ഇങ്ങനൊരു വിജയം ചരിത്രത്തിലാദ്യം; ഇവർ തകർത്തത് വെസ്റ്റ് ഇൻഡീസിന്റെ ആരും തൊടാത്ത റെക്കോഡ്
Cricket
ഇങ്ങനൊരു വിജയം ചരിത്രത്തിലാദ്യം; ഇവർ തകർത്തത് വെസ്റ്റ് ഇൻഡീസിന്റെ ആരും തൊടാത്ത റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 15th March 2024, 3:47 pm

സ്‌കോട്‌ലാന്‍ഡ്-യു.എ.ഇ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി സ്‌കോട്‌ലാന്‍ഡ്. പരമ്പരയിലെ അവസാന മത്സരത്തില്‍ യു.എ.ഇയെ 32 റണ്‍സിന് പരാജയപ്പെടുത്തി 2-1നാണ് സ്‌കോട്‌ലാന്‍ഡ് സീരീസ് വിജയിച്ചത്.

മത്സരത്തില്‍ 95 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ യു.എ.എ 62 റണ്‍സിന് പുറത്താവുകയായിരുന്നു.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് സ്‌കോട്‌ലാന്‍ഡ് സ്വന്തമാക്കിയത്. ഏകദിന പദവി ലഭിച്ച ഒരു ടീമിനെതിരെ ടി-20യില്‍ ഏറ്റവും ചെറിയ ടോട്ടല്‍ ഡിഫന്‍ഡ് ചെയ്യുന്ന ടീമെന്ന നേട്ടമാണ് സ്‌കോട്‌ലാന്‍ഡ് സ്വന്തമാക്കിയത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് വെസ്റ്റ് ഇന്‍ഡീസ് ആയിരുന്നു. 2014ല്‍ അയര്‍ലാന്‍ഡിനെതിരെയുള്ള മത്സരത്തില്‍ 96 റണ്‍സാണ് വിന്‍ഡീസ് ഡിഫന്‍ഡ് ചെയ്തത്.

ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ യു.എ.ഇ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലാന്‍ഡിനെ 19.4 ഓവറില്‍ 94 റണ്‍സിന് പുറത്താക്കുകയായിരുന്നു യു.എ.ഇ. സ്‌കോട്‌ലാന്‍ഡ് ബാറ്റിങ്ങില്‍ 18 പന്തില്‍ 21 റണ്‍സ് നേടിയ ജോര്‍ജ് മുന്‍സെയ് ആണ് ടോപ് സ്‌കോറര്‍. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും 20ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.

യു.എ.ഇ ബൗളിങ്ങില്‍ ആയന്‍ അഫ്‌സല്‍ ഖാന്‍, ഒമിദ് റഹ്‌മാന്‍ എന്നിവര്‍ മൂന്നു വിക്കറ്റും ആക്കിഫ് രാജ രണ്ടു വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി

മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇയെ ബ്രാഡിലി കൂരി, മാര്‍ക്ക് വാള്‍ട്ട്, ജാക്ക് ജാര്‍വിസ് എന്നിവര്‍ മൂന്നു വീതം വിക്കറ്റുകള്‍ വീഴ്ത്തികൊണ്ട് തകര്‍ക്കുകയായിരുന്നു. 25 പന്തില്‍ 28 റണ്‍സ് നേടിയ ആക്കിഫ് രാജയാണ് യു.എ.ഇയുടെ ടോപ് സ്‌കോറര്‍.

Content Highlight: Scotland create a new record in T20