ക്രൈം റിപ്പോർട്ടിങ്ങിൽ മാധ്യമങ്ങൾക്ക് മാർഗ്ഗനിർദേശം തയ്യാറാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് ഉത്തരവ് നൽകി സുപ്രീംകോടതി
national news
ക്രൈം റിപ്പോർട്ടിങ്ങിൽ മാധ്യമങ്ങൾക്ക് മാർഗ്ഗനിർദേശം തയ്യാറാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് ഉത്തരവ് നൽകി സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th September 2023, 4:05 pm

ന്യൂദൽഹി: കുറ്റകൃത്യ റിപ്പോർട്ടിങ്ങിൽ അച്ചടി, ദൃശ്യ, സാമൂഹിക മാധ്യമങ്ങൾക്ക് മാർഗനിർദേശം തയ്യാറാക്കാൻ സുപ്രീംകോടതി ഉത്തരവ്.
ഒരു മാസത്തിനകം മാർഗ്ഗനിർദേശം തയ്യാറാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ ഉത്തരവിൽ പറയുന്നു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട റിപ്പോർട്ടിങ് മാധ്യമ വിചാരണയിലേക്ക് പോകുന്നുണ്ടെന്നും ഇത് തടയുന്നതിനാണ് മാർഗ നിർദേശം തയ്യാറാക്കണമെന്ന ഉത്തരവ് നൽകുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഇത് സംബന്ധിച്ച പൊതുതാല്പര്യ ഹരജികൾ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ് ഉണ്ടായത്.
പൊലീസിന്റെ ഭാഗത്ത്‌ നിന്ന് മാധ്യമങ്ങൾക്ക് നൽകുന്ന വിവരങ്ങൾ മാധ്യമ വിചാരണയ്ക്ക് കാരണമാകരുതെന്നും ഇരകളുടെയും പ്രതികളുടെയും സ്വകാര്യത കൂടി മനസ്സിലാക്കണം എന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.

സംസ്ഥാന ഡി.ജി.പിമാരുടെയും മനുഷ്യാവകാശ കമ്മീഷന്റെയും ബന്ധപ്പെട്ട വിദഗ്ധരുടെയും നിർദേശങ്ങൾ പരിഗണിച്ച് വേണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാർഗ്ഗനിർദേശം രൂപപ്പെടുത്താൻ എന്നും കോടതി വ്യക്തമാക്കി.

കുറ്റകൃത്യവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ വിവരങ്ങൾ ശേഖരിക്കുമ്പോൾ, അതിന് നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തണം എന്നും സുപ്രീം കോടതി വ്യക്തമാക്കി.
സാധാരണ, മാധ്യമ സ്ഥാപനങ്ങളിൽ റിപ്പോർട്ടർമാർ വാർത്ത ലഭിക്കുവാൻ പല തരത്തിലുള്ള ഉറവിടങ്ങൾ തേടാറുണ്ട്. ഇങ്ങനെ പല ഉറവിടങ്ങൾ തേടുമ്പോൾ രഹസ്യസ്വഭാവമുള്ള പല റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇത് തടയുന്നതിനാണ് നോഡൽ ഓഫീസർമാരെ നിയോഗിക്കുന്നത്.

ക്രൈം റിപ്പോർട്ടിങ്ങിൽ പ്രതികളുടെയും ഇരകളുടെയും ബന്ധുക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കണമെന്നും സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകണമെന്നും കോടതി നിർദേശമുണ്ട്. മാധ്യമ സ്വാതത്ര്യത്തിന് തടസമാകാത്ത രീതിയിൽ വേണം മാർഗ്ഗനിർദേശം രൂപപ്പെടുത്താനെന്നും കോടതി ഉത്തരവിൽ ഉണ്ട്.

Content Highlight: SC orders center to make guidelines for crime reporting