Entertainment news
ആ കാര്യം മോഹന്‍ലാല്‍ ഉണ്ണികൃഷ്ണന്‍ സിനിമയില്‍ പറയുന്നതാണോ പ്രശ്‌നം? അതിന്റെ ക്ലൈമാക്‌സ് എന്റെ കയ്യില്‍ നിന്നും പാളിപ്പോയതാണ്: ബി. ഉണ്ണികൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 21, 11:14 am
Tuesday, 21st March 2023, 4:44 pm

തന്റെ സിനിമയില്‍ പണം മുടക്കി വലിയ നഷ്ടം സംഭവിച്ച നിര്‍മാതാക്കള്‍ ഇല്ലെന്ന് തിരക്കഥാകൃത്ത് ബി. ഉണ്ണികൃഷ്ണന്‍. എല്ലാ സിനിമകള്‍ക്കും ബിസിനസ് നടക്കാറുണ്ടെന്നും എന്നിട്ടും ആളുകള്‍ എന്തുകൊണ്ടാണ് തന്നോട് അനീതി കാട്ടുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വില്ലന്‍ എന്ന സിനിമയിലെ മോഹന്‍ലാലിന്റെ ഡയലോഗുകള്‍ക്ക് വന്ന വിമര്‍ശനത്തേക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇതേ ഡയലോഗുകള്‍ മോഹന്‍ലാല്‍ മറ്റൊരു സംവിധായകന്റെ സിനിമയില്‍ പറഞ്ഞാല്‍ ആളുകള്‍ കയ്യടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എന്റെ സിനിമയില്‍ പണം മുടക്കിയിട്ട് ഭയങ്കര നഷ്ടം സംഭവിച്ച സംവിധായകര്‍ കുറവാണ്. പരാജയം സംഭവിക്കുന്ന കാര്യത്തില്‍ ഞാന്‍ കുറേ അധികം മുകളിലാണെന്ന് തോന്നുന്നു. എല്ലാ സിനിമകള്‍ക്കും നല്ല ബിസിനസ് ഉണ്ടാവാറുണ്ട്. അതുകൊണ്ട് ആ കാര്യത്തില്‍ ഞാന്‍ ബോധവാനല്ല.

ഇപ്പോള്‍ എല്ലാ സിനിമകളിലും എന്റെ പ്രൊഡക്ഷന്‍ പങ്കാളിത്തമുണ്ട്. അപ്പോള്‍ അതിനകത്ത് എന്ത് നഷ്ടം വന്നാലും അത് എന്നെയും ബാധിക്കും. ആളുകള്‍ എന്ത് കൊണ്ടാണ് എന്നോട് അനീതി കാണിക്കുന്നതെന്ന് ഞാന്‍ അല്ല തീരുമാനിക്കേണ്ടത്.

ഞാനും ലാല്‍ സാറും ചെയ്ത പടങ്ങള്‍ എടുക്കുക. മാടമ്പി നല്ല വിജയം കൈവരിച്ച സിനിമയാണ്. ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന സിനിമയും ഹിറ്റാണ്. അതിന് ശേഷം മിസ്റ്റര്‍ ഫ്രോഡ് എന്നൊരു സിനിമ ചെയ്തു. അതിന്റെ ക്ലൈമാക്‌സ് എന്റെ കയ്യില്‍ നിന്നും പാടെ പാളിപ്പോയ സിനിമയാണ്. അതില്‍ ഒരു ചെറിയ നഷ്ടം വന്നു.

വില്ലന്‍ പക്ഷേ അങ്ങനെ അല്ല. വലിയ വിജയം ആയിരുന്നു. പിന്നെ ക്രിസ്റ്റഫര്‍ ഇറങ്ങിയപ്പോള്‍ എല്ലാവരും പറഞ്ഞു ഞാന്‍ എക്‌സ്ട്രാ ജുഡീഷ്യറിയെ വല്ലാതെ സെലിബ്രേറ്റ് ചെയ്യുന്നുണ്ടെന്ന്. വില്ലന്‍ ക്രിസ്റ്റഫെറില്‍ നിന്നും നേരെ ഓപ്പോസിറ്റാണ്.

എന്തുകൊണ്ട് ഒരാള്‍ക്ക് നിത്യജീവിതത്തില്‍ ഷേക്ക്സ്പിയറിന്റെ വരികള്‍ പറഞ്ഞുകൂടാ. ആ സിനിമയിലെ നായകന്‍ പറയുന്ന ഒരു വരിയെ ആണ് ആളുകള്‍ വിമര്‍ശിച്ചത്. ആ കാര്യം മോഹന്‍ലാല്‍ ഉണ്ണികൃഷ്ണന്‍ സിനിമയില്‍ പറയുന്നതാണോ പ്രശ്‌നം. അങ്ങനെ എനിക്ക് തോന്നാറുണ്ട്.

ഇതേ വരികള്‍ ഇതേ നടന്‍ മറ്റൊരു സംവിധായകന്റെ സിനിമയില്‍ പറഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷെ എനിക്ക് രോമാഞ്ചം വരുന്നുണ്ടെന്ന് ഇതേ നിരൂപകര്‍ പറയാനുള്ള ചാന്‍സ് ഉള്ളതായി എനിക്ക് തോന്നാറുണ്ട്,” ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

CONTENT HIGHLIGHT: script writer b. unnikrishnan about villan movie