കൊലക്കുറ്റത്തിന് 90 ദിവസം ജയിലില്‍ കിടന്നെന്ന് ബാബുരാജ് പറഞ്ഞപ്പോള്‍ ഒരു നിമിഷത്തേക്ക് ഒന്നും മിണ്ടാനായില്ല: കലൂര്‍ ഡെന്നീസ് പറയുന്നു
Malayalam Cinema
കൊലക്കുറ്റത്തിന് 90 ദിവസം ജയിലില്‍ കിടന്നെന്ന് ബാബുരാജ് പറഞ്ഞപ്പോള്‍ ഒരു നിമിഷത്തേക്ക് ഒന്നും മിണ്ടാനായില്ല: കലൂര്‍ ഡെന്നീസ് പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th April 2021, 12:09 pm

നടന്‍ ബാബുരാജുമായുള്ള സൗഹൃദത്തെ കുറിച്ചും അദ്ദേഹത്തിന് സിനിമയില്‍ അവസരം നല്‍കിയ കാലത്തെ കുറിച്ചും പറയുകയാണ് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസ്. കമ്പോളം എന്ന ചിത്രത്തില്‍ നെഗറ്റീവ് റോളാണെങ്കിലും ആദ്യാവസാനം നിറഞ്ഞു നില്‍ക്കുന്ന ഒരു വേഷം കിട്ടിയതില്‍ അന്ന് ബാബുരാജ് ഏറെ സന്തോഷത്തിലായിരുന്നെന്നും തന്റെ അടുത്ത പടങ്ങളിലും ശ്രദ്ധിക്കപ്പെടുന്ന വേഷം തരണമെന്ന് അന്ന് ബാബുരാജ് ആവശ്യപ്പെട്ടിരുന്നെന്നും നിറഭേദങ്ങള്‍ എന്ന ആത്മകഥയില്‍ കലൂര്‍ ഡെന്നീസ് പറയുന്നു.

കമ്പോളം സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്താണ് ബാബുരാജ് അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് തന്നോട് തുറന്നുസംസാരിച്ചതെന്നും ഒരു രഹസ്യം ഡെന്നിച്ചായനോട് പറയാനുണ്ടെന്ന് പറഞ്ഞ് ബാബുരാജ് പറഞ്ഞ കാര്യം കേട്ട് അന്ന് താന്‍ നിശബ്ദനായിപ്പോയെന്നും കലൂര്‍ ഡെന്നീസ് പറയുന്നു.

‘ഒരു കൊലപാതക കുറ്റത്തിന് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായി കിടന്നിട്ടുള്ളവനാണ് ഞാന്‍ ‘ എന്നായിരുന്നു ബാബുരാജ് പറഞ്ഞത്.

അതുകേട്ടപ്പോള്‍ നിമിഷനേരത്തേക്ക് എനിക്കൊന്നും മിണ്ടാനായില്ല. തുടര്‍ന്ന് ഒരു സസ്‌പെന്‍സ് സ്‌റ്റോറിപോലെ ബാബുരാജ് പറഞ്ഞ അനുഭവകഥയുടെ ചെറിയൊരു സംഗ്രഹം ഞാന്‍ പറയാം.

സിയാദിന്റെ കൊച്ചി കോക്കേഴ്‌സ് തിയറ്ററിലെ ഒരു ജീവനക്കാരന്‍ കുത്തേറ്റു മരിക്കുന്ന സമയത്ത് ലോ കോളേജില്‍ തന്നോടൊപ്പം പഠിച്ചിരുന്ന രണ്ട് ആത്മമിത്രങ്ങളെ കാണാന്‍ ബാബുരാജ് അവിടെ എത്തി. അങ്ങനെ സാഹചര്യ തെളിവുകളുടെ പേരില്‍ ആ കേസില്‍ പ്രതിയാവുകയായിരുന്നു.

തുടര്‍ന്ന് വിചാരണ തടവുകാരനായി 90 ദിവസം ജയിലില്‍ കിടന്നെങ്കിലും കേസിന്റെ വിധി വന്നപ്പോള്‍ ബാബുരാജ് നിരപരാധിയാണെന്ന് കണ്ട് കോടതി വെറുതെ വിടുകയായിരുന്നു. ബാബുരാജ് അന്ന് പറഞ്ഞ ഒരു വാചകം ഇന്നും എന്റെ മനസിലുണ്ട്. ഒരു തെറ്റും ചെയ്യാതെ ജയിലില്‍ കഴിയേണ്ടി വരിക എന്നുവെച്ചാല്‍ മരിക്കുന്നതിന് തുല്യമാണ് ഡെന്നിച്ചായാ എന്നായിരുന്നു അത്.

കമ്പോളത്തിന് ശേഷം താനെഴുതിയ തുമ്പോളിക്കടപ്പുറത്തിലും ബാബുരാജിന് തരക്കേടില്ലാത്ത ഒരു വേഷം കൊടുത്തെന്നും തുടര്‍ന്ന് വിജി തമ്പിയുടെ മാന്ത്രിക കുതിരയിലെ അതിഭീകര വില്ലന്‍ വേഷം കൂടി ലഭിച്ചപ്പോള്‍ ബാബുരാജിനെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നും അതോടെ ബാബുരാജിന്റെ സമയം തെളിയുകയായിരുന്നെന്നും കലൂര്‍ ഡെന്നീസ് പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Script Writer Kaloor Dennis Share Experience with actor Baburaj