ങി പക്ഷേ അദ്ദേഹം വീണ്ടും ഷൂട്ടിന് പോയി,” കൃഷ്ണ കുമാര്‍ പറഞ്ഞു.

content highlight: script writer krishna kumar shares experience with mohanlal