തിരുവനന്തപുരം: വഖഫ് നിയമ ഭേദഗതി ബില്ലിന് ശേഷം സംഘപരിവാറിന്റെ അടുത്ത ഉന്നം കാത്തോലിക്ക സഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഓര്‍ഗനൈസറിലെ ലേഖനത്തില്‍ നിന്നും മനസിലാക്കേണ്ടത് അതാണെന്നും സഭയുടെ സ്വത്തിനെക്കുറിച്ച് അനവസരത്തിലുള്ള അനാവശ്യ പരാമര്‍ശം നടത്തിയെന്നും വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ചെങ്കിലും പുറത്തുവന്നത് ആര്.എസ്.എസിന്റെ മനസിലിരിപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന വഖഫ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയതിന് ശേഷം കതോലിക്കാ സഭയെ ഉന്നംവെച്ച് നീങ്ങുകയാണു സംഘപരിവാര്‍ എന്നാണ് ആര്.എസ്.എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറിലെ ലേഖനത്തില്‍ നിന്നും മനസിലാക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘സഭയുടെ സ്വത്തിനെക്കുറിച്ച് അനവസരത്തിലുള്ള അനാവശ്യ പരാമര്‍ശം ചില വിപല്‍ സൂചനകളാണു തരുന്നത്. ഓര്‍ഗനൈസര്‍ വെബ്സൈറ്റില്‍ നിന്ന് ആ ലേഖനം പിന്‍വലിച്ചുവെങ്കിലും അതിലൂടെ പുറത്തുവന്നിട്ടുള്ളത് ആര്.എസ്.എസിന്റെ യഥാര്‍ത്ഥ മനസിലിരിപ്പാണ്. സംഘപരിവാര്‍ മുന്നോട്ടു വെക്കുന്ന ഭൂരിപക്ഷ വര്‍ഗീയതയുടെ അത്യന്തം തീവ്രമായ അപരമത വിരോധമാണ് ആ ലേഖനത്തില്‍ കാണാന്‍ കഴിയുന്നത്,’ മുഖ്യമന്ത്രി പറഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങളെ ഓരോന്നോരോന്നായി ലക്ഷ്യംവെച്ച് പടിപടിയായി തകര്‍ക്കാനുള്ള ഒരു ബൃഹത് പദ്ധതിയുടെ ഭാഗമായി വേണം ഇതിനെ കാണാനെന്നും പുരോഗമന ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ സംയുക്തമായി നിന്ന് ഇതിനെ ചെറുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlight: After the Waqf Bill, the Sangh Parivar’s next target is the Catholic Church: Chief Minister