മതിയായ ഹോസ്റ്റല്‍ സൗകര്യമില്ല; പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ പഠനം നിര്‍ത്തുന്നു
Dalit Life and Struggle
മതിയായ ഹോസ്റ്റല്‍ സൗകര്യമില്ല; പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ പഠനം നിര്‍ത്തുന്നു
ജിതിന്‍ ടി പി
Monday, 7th May 2018, 3:33 pm

നുദിനം വികസനത്തില്‍ കുതിക്കുമ്പോഴും പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ പഠനം നിര്‍ത്തിപ്പോകുന്നതിനുംകൂടി സാക്ഷിയാകുകയാണ് എറണാകുളം. പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭിക്കാത്തതിനാല്‍ പല വിദ്യാര്‍ത്ഥികളും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. കോടികള്‍ ചെലവഴിച്ച് സര്‍ക്കാര്‍ നിര്‍മ്മിച്ച പൈതൃകകേന്ദ്രത്തില്‍ താമസിക്കാന്‍ ആവശ്യത്തിനു മുറികളുണ്ടെന്നിരിക്കെയാണ് വിദ്യാര്‍ത്ഥികള്‍ പഠനം നിര്‍ത്തി കൂലിപ്പണിയ്ക്ക് പോകേണ്ട അവസ്ഥയിലെത്തിയിരിക്കുന്നത്.

” പഠനം തുടര്‍ന്നിരുന്നെങ്കില്‍ അവനിപ്പോള്‍ ഡിഗ്രി അവസാന വര്‍ഷ പരീക്ഷ എഴുതുമായിരുന്നു. കിലോമീറ്ററുകളോളം ദിവസവും യാത്ര ചെയ്ത് സമയത്ത് കോളേജിലെത്താന്‍ അവനാകുമായിരുന്നില്ല. അതിനാല്‍ പഠനം നിര്‍ത്തി. ഇപ്പോള്‍ കൂലിപ്പണിയ്ക്കു പോവുകയാണ്….”- മാമലക്കണ്ടം ആദിവാസിക്കുടിലിലെ മഹേഷ് മനുവിന്റെ മുത്തശ്ശിയുടെ വാക്കുകളാണിത്.

 

തൃപ്പുണ്ണിത്തുറ ആര്‍ട്‌സ്  കോളേജില്‍ ബി.എയ്ക്കു ചേര്‍ന്ന മഹേഷിന് പഠനം തുടരാന്‍ സാധിക്കാതിരുന്നത് ഹോസ്റ്റല്‍ സൗകര്യം ഇല്ലാതിരുന്നതാണ്. ഉള്‍ക്കാട്ടിലാണ് മഹേഷിന്റെ വീട്. രാവിലെ 9 മണിയ്ക്ക് കോളേജിലെത്തണമെങ്കില്‍ വന്യമൃഗങ്ങളുള്ള കാട് കടന്ന് പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങണം. ഇതെല്ലാം തരണം ചെയ്താലും യാത്രാച്ചെലവ് വഹിക്കാനുള്ള സാമ്പത്തികശേഷിയുമില്ല. ഇതെല്ലാം കണക്കിലെടുത്താണ് പേരക്കുട്ടി പഠനം നിര്‍ത്തിയതെന്ന് ലീല ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഇത് തന്റെ പേരക്കുട്ടിയുടെ മാത്രം അവസ്ഥയല്ലെന്നും ഇത്തരത്തില്‍ താമസസൗകര്യം ഇല്ലാത്തതിന്റെ പേരില്‍ നിരവധി കുട്ടികള്‍ വിദ്യാഭ്യാസം നിര്‍ത്തിയിട്ടുണ്ടെന്നും ലീല പറയുന്നു. ” ഡിഗ്രി കഴിഞ്ഞവര്‍ മാത്രമല്ല പത്താം ക്ലാസും പ്ലസ് ടുവും കഴിഞ്ഞിട്ടും പഠനം നിര്‍ത്തിയ ഒരുപാട് കുട്ടികള്‍ ഉണ്ട്.”

 

ഗോത്ര പൈതൃകകേന്ദ്രം

അതേസമയം സര്‍ക്കാര്‍ ചിലവില്‍ നിര്‍മ്മിച്ചിട്ടുള്ള ഗോത്ര പൈതൃകകേന്ദ്രം എറണാകുളത്ത് നിലനില്‍ക്കെത്തന്നെയാണ് പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ താമസസൗകര്യം ഇല്ലാത്തതിന്റെ പേരില്‍ പഠനം നിര്‍ത്തുന്ന സാഹചര്യം നേരിടുന്നതെന്ന് ആദി ദ്രാവിഡ സാംസ്‌കാരിക സഭ മധ്യമേഖല സെക്രട്ടറി സോമന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ” പട്ടികവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ഇവിടെ ഹോസ്റ്റല്‍ സൗകര്യമില്ല. എറണാകുളത്ത് രണ്ട് ഹോസ്റ്റലുണ്ട്. രണ്ടും പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. വയനാട്, അട്ടപ്പാടി, കാസര്‍കോട്, എന്നീ മേഖലകളിലെ കുട്ടികള്‍ക്ക് എറണാകുളം മഹാരാജാസിലോ മറ്റ് കോളേജുകളിലോ അഡ്മിഷന്‍ ലഭിച്ചാല്‍ താമസിക്കാനുള്ള സൗകര്യം ഇല്ല. “

മഹേഷിന്റെ പഠനത്തില്‍ അധ്യാപകര്‍ സഹായിച്ചതുകൊണ്ടാണ് രണ്ട്-മൂന്നു മാസം മുന്നോട്ടുപോയതെന്നും സോമന്‍ പറഞ്ഞു. ഹോസ്റ്റല്‍ സൗകര്യം ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് സര്‍ക്കാര്‍ 3000 രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ എറണാകുളം പോലെയുള്ള സ്ഥലത്ത് മറ്റ് ഹോസ്റ്റലുകള്‍ക്ക് മാസത്തില്‍ 5000 രൂപയാണെന്നിരിക്കെ സര്‍ക്കാര്‍ തുക അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനാലാണ് പല വിദ്യാര്‍ത്ഥികള്‍ക്കും പഠനം നിര്‍ത്തേണ്ടിവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

നേരത്തെ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതിന്റെ ഫലമായി രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യം ഏര്‍പ്പാടാക്കിയിരുന്നു. നിലവില്‍ പട്ടികവര്‍ഗ പൈതൃകകേന്ദ്രം ഉദ്ഘാടനം ചെയ്തിട്ട് മൂന്നുവര്‍ഷമായി. 25 മുറികളുണ്ട് അവിടെ. ഈ പൈതൃകകേന്ദ്രത്തില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യം ഏര്‍പ്പാടാക്കി കൊടുത്താല്‍ വിദ്യാര്‍ത്ഥികളുടെ പഠനം മുന്നോട്ടുപോകും. പല സ്ഥലത്തും ഹോസ്റ്റല്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. അത് കഴിയുന്നതുവരെ പൈതൃകകേന്ദ്രത്തില്‍ താമസസൗകര്യം ഏര്‍പ്പാടാക്കിക്കൊടുക്കണം. പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ പഠനം നിര്‍ത്തിപോകുന്നതിനെ ആരും ഗൗരവമായി കാണുന്നില്ലെന്നും സോമന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാരുടേയോ മറ്റ് ഉദ്യോഗസ്ഥരുടെയോ മക്കള്‍ക്ക് ഉയര്‍ന്ന് ഹോസ്റ്റല്‍ ഫീസ് പ്രശ്‌നമല്ല. എന്നാല്‍ കൂലിപ്പണിക്കാരുടെ മക്കളാണ് പഠനം നിര്‍ത്തേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. മഹേഷ് ഇപ്പോള്‍ കല്‍പ്പണിക്കാരുടെ കൂടെ പോയിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ സര്‍ക്കാര്‍ ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ പഠനം അവതാളത്തിലാകുമെന്നും ഈ വിഷയത്തിനു അടിയന്തര പരിഹാരം കാണണമെന്നും സോമന്‍ പറഞ്ഞു.

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.