ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷണറായി അരുണ്‍ ഗോയലിനെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കാണിച്ചത് അസാധാരണമായ തിടുക്കമെന്ന് ചൂണ്ടിക്കാണിച്ച സുപ്രീം കോടതിയോട് ‘ദയവായി വായ അടച്ച്’ വിഷയം പൂര്‍ണമായി പരിശോധിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി.
1985 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഗോയല്‍ ഒറ്റ ദിവസം കൊണ്ട് സ്വയം വിരമിച്ചെന്നും അദ്ദേഹത്തിന്റെ ഫയല്‍ നിയമ മന്ത്രാലയം ഒറ്റ ദിവസം കൊണ്ട് ക്ലിയര്‍ ചെയ്‌തെന്നും നാല് പേരടങ്ങുന്ന പാനല്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ വെച്ചെന്നും 24 മണിക്കൂറിനകം രാഷ്ട്രപതിയുടെ അനുമതി ലഭിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇത്തരത്തില്‍ തുടര്‍ച്ചയായ വിമര്‍ശനം വന്നതോടെയാണ് ‘ദയവായി വായ കുറച്ചുനേരത്തേക്ക് അടച്ച് വിഷയം പൂര്‍ണമായി പരിശോധിക്കൂ’ എന്ന് അറ്റോര്‍ണി ജനറല്‍ കോടതിയോട് ആവശ്യപ്പെട്ടത്.
ഗോയലിന്റെ നിയമനവുമായി ബന്ധപ്പെട്ട ഫയല്‍ ‘മിന്നല്‍ വേഗത്തില്‍’ ക്ലിയര്‍ ചെയ്തതായി ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു.
അരുണ്‍ ഗോയലിന്റെ യോഗ്യതയെ കുറിച്ച് ചോദ്യം ചെയ്യുന്നില്ലെന്നും, എന്നാല്‍ അദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച പ്രക്രിയയെ കുറിച്ചാണ് ചോദ്യം ചെയ്യുന്നതെന്നും വ്യക്തമാക്കി. ഇത് എന്തുതരം മൂല്യനിര്‍ണയമാണെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും നിയമനത്തിന് കൊളീജിയം പോലുള്ള സംവിധാനം വേണമെന്ന ഒരു കൂട്ടം ഹരജികളാണ് ബെഞ്ച് പരിഗണിക്കുന്നത്. അരുണ്‍ ഗോയലിന്റെ നിയമനം ശരിയായ രീതിയിലല്ല നടന്നതെന്ന് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ബെഞ്ചിന് മുമ്പാകെ ബോധിപ്പിച്ചിരുന്നു.
വിരമിച്ച ഉദ്യോഗസ്ഥരെയാണ് സാധാരണ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുക എന്നിരിക്കെ, അരുണ്‍ ഗോയലിനെ സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കാന്‍ കേന്ദ്രം അനുമതി നല്‍കുകയും തൊട്ടടുത്ത ദിവസം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുകയുമായിരുന്നുവെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മേയ് മാസം മുതല്‍ ഒഴിഞ്ഞുകിടക്കുന്ന ഒഴിവിലേക്കാണ് തിടുക്കത്തില്‍ സര്‍ക്കാര്‍ നിയമനം നടത്തിയതെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.
അതേസമയം, നവംബര്‍ 19ന് വൈകീട്ട് ഏഴ് മണിയോടെയാണ് വിരമിച്ച പഞ്ചാബ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അരുണ്‍ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്രം പുറത്തിറക്കിയത്.
ഡിസംബറില്‍ ഗുജറാത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അരുണ്‍ ഗോയലിനെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചുള്ള പ്രഖ്യാപനം.