'താനാരാ മമ്മൂട്ടിയാണോ? ആര് വേണം വേണ്ടാ എന്നൊക്കെ തീരുമാനിക്കുന്നത് ഞങ്ങളാണ്'; ഷമ്മി തിലകനെ ഒഴിവാക്കാന്‍ അദ്ദേഹം പറഞ്ഞത് എനിക്കിഷ്ടപ്പെട്ടില്ല; അനുഭവം പങ്കുവെച്ച് കലൂര്‍ ഡെന്നീസ്
കാഞ്ഞിരപ്പള്ളി കറിയാച്ചന്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് നടന്ന ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്തായ കലൂര്‍ ഡെന്നീസ്. ജോസ് തോമസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വിജയരാഘവന്റെ അനുജന്‍ കഥാപാത്രമായി എത്തുന്നത് നടന്‍ ഷമ്മി തിലകനായിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്നും ഷമ്മി തിലകന്റെ റോള്‍ ഒഴിവാക്കാന്‍ വിജയരാഘവന്‍ പറയുകയും തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളേയും കുറിച്ചാണ് മാധ്യമം ആഴ്ചപ്പതിപ്പില്‍ എഴുതിയ നിറഭേദങ്ങള്‍ എന്ന തന്റെ ആത്മകഥയില്‍ കലൂര്‍ ഡെന്നീസ് പറയുന്നത്.
‘ കാഞ്ഞിരപ്പള്ളി കറിയാച്ചന്റെ ഷൂട്ടിങ് തുടങ്ങിയ ആദ്യദിവസം രാത്രി ഞാനൊട്ടും പ്രതീക്ഷിക്കാത്ത ചില സംഭവ വികാസങ്ങള്‍ അവിടെ അരങ്ങേറുകയുണ്ടായി. എന്റെ മുറിയില്‍ ഞാനും ജോസ് തോമസും വിജയരാഘവനും ബിജു മേനോനും കൂടിയിരുന്ന് സംസാരിച്ചിരിക്കുകയാണ്. ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നതിനിടയില്‍ വിജയരാഘവന്‍ പറഞ്ഞു: എന്റെ അനുജനായി ഷമ്മി തിലകന്റെ റോള്‍ ഈ കഥയില്‍ ശരിക്കും ആവശ്യമുണ്ടോ? അതില്ലെങ്കിലും പടത്തിന് ഒരു കുഴപ്പവും വരില്ല. എന്താ ജോസേ. ജോസ് മറുപടി ഒന്നും പറയാതെ നിസ്സംഗനായി എന്നെ നോക്കി. വിജയരാഘവന്‍ അങ്ങനെ പറഞ്ഞത് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.
താനാരാണ് മമ്മൂട്ടിയാണോ? ആര് വേണം വേണ്ടാ എന്നൊക്കെ തീരുമാനിക്കുന്നത് ഞങ്ങളാണ്. ഒത്തിരി ദിവസം ആലോചിച്ചിട്ടാണ് ഞങ്ങള്‍ ഓരോ കഥാപാത്രത്തെയും ഉണ്ടാക്കുന്നത്”, ഞാന്‍ പെട്ടെന്ന് കയറി പറഞ്ഞു.
അല്പം പരുഷമായിട്ടുള്ള എന്റെ സംസാരം കേട്ട് ബിജു മേനോന്‍ എന്നെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു. ബിജു പതുക്കെ പതുക്കെ നായകസ്ഥാനത്തേക്ക് കയറിവരുന്ന സമയമാണത്. വിജയരാഘവന്‍ പറഞ്ഞതിന് മറുപടി കൊടുക്കാന്‍ ശരിക്കും ബാധ്യത സംവിധായകനാ ണെങ്കിലും ജോസ് തോമസ് മൗനം പാലിച്ചിരിക്കുകയാണ്.
എന്റെ പ്രതികരണം കേട്ട ഉടനെ വിജയരാഘവന്‍ മുറിയില്‍ നിന്നിറങ്ങിപ്പോയി. അന്തരീക്ഷം പന്തിയല്ലെന്ന് കണ്ടപ്പോള്‍ ബിജു മേനോനും പുറത്തേക്ക് പോയി. മുറിയില്‍ നിമിഷനേരം നിശ്ശബ്ദത പരന്നു. പിന്നെ ജോസ് തോമസ് പതുക്കെ മൗനം ഭജിച്ചു.
”വിജയരാഘവനോട് അത്രക്ക് കടുപ്പിച്ച് പറയേണ്ടായിരുന്നു. അത് കേട്ട് ഞാന്‍ ജോസിനോട് ചൂടായി. സിനിമയില്‍ വിജയരാഘവന്റെ അനുജനായിട്ടാണ് ഷമ്മി തിലകന്‍ അഭിനയിക്കുന്നത്. കൈയടി നേടാവുന്ന നല്ല മുഹൂര്‍ത്തങ്ങളും സംഭാഷണങ്ങളുമൊക്കെയുള്ള വേഷമാണ്. ഷമ്മി കസറുകയും ചെയ്യും. അത് തന്റെ കഥാപാത്രത്തിന് മങ്ങലേല്‍ക്കുമെന്ന് തോന്നിയതുകൊണ്ടായിരിക്കാം വിജയരാഘവന്‍ അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസ്സിലായി.
കഥാപരമായി ഒന്നും മനസ്സിലാക്കാതെ, സ്വന്തം കഥാപാത്രം മാത്രമേ നായകനടന്മാര്‍ നോക്കാറുള്ളൂ. ഇപ്പോഴത് അന്നത്തേക്കാള്‍ നാലിരട്ടിയായി വര്‍ധിച്ചിട്ടുമുണ്ട്. പല സംവിധായകരും നായകനടന്മാരുടെ അപ്രീതിക്ക് പാത്രമാകാതിരിക്കാനും ഡേറ്റ് കിട്ടാനും വേണ്ടി അവര്‍ പറയുന്നപോലെ എല്ലാം ചെയ്തുകൊടുക്കും.
പിറ്റേന്ന് രാവിലെ ഷമ്മി തിലകന്‍ അഭിനയിക്കാന്‍ വന്നു. ഈ വിവരങ്ങളൊന്നും ഷമ്മിയെ അറിയിച്ചില്ല. ഞാനും വിജയരാഘവനും തമ്മില്‍ ഇങ്ങനെയൊക്കെ ഉണ്ടായെങ്കിലും അതിന്റെ പരിഭവവും പിണക്കവുമൊന്നും ഞങ്ങള്‍ തമ്മിലുണ്ടായില്ല, കലൂര്‍ ഡെന്നീസ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക