23 വര്‍ഷം പഴക്കമുള്ള കേസ്; സുര്‍ജേവാലയ്ക്ക് അറസ്റ്റില്‍ നിന്ന് സുപ്രീം കോടതിയുടെ ഇടക്കാല സംരക്ഷണം
national news
23 വര്‍ഷം പഴക്കമുള്ള കേസ്; സുര്‍ജേവാലയ്ക്ക് അറസ്റ്റില്‍ നിന്ന് സുപ്രീം കോടതിയുടെ ഇടക്കാല സംരക്ഷണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th November 2023, 3:53 pm

ന്യൂദല്‍ഹി: 23 വര്‍ഷം പഴക്കമുള്ള കേസിലെ ജാമ്യമില്ലാ വാറന്റില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാലയ്ക്ക് ഇടക്കാല സംരക്ഷണം അനുവദിച്ച് സുപ്രീം കോടതി. അഞ്ചാഴ്ചത്തേക്കാണ് കോടതി സംരക്ഷണം അനുവദിച്ചത്.

ജാമ്യമില്ലാ വാറന്റ് റദ്ദാക്കാന്‍ വാരണാസി കോടതിയില്‍ ഹാജരാകാന്‍ നാലാഴ്ച സമയം നല്‍കുന്നതായി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. ആര്‍ട്ടിക്കിള്‍ 32 പ്രകാരം സമര്‍പ്പിച്ച റിട്ട് ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.

23 വര്‍ഷം മുന്‍പ് നടന്ന കേസില്‍ കോണ്‍ഗസ് ജനറല്‍ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എം.എം. സിങ്‌വി കോടതിയില്‍ പറഞ്ഞു.

എന്തിനാണ് സുപ്രീം കോടതിയില്‍ വന്നതെന്നും നിങ്ങള്‍ ഹൈക്കോടതി സമീപിക്കുവെന്നും ബെഞ്ച് സിങ്‌വിയോട് പറഞ്ഞു.

ഹൈക്കോടതിയില്‍ പോയെങ്കിലും അവര്‍ ഉത്തരവിറക്കിയില്ലെന്നും അടിയന്തര പരാമര്‍ശം നിരസിച്ചെന്നും അഭിഭാഷകന്‍ ചൂണ്ടികാട്ടി. ക്രിമനല്‍ പ്രൊസീജ്യര്‍ കോഡിലെ 482 വകുപ്പ് പ്രകാരം ഹരജിക്കാരന്‍ സമര്‍പ്പിച്ച ഹരജിയില്‍ അലഹബാദ് ഹൈക്കോടതി വിധി പറയാന്‍ മാറ്റിവെച്ചെങ്കിലും നിയുക്ത കോടതി ജാമ്യമില്ലാ വാറന്റ് നല്‍കിയെന്ന് സിങ്വി പറഞ്ഞു.

482 വകുപ്പ് പ്രകാരം ഹരജി മാറ്റി വെച്ചിരിക്കെ ജ്യാമമില്ലാ വാറന്റ് നല്‍കേണ്ടതിന്റെ ആവശ്യം എന്തായിരുന്നു എന്ന് അദ്ദേഹം ചോദിച്ചു.
ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച വിധിക്കെതിരെ തന്റെ കക്ഷി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് പരിഗണിച്ചില്ലെന്ന് അദ്ദേഹം കൂട്ടിച്ചര്‍ത്തു.

വാറന്റിനെതിരെ കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി സുര്‍ജേവാലയോട് നിര്‍ദ്ദേശിച്ചു. ഇതിന് അഞ്ചാഴ്ച സമയം അനുവദിച്ചു.      ഇത് വരെ വാറന്റ് നടപ്പാക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

2000ത്തില്‍ വാരണാസിയിലെ സാംവാസിനി അഴിമതിയില്‍ കോണ്‍ഗ്രസ് നേതാക്കളെ തെറ്റായി പ്രതിക്കൂട്ടിലാക്കിയെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായിരുന്ന രണ്‍ദീപ് സുര്‍ജേവാല തന്റെ അനുയായികള്‍ക്കൊപ്പം പ്രതിഷേധിച്ചിരുന്നു. പ്രതിഷേധ ജാഥക്കിടയില്‍ പൊതുസ്വത്ത് നശിപ്പിക്കുകയും കല്ലെറിയുകയും പൊതുപ്രവര്‍ത്തകരെ അവരുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്തുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് വാരണാസിയിലെ കാന്റ് പോലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

content highlight: SC grants protection from arrest to Congress leader Randeep Surjewala in 23-year-old case